ADVERTISEMENT

1984ലെ ലൊസാഞ്ചൽസ് ഒളിംപിക്സിൽ പങ്കെടുത്തശേഷം ഷൈനി ഏബ്രഹാം (അന്നത്തെ പേര്)  വീട്ടിൽ തിരിച്ചെത്തിയ സമയം. പിതാവ് കുരിശിങ്കൽ പി.കെ.ഏബ്രഹാം ഷൈനിയോടു പറഞ്ഞു: ‘മോളേ, നിനക്കു കുറച്ചു കത്തുകൾ വന്നിട്ടുണ്ട്.....’ അതു കണ്ടു ഷൈനിഞെട്ടി: അരച്ചാക്ക് നിറയെ കത്തുകൾ. കൂടുതലും പ്രേമലേഖനങ്ങൾ! അതിലൊന്നിൽപ്പോലും വീഴാതിരുന്ന ഷൈനി 2 മാസം കഴിഞ്ഞപ്പോൾ രാജ്യാന്തര നീന്തൽതാരം വിൽസൻ ചെറിയാനുമായി പ്രണയത്തിലായതും 88ൽ വിൽസനെ പേരിനൊപ്പം ചേർത്തതും ചരിത്രം.

സൂപ്പർതാരങ്ങൾ

ഡൽഹി ഏഷ്യൻ ഗെയിംസിൽ ഓടാനിറങ്ങുമ്പോൾ ഷൈനിക്കു പ്രായം 16. ലൊസാഞ്ചൽ‌സിൽ 400 മീറ്ററിൽ സെമിയിൽക്കടന്ന്, ഒളിംപിക്സിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടത്തിന് ഉടമയാകുമ്പോൾ 18 വയസ്സ്. പാലാക്കാരൻ വിൽസൻ ചെറിയാൻ അന്നു നീന്തൽക്കുളത്തിലെ സ്വർണമത്സ്യമായിരുന്നു. 10–ാം ക്ലാസിൽ പഠിക്കുമ്പോൾ  ദേശീയ സീനിയർ ചാംപ്യനായി. 13 വർഷം തുടർച്ചയായി ദേശീയ ചാംപ്യനായി. 17–ാം വയസ്സിൽ റെയിൽവേയിൽ ജോലിക്കു കയറി. ഒളിംപിക്സിനു തൊട്ടുപിന്നാലെ നടന്ന 1984ലെ കാഠ്മണ്ഡു സാഫ് ഗെയിംസ് ഇരുവരെയും ഒന്നിപ്പിച്ചു.

ഇഷ്ടമാണ് നൂറുവട്ടം

കാഠ്മണ്ഡു ദിനങ്ങളിലൊന്നിൽ വി‍ൽസന്റെ സുഹൃത്ത് ജേക്കബ് പ്രണയദൂതുമായി ഷൈനിയുടെ റൂംമേറ്റ് ലിസ്സിയെക്കണ്ടു. വി‍ൽസന്റെ ഇഷ്ടത്തിന് യെസ് പറയും മുൻപേ ഷൈനി ആ വിവരം നാട്ടിൽ അമ്മ മറിയാമ്മയെ അറിയിച്ചു. വിൽസനും വിവരം മാതാവ് ഏലിക്കുട്ടിയെ അറിയിച്ചു. മക്കളുടെ മനസ്സ് അടുക്കുന്നതിനു മുൻപേ പാലാ ചക്കാലയിൽ സി.കെ.ചെറിയാനും കുരിശിങ്കൽ ഏബ്രഹാമും നേരി‍ൽക്കണ്ട് എല്ലാം അങ്ങുറപ്പിച്ചു. അതോടെ, പ്രണയത്തിനു ലൈസൻസായി. പാലാ അൽഫോൻസാ കോളജിൽ ഷൈനി പഠിക്കുമ്പോൾ മീനച്ചിലാറിന്റെ മറുകരയിലുള്ള വിൽസന്റെ വീട് വിളിപ്പുറത്തായിരുന്നെങ്കിലും അക്കാലത്ത് ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നില്ല.

എന്തുകൊണ്ട് ഷൈനിയോട് ഇഷ്ടം തോന്നി? ‘ഞാനും ജേക്കബും ഒരേ മുറിയിലായിരുന്നു. പൊതുവെ അത്ര സംസാരിക്കാത്ത ഞാൻ ഒളിംപിക്സിലെ ഷൈനിയുടെ ഓട്ടത്തെപ്പറ്റി വാചാലനായപ്പോൾ ഷൈനിയെ അത്രയ്ക്ക് ഇഷ്ടമാണോയെന്നു ചോദിച്ചതു ജേക്കബാണ്. അതെ എന്നു ഞാൻ പറഞ്ഞു. കല്യാണം കഴിക്കാൻ ഇഷ്ടമാണോ എന്നായി ജേക്കബ്. അതിനെന്താ കുഴപ്പം എന്നു ഞാനും. അതോടെ ജേക്കബ് എല്ലാം ശരിയാക്കി’ – വിൽസൻ പറയുന്നു.

32 വർഷങ്ങൾ

1988ലെ സോൾ ഒളിംപിക്സ് കഴിഞ്ഞയുടൻ വിവാഹം. ഷൈനിക്ക് അന്ന് 22 വയസ്സ്. വിൽസന് 24. 1990ൽ മകൾ ശിൽപ പിറന്നു. മകൾക്ക് 9 മാസം മാത്രം പ്രായമുള്ളപ്പോൾ ഷൈനി ട്രാക്കിൽ തിരിച്ചെത്തി; ദേശീയ ചാംപ്യനായി. പിന്നീട്, ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഉൾപ്പെടെ മെഡൽ നേടി. 84 മുതൽ തുടർച്ചയായി 4 ഒളിംപിക്സുകളിൽ ഷൈനി ഇന്ത്യൻ കുപ്പായമിട്ടു. 92ൽ ബാർസിലോനയിൽ ഇന്ത്യൻ ക്യാപ്റ്റനായി. 96ലെ അറ്റ്‌ലാന്റ ഒളിംപിക്സിനുശേഷം വിരമിച്ചു. സാന്ദ്ര, ഷെയ്ൻ എന്നിവരാണു ഷൈനി–വിൽസൻ ദമ്പതികളുടെ മറ്റു മക്കൾ. 

വിൽസൻ ഇപ്പോൾ റെയിൽവേയിൽ സീനിയർ സ്പോർട്സ് ഓഫിസർ. ഷൈനി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ജനറൽ മാനേജർ. കൊച്ചുമകൻ ജൊവാന്റെ കൈപിടിച്ച് ഇരുവരും വിവാഹജീവിതത്തിന്റെ 32–ാം വർഷത്തിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com