ADVERTISEMENT

ജമൈക്കയുടെ പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച ഒരു സന്തോഷ വാർത്ത  ലോകത്തെ അറിയിച്ചു: ‘ഞങ്ങളുടെ ഇതിഹാസ താരം ഉസൈൻ ബോൾട്ട് പിതാവായിരിക്കുന്നു’. ബോൾട്ടിന്റെ പങ്കാളി കാസി ബെന്നറ്റ് പെൺകുഞ്ഞിനു ജന്മം നൽകിയ വിവരം ലോകത്തോടു വിളിച്ചുപറഞ്ഞത് ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രു ഹോനെസ്! സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആ സന്തോഷവിവരം ആദ്യമായി അറിയിച്ചത്.

ജമൈക്ക, ഇത് സ്ഥലം വേറെ!

ലോകത്തെ ഏതു രാജ്യത്താണെങ്കിലും ഇത് പതിവുള്ളതല്ല. രാജ്യത്തെ ഏത് ഉന്നതവ്യക്തിയാണെങ്കിലും അയാൾക്ക് ഒരു കുഞ്ഞു പിറക്കുമ്പോൾ അത് ലോകത്തെ അറിയിക്കുന്നത് പ്രധാനമന്ത്രിയുടെ പണിയല്ല. പക്ഷേ ജമൈക്ക അങ്ങനെയാണ്. അവിശ്വസനീയമായ അംഗീകാരവും കരുതലും ബഹുമാനവുമാണ്  ജമൈക്കയിലെ രാഷ്ട്രീയനേതൃത്വം കായികതാരങ്ങൾക്ക് നൽകി വരുന്നത്. 

Andrew Holness
ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രു ഹോനെസ്

2008 ബെയ്ജിങ് ഒളിംപിക്സിൽ സ്പ്രിന്റ് ഇനങ്ങളിൽ, അതും ലോക റെക്കോർഡോടെ, മൂന്നു സ്വർണവുമായി നാട്ടിൽ തിരിച്ചെത്തിയ ബോൾട്ടിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തുകയായിരുന്നു അന്നത്തെ പ്രധാനമന്ത്രി ബ്രൂസ് ഹോൾഡിങ്. കായികലോകം കീഴടക്കി, ജമൈക്കയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച്, ബോൾട്ട് നാട്ടിൽ വിമാനമിറങ്ങുമ്പോൾ സ്വീകരിക്കാൻ അവിടെയുണ്ടാകണമെന്ന് പ്രധാനമന്ത്രിക്ക് നിർബന്ധമുണ്ടായിരുന്നു.  ബോൾട്ടിനെ പ്രധാനമന്ത്രി ഹോൾഡിങ് ഹസ്‌തദാനം ചെയ്‌ത് സ്വീകരിച്ചത് വിമാനത്താവളത്തിലെ ടാർമാക്കിൽവച്ചും.

മാൻലി എന്ന ‘അത്‌ലീറ്റ്’ പ്രധാനമന്ത്രി

വെസ്‌റ്റിൻഡീസ് ദ്വീപുസമൂഹത്തിൽപ്പെട്ട ജമൈക്കയിൽ അച്‌ഛനും മകനും രാഷ്‌ട്രത്തലവൻമാരായി എന്നു മാത്രമല്ല ഇരുവരും സ്‌പോർട്‌സിനെ, പ്രത്യേകിച്ച് അത്‌ലറ്റിക്‌സിനെ ഏറെ പ്രോൽസാഹിപ്പിച്ചു എന്ന പ്രത്യേകതയും ഉണ്ട്. രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുംമുൻപ് പ്രധാനമന്ത്രിയുടെ സ്‌ഥാനത്ത് മുഖ്യമന്ത്രിയായിരുന്നു ഭരണത്തലവൻ.

1955 മുതൽ 59 വരെ മുഖ്യമന്ത്രിയും 1962 വരെ പ്രധാനമന്ത്രിസ്‌ഥാനവും വഹിച്ച നോർമൻ വാഷിങ്‌ടൻ മാൻലി മികച്ചൊരു അത്‌ലീറ്റുകൂടിയായിരുന്നു. ദേശീയ സ്‌കൂൾ തലത്തിൽ സ്‌പ്രിന്റ് ചാംപ്യനായിരുന്നു മാൻലി. ആ മാൻലിയുടെ കാലത്ത് ജമൈക്കയിൽ പുതിയൊരു കായികസംസ്കാരം തന്നെ ഉടലെടുത്തിരുന്നു.  അദ്ദേഹത്തിന്റെ മകൻ മൈക്കൽ മാൻലിയും പിന്നീട് അവിടെ പ്രധാനമന്ത്രിയായി (1972–80, 1989–92). 

ജമൈക്കൻ അത്‌ലീറ്റുകളുടെ രക്ഷിതാവ് എന്നാണ് മൈക്കൽ മാൻലി അറിയപ്പെട്ടിരുന്നത്. ജമൈക്കൻ അത്‌ലീറ്റുകൾ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത് തടയാൻ മൈക്കൽ മാൻലി ഏറെ പണിപ്പെട്ടു. ബെൻ ജോൺസൺ, ലിൻഫോർഡ് ക്രിസ്റ്റി, ഡൊണോവാൻ ബെയ്‍ലി തുടങ്ങിയ ഇതിഹാസതാരങ്ങൾ ജമൈക്കയിലാണ് പിറന്നതെങ്കിലും ഇവരൊക്കെ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഇവരൊക്കെ ട്രാക്കിൽ മിന്നലായപ്പോൾ ഉയർന്നത് പക്ഷേ ജമൈക്കയുടെ കൊടിയായിരുന്നില്ല. ബ്രിട്ടന്റെയും കാനഡയുടെയുമൊക്കെ കൊടിക്കീഴിലായിരുന്നല്ലോ ഇവരുടെ ജയങ്ങൾ.

പ്രതിഫലം ഇരട്ടി; ബോൾട്ടിൽ ഉറച്ച വേഗപ്രകടനം

മൈക്കൽ മാൻലി പ്രധാനമന്ത്രിയായപ്പോൾ കായികരംഗം കൂടുതൽ ഉഷാറായി. താരങ്ങളുടെ മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം സ്നേഹപൂർവം തടയാൻ മാൻലി ജൂനിയറിന് ഏറെക്കുറെ സാധിച്ചു. അങ്ങനെ രാജ്യത്തിന്റെ സ്വന്തമായി ഒരു പിടി അത്‍ലീറ്റുകളുണ്ടായി; മെർലിൻ ഓട്ടിയടക്കം. അത്‍ലീറ്റുകൾക്ക് ജമൈക്ക വൻപ്രോൽസാഹനം നൽകി. പരിശീലനത്തിനുള്ള സൗകര്യങ്ങൾ വർധിപ്പിച്ചു. പ്രതിഫലം ഇരട്ടിയാക്കി. കായികതാരങ്ങൾക്ക് കൂടുതൽ കരുതൽ നൽകി. 

TOPSHOT-ATHLETICS-JAM-RACERS-GRAND-PRIX-BOLT

ഈ നടപടികളുടെയൊക്കെ ബാക്കിപത്രമാണ് പിന്നീടു വന്ന ഉസൈൻ ബോൾട്ടും അസഫ പവലും മൈക്കൽ ഫ്രേറ്ററും യൊഹൻ ബ്ലെക്കും നെസ്റ്റ കാർട്ടറുമൊക്കെ. ഒരുപിടി ലോകോത്തര വനിതാതാരങ്ങളെയും ജമൈക്ക സൃഷ്ടിച്ചു: എലേയ്നി തോംസൺ, ഷെല്ലി ആൻ ഫ്രേസർ, വെറോണിക്ക കാംബെൽ തുടങ്ങിയവർ അതിൽ ചിലത്. 

English Summary: Usain Bolt and Girlfriend Kasi Bennett Welcome Baby Girl, Tweets Jamaica PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com