ADVERTISEMENT

ന്യൂഡൽഹി∙ ലോക്ഡൗണിനിടെ എത്തിയ ജന്മദിനത്തിൽ ഒളിംപ്യൻ മേരി കോമിന്റെ ഏഴു വയസ്സുകാരൻ മകന് സർപ്രൈസ് ഒരുക്കി ‍ഡൽഹി പൊലീസ്. രാജ്യസഭാ എംപി കൂടിയായ മേരി കോമിന്റെ ഇളയ മകൻ പ്രിൻസ് കോമിന്റെ ജന്മദിനത്തിലാണ് ‍ഡൽഹി പൊലീസ് കേക്കുമായെത്തി കുടുംബത്തെ ഞെട്ടിച്ചത്. അപ്രതീക്ഷിതമായി വീടിന്റെ ഗെയ്റ്റ് കടന്നെത്തിയ പൊലീസ് സംഘം, ‘ഹാപ്പി ബർത്ത് ഡേ’ പാടിക്കൊണ്ടാണ് വീട്ടുമുറ്റത്തെത്തിയത്. തുടർന്ന് പ്രിൻസിനൊപ്പം കേക്കുമുറിച്ച് ജന്മദിനാശംസകളും നേർന്നാണ് പൊലീസ് സംഘം മടങ്ങിയത്.

തുഗ്ലക്റോഡ് പൊലീസ് സ്റ്റേഷനിൽനിന്ന് എസിപി പ്രഗ്യാ തിവാരിയുടെ നേതൃത്വത്തിലാണ് പൊലീസുകാർ കേക്കുമായി മേരി കോമിന്റെ വീട്ടിലെത്തിയത്. ആഘോഷങ്ങൾക്കു പിന്നാലെ ഇതിന്റെ വിഡിയോ സഹിതം മേരി കോം ഡൽഹി പൊലീസിന് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു.

‘എന്റെ ഇളയ മകൻ പ്രിന്‍സ് കോമിന് അവിസ്മരണീയമായൊരു ജന്മദിനം സമ്മാനിച്ച ന്യൂഡൽഹി ഡിസിപിക്ക് നന്ദി. നിങ്ങളാണ് യഥാർഥ മുന്നണിപ്പോരാളികൾ. നിങ്ങളുടെ സമർപ്പണത്തിനും ആത്മാർഥതയ്ക്കും ഹൃദയം നിറഞ്ഞ നന്ദി’ – ഡൽഹി പൊലീസിനെയും ഡൽഹി ലഫ്. ഗവർണറെയും പ്രഗ്യാ തിവാരിയെയും ടാഗ് ചെയ്ത് മേരി കോം കുറിച്ചു.

കൊറോണ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഇന്ത്യയിൽ ലോക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കാനിരിക്കെ, വീടുകളിൽ കുടുങ്ങിപ്പോയ ആളുകളുടെ മനോബലം ഉയർത്തുന്നതിനായിട്ടാണ് ഡൽഹി പൊലീസ് ജൻമദിനാഘോഷം പോലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. മുതിർന്ന പൗരന്‍മാരും കുട്ടികളുമുൾപ്പെടെയുള്ളവരുടെ ജന്മദിനങ്ങൾ ആഘോഷിക്കാൻ ഡൽഹി പൊലീസ് കേക്കുമായി എത്തുന്നത് പതിവു കാഴ്ചയാണ്. അതേസമയം, പണക്കാരുടെ വീടുകൾ കേന്ദ്രീകരിച്ച് ഇത്തരം ആഘോഷങ്ങൾ നടത്തുന്നതിൽ വിമർശനവും ശക്തമാണ്.

English Summary: Mary Kom thanks Delhi Police for celebrating her son's birthday amid coronavirus lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com