ADVERTISEMENT

സിഡ്നി∙ രാജ്യാന്തര ടെന്നീസ് മത്സരങ്ങളിൽ അടക്കം വാതുവെപ്പിനു നേതൃത്വം നൽകുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ ഇന്ത്യക്കാരനെന്ന് ഓസ്ട്രേലിയന്‍ പൊലീസ്. ചണ്ഡീഗഡിലെ മൊഹാലി സ്വദേശിയായ രവിന്ദർ ദന്ദിവാള്‍ ബിസിസിഐയുടെയും നോട്ടപ്പുള്ളിയാണെന്ന് ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. വാതുവെപ്പിനായി താഴ്ന്ന റാങ്കിങ്ങിലുള്ള ടെന്നീസ് താരങ്ങളെ വലവീശുന്നതിലെ ‘കിങ്പിൻ’ ഇയാളാണെന്ന് വിക്ടോറിയ പൊലീസ് കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

രവിന്ദർ ദന്ദിവാളിനെക്കുറിച്ച് ബിസിസിഐയും അന്വേഷിക്കുന്നതായി അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത് സിങ് പ്രതികരിച്ചു. ചണ്ഡീഗഡ് സ്വദേശിയാണെങ്കിലും മിഡിൽ ഈസ്റ്റ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇയാളുടെ ജീവിതമെന്നാണു വിവരം. ക്രിക്കറ്റ് ലീഗുകളും ഇയാൾ സംഘടിപ്പിക്കാറുണ്ട്. ഹരിയാനയിൽ സ്വകാര്യ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കാനുള്ള രവിന്ദർ ദന്ദിവാളിന്റെ നീക്കം ബിസിസിഐ ഇടപെട്ടു പരാജയപ്പെടുത്തിയിരുന്നു. ബിസിസിഐയിൽ റജിസ്റ്റർ ചെയ്ത എല്ലാ താരങ്ങൾക്കും ടൂർണമെന്റിൽ പങ്കെടുക്കരുതെന്ന് ബോർഡ് നിർദേശം നൽകിയിരുന്നതായും അജിത് സിങ് പ്രതികരിച്ചു.

ദന്ദിവാളുമായി യാതൊരു തരത്തിലുള്ള ഇടപാടുകളും പാടില്ലെന്നു രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾക്കു നിര്‍ദേശം നൽകിയതായും ബിസിസിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ദന്ദിവാളിനെതിരെ ഓസ്ട്രേലിയൻ പൊലീസ് ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണു റിപ്പോർട്ടുകൾ. ടെന്നീസ് മത്സരങ്ങളിൽ ഒത്തുകളിക്കു ശ്രമിച്ചതിൽ ഇന്ത്യന്‍ വംശജരായ രാജേഷ് കുമാർ, ഹർസിമ്രത് കൗർ എന്നിവരെ മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച ഹാജരാക്കിയിരുന്നു. 2018ൽ ബ്രസീൽ, ഈജിപ്ത് എന്നിവിടങ്ങളിലെ ടെന്നീസ് ടൂർണമെന്റുകളിൽ ഒത്തുകളിക്ക് ഇവർ ശ്രമിച്ചെന്നാണു കേസ്. 

സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ക്രിക്കറ്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയാണെന്നാണ് ദന്ദിവാള്‍‌ വിവരം നല്‍കിയിട്ടുള്ളത്. ക്രിക്കറ്റ് പ്രീമിയർ ലീഗ് ചെയർമാൻ, അൾട്ടിമേറ്റ് സ്പോർട്സ് മാനേജ്മെന്റ് എംഡി എന്നീ ചുമതലകളും വഹിക്കുന്നുണ്ടെന്നാണു അക്കൗണ്ടുകളിലുള്ളത്. ബിസിസിഐയുടെ ലോഗോയോടു സാമ്യതയുള്ള ലോഗോ ആണ് ക്രിക്കറ്റ് കൗൺസില്‍ ഓഫ് ഇന്ത്യയ്ക്കു വേണ്ടിയും തയാറാക്കിയിരിക്കുന്നത്. നേപ്പാളിലും ഇയാൾ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നതായും അതിലും ഒത്തുകളിയും വാതുവെപ്പും നടന്നതായും ബിസിസിഐയ്ക്കു വിവരം ലഭിച്ചിരുന്നു. എന്നാൽ ബിസിസിഐയുടെ അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യമാണ് ഇത്. ഇക്കാര്യത്തിൽ ഐസിസി അന്വേഷണം നടത്തുമെന്നാണു ബിസിസിഐ കരുതുന്നത്.

ദന്ദിവാളിനെതിരെ ബിസിസിഐ നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ത്യയിൽനിന്ന് ഇയാൾ ഒരു ക്രിക്കറ്റ് ടീമിനെ ഓസ്ട്രേലിയയിലേക്കു കളിക്കാൻ കൊണ്ടുപോകുകയും അതിൽ പല താരങ്ങളും തിരിച്ചുവരാതിരിക്കുകയും ചെയ്തതോടെയാണ് ബിസിസിഐ നിയമനടപടിക്കൊരുങ്ങിയത്. കളിക്കുന്നതിനായി ഈ താരങ്ങൾക്ക് വൻതുകകളാണു ലഭിച്ചിട്ടുള്ളത്. ദന്ദിവാള്‍ ടൂർണമെന്റുകളിൽ നേരിട്ടു പങ്കെടുത്തിട്ടില്ലാത്തതിനാൽ ഇയാൾക്കെതിരെ വളരെ ചെറിയ നടപടികൾ എടുക്കാൻ മാത്രമാണു ബിസിസിഐയ്ക്ക് അധികാരമുള്ളതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ബിസിസിഐയുടെ അംഗീകാരമില്ലാത്ത സ്വകാര്യ ക്രിക്കറ്റ് ടൂർണമെന്റുകളും ലീഗുകളും സംഘടിപ്പിച്ചാണ് ദന്ദിവാൾ ചണ്ഡീഗഡ് ക്രിക്കറ്റിൽ പേരെടുത്തത്. അഫ്ഗാനിസ്ഥാനിൽ രണ്ട് വർഷം മുന്‍പ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചപ്പോൾ ഒരു ടീമിന്റെ സിഇഒ ആയി ഇയാളെ നിയമിക്കുകയുണ്ടായി. ബിസിസിഐ ഇക്കാര്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർ‍ഡിനെയും അറിയിച്ചിരുന്നു.

English Summary: ‘Kingpin’ of fixing racket in Australia is Indian on BCCI radar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com