ADVERTISEMENT

വിജയികൾക്കുള്ള വെള്ളിക്കപ്പുമായി പോഡിയത്തിൽ നിന്ന പതിനെട്ടുകാരൻ പയ്യനോട് ഒരു ഫൊട്ടോഗ്രഫർ പറഞ്ഞു: ‘സുഹൃത്തേ, അടുത്തുനിൽക്കുന്ന ആ പതിനാലുകാരിയുടെ കവിളിൽ ഒരു മുത്തം കൊടുത്താൽ എനിക്കൊരു നല്ല ചിത്രം കിട്ടും!’ 1976ലെ അമേരിക്കൻ കപ്പ് ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പിൽ ജേതാവായ യുഎസിന്റെ ബാർട്ട് കോണറായിരുന്നു ആ പതിനെട്ടുകാരൻ. പതിനാലുകാരി റുമേനിയയുടെ നാദിയ കൊമനേച്ചിയും. പത്രഫൊട്ടോഗ്രഫർ ആവശ്യപ്പെട്ടതുപോലെ കോണർ നാദിയയുടെ കവിളിൽ ചെറിയൊരു മുത്തം കൊടുത്തു. ക്ലിക്ക്! ആ ചിത്രം പിറ്റേന്നു സൂപ്പർ ഹിറ്റായി.

ആ കൗമാരക്കാർക്ക് അന്ന് അതൊരു തമാശ മാത്രമായിരുന്നു. 20 വർഷത്തിനു ശേഷം വിവാഹവേദിയിൽ സമാനമായൊരു ചിത്രമെടുക്കാൻ മറ്റൊരു ഫൊട്ടോഗ്രഫർ ഉണ്ടാകുമെന്ന കാര്യം ആരെങ്കിലും ചിന്തിക്കുമോ? മൂന്നു മാസത്തിനുശേഷം 1976 മോൺട്രിയോൾ ഒളിംപിക്സിൽ നാദിയ ചരിത്രമെഴുതി; ജിംനാസ്റ്റിക്സിലെ ആദ്യ പെർഫെക്ട് 10 സ്‌കോർ നേടി ഇതിഹാസമായി. പക്ഷേ, കോണർ നേടിയത് 46-ാം സ്ഥാനം മാത്രം. പിന്നാലെ രണ്ടുപേരും രണ്ടുവഴിക്കു പോയി.

∙ കണ്ടും പറഞ്ഞും

നാലു വർഷം കഴിഞ്ഞ് 1980ലെ മോസ്‌കോ ഒളിംപിക്‌സിൽ നാദിയ തകർപ്പൻ പ്രകടനത്തിലൂടെ സകലരുടെയും ശ്രദ്ധ നേടി. യുഎസിന്റെ ബഹിഷ്കരണം മൂലം കോണർക്കു മോസ്കോയിലെ മേളയിൽ പങ്കെടുക്കാനായില്ല. എന്നാൽ, 1984ലെ ലൊസാഞ്ചൽസ് ഒളിംപിക്‌സ് കോണറുടേതായിരുന്നു; 2 സ്വർണം. പക്ഷേ, റുമേനിയയിലെ രാഷ്ട്രീയപ്രശ്‌നങ്ങൾമൂലം നാദിയ മത്സരിച്ചില്ല. ഇതിനിടെ 1981ൽ നാദിയ യുഎസിൽ ഒരു മത്സരത്തിൽ പങ്കെടുക്കാൻ പോയി. അന്നു കോണർ അവിടെയുണ്ടായിരുന്നു; പക്ഷേ, അവർക്കിടയിൽ പ്രണയമുണ്ടായിരുന്നില്ല.

nadia
1976ലെ അമേരിക്കൻ കപ്പ് ജിംനാസ്റ്റിക്സ് സമ്മാനദാനച്ചടങ്ങിൽ നാദിയയുടെ കവിളിൽ മുത്തം കൊടുക്കുന്ന കോണർ.

∙ വിവാഹസംഭവം

റുമേനിയൻ വിപ്ലവത്തിനു തൊട്ടുമുൻപ് 1989ൽ നാദിയ യുഎസിലേക്കു കടന്നു. അവിടെ വേണ്ട സൗകര്യങ്ങളൊരുക്കിയതു കോണറായിരുന്നു. പക്ഷേ, അക്കാലത്തും പ്രണയത്തെക്കുറിച്ച് തങ്ങൾ ചിന്തിച്ചിട്ടില്ലെന്നു കോണർ പറയുന്നു. എന്നാൽ, പതിയെപ്പതിയെ ഇരുവർക്കുമിടയിൽ സൗഹൃദം വളർന്നു. കോണറുടെ ജിംനാസ്റ്റിക്‌സ് സ്‌കൂളിനു പിന്തുണയുമായി നാദിയ രംഗത്തിറങ്ങി. അവിടെയായിരുന്നു തുടക്കം. പിന്നീട് അതിശക്തമായ പ്രണയം.

nadia-family
നാദിയയും കോണറും മകൻ ഡിലനൊപ്പം.

1996ൽ ഇരുവരും വിവാഹിതരായി. നാദിയയ്ക്ക് അന്നു പ്രായം 34. കോണർക്കു മുപ്പത്തിയെട്ടും. വിവാഹം നടന്നതു റുമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിലാണ്. ദേശീയ ടെലിവിഷൻ ചാനൽ വിവാഹച്ചടങ്ങുകൾ തൽസമയം സംപ്രേഷണം ചെയ്തു. തങ്ങളുടെ വീരനായികയുടെ വിവാഹം കാണാൻ റുമേനിയക്കാർ ജോലിക്കുപോലും പോകാതെ വീട്ടിലിരുന്നു.

വിവാഹനാളുകളിൽ കോണർ പറഞ്ഞു: ‘ഇനി മുതൽ മിസ്റ്റർ നാദിയ കൊമനേച്ചി എന്നറിയപ്പെടാനാണ് എനിക്ക് ആഗ്രഹം.’

യുഎസിൽ താമസിക്കുന്ന ഇരുവരുടെയും ദാമ്പത്യജീവിതത്തിന്റെ രജതജൂബിലി വർഷമാണിത്. നാദിയയ്ക്കും (58) കോണറിനും (62) കൂട്ടായി മകൻ ഡിലൻ (15 വയസ്സ്) ഒപ്പമുണ്ട്.

English Summary: Nadia Comaneci and Bart Conner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com