ADVERTISEMENT

തൃശൂർ വിമല കോളജിൽ ഒന്നാം വർഷ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് 1996ൽ അഞ്ജു മാർക്കോസ് എന്ന ചങ്ങനാശേരിക്കാരിക്കു ദേശീയ ക്യാംപിലേക്ക് ആദ്യമായി ക്ഷണം കിട്ടിയത്. ബെംഗളൂരുവിലായിരുന്നു ക്യാംപ്. ഒരു ദിവസം അഞ്ജുവും സുഹൃത്തുക്കളും ക്യാംപിലെ ജിമ്മിൽ പോയി. അവിടെ അഞ്ജു ആദ്യം കണ്ടത് മുടി നീട്ടിവളർത്തിയ ഒരു മസിൽമാനെയാണ്.

300 കിലോയിലധികം ഭാരമുയർത്തി പരിശീലനം നടത്തുന്ന ഒരാൾ. കൂട്ടുകാരികളിലൊരാൾ പറഞ്ഞു: ‘വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ അനിയനാണു കക്ഷി; റോബർട്ട് ബോബി.’ അഞ്ജു അന്നാദ്യമായി റോബർട്ട് ബോബി ജോർജിനെ കണ്ടു. അന്നു ബോബി തന്നെ കണ്ടോയെന്ന് അഞ്ജുവിന് ഉറപ്പില്ല. കഴി‍ഞ്ഞ 24ന് 20–ാം വിവാഹ വാർഷികം ആഘോഷിച്ച അഞ്ജു – റോബർട്ട് ബോബി ദമ്പതികളുടെ പ്രണയകഥയിലെ ആദ്യ എപ്പിസോഡായിരുന്നു അത്.

∙ ആദ്യം നോ

ദേശീയ ക്യാംപ് തിരുവനന്തപുരത്തേക്കു മാറ്റിയപ്പോഴും താൻ ഇടയ്ക്കിടെ ബോബിയെ കാണുമായിരുന്നുവെന്ന് അ‍ഞ്ജു പറയുന്നു. തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ബോബി അപ്പോൾ. പക്ഷേ, അന്നൊന്നും ഇരുവർക്കുമിടയിൽ പരിചയമോ സൗഹൃദമോ ഇല്ലായിരുന്നു. 97ൽ ക്യാംപ് വീണ്ടും ബെംഗളൂരുവിലേക്ക്. ബോബി അലോഷ്യസും ലേഖ തോമസും അഞ്ജുവുമായിരുന്നു ക്യാംപിലെ വനിതാ ജംപേഴ്സ്. പുരുഷ ജംപേഴ്സിൽ റോബർട്ടുമുണ്ടായിരുന്നു.

ഗ്രൗണ്ടിൽ ഇരുവരും കണ്ടുമുട്ടി. 1998ൽ ക്യാംപിൽ അഞ്ജുവിനു പരിശീലകരില്ലാതായി. അഞ്ജുവിനോടു റോബർട്ട് ചോദിച്ചു: ‘ലോങ്ജംപല്ലേ, ഞാൻ പരിശീലിപ്പിക്കട്ടെ? ’ ഉടൻ അഞ്ജുവിന്റെ മറുപടി: ‘അതൊന്നും ശരിയാകില്ല.’ എന്നാൽ, പിന്നീടു റോബർട്ട് സഹായം വാഗ്ദാനം ചെയ്തപ്പോൾ അഞ്ജു വിസമ്മതിച്ചില്ല.

∙ വീണ്ടും നോ

റോബർട്ടിനൊപ്പം പരിശീലനം തുടങ്ങിയ അഞ്ജു ഫോമിലേക്കെത്തി. 2000 ഒളിംപിക്സിനു യോഗ്യത നേടി. ഇരുവരും മനസ്സുകൊണ്ട് അടുത്തു. ‘ഞങ്ങൾ തമ്മിൽ പൈങ്കിളി പ്രണയമൊന്നും ഉണ്ടായിരുന്നില്ല. ഗ്രൗണ്ടിൽവച്ചു കാണും. ബോബി എനിക്കു വേണ്ട നിർദേശങ്ങൾ നൽകും. ഒരുദിവസം ബോബി ചോദിച്ചു, കല്യാണത്തിനു താൽപര്യമാണോയെന്ന്. ഞാൻ സമ്മതിച്ചില്ല.

പക്ഷേ, പിന്നീടു വീണ്ടും ചോദിച്ചപ്പോൾ സമ്മതിച്ചു’ – അ‌ഞ്ജു പറയുന്നു. അഞ്ജുവിന്റെ പിതാവ് കെ.ടി.മാർക്കോസിനെ റോബർട്ട് നേരിൽ വിളിച്ചു. അദ്ദേഹം ബെംഗളൂരുവിലെത്തി. തങ്ങളുടെ ‘കൊച്ചുമോൾ’ക്ക് അവളുടെ ഇഷ്ടനായകൻ ‘ബോ’യുടെ കൈപിടിക്കാൻ വീട്ടുകാർ സമ്മതം കൊടുത്തു. 1999 ഡിസംബറിൽ മനസ്സമ്മതം; 2000 ഏപ്രിലിൽ കല്യാണം.

∙ തുടക്കം മാംഗല്യം...

വിവാഹശേഷം അ‍ഞ്ജുവിന്റെ ജീവിതം ലോങ്ജംപിൽ നേട്ടങ്ങളിലേക്കുള്ള ടേക്ക് ഓഫായിരുന്നു. 2003ൽ ലോക ചാംപ്യൻഷിപ് വെങ്കലം, 2004ൽ ലോക അത്‌ലറ്റിക്സിൽ മെഡൽ, 2002 കോമൺവെൽത്ത് ഗെയിംസ് വെങ്കലം, 2002 ഏഷ്യൻ ഗെയിംസ് സ്വർണം, 2006ൽ വെള്ളി... കോച്ചായി ഗാലറിയിലും ഭർത്താവായി ജീവിതത്തിലും അഞ്ജുവിനു പിന്തുണയേകി റോബർട്ട് ബോബി നിറഞ്ഞുനിന്നു. അഞ്ജു ഇപ്പോൾ കസ്റ്റംസിൽ സൂപ്രണ്ടാണ്. ബെംഗളൂരുവിലെ അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി റോബർട്ട് സജീവം. ഇരുവർക്കും കൂട്ടായി 10 വയസ്സുകാരൻ ആരണും 6 വയസ്സുകാരി ആൻഡ്രിയയും ഒപ്പമുണ്ട്.

English Summary: Anju - Bobby George Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com