ഒളിംപിയ ലൈറ്റ്നിങ്: പങ്കാളിയുടെ ജന്മദിനത്തിൽ മകളുടെ ചിത്രം പുറത്തുവിട്ട് ബോൾട്ട്

Mail This Article
മേയ് 17 നു പിറന്ന മകളുടെ ചിത്രം ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് പുറത്തുവിട്ടു. ഒളിംപിയ ലൈറ്റ്നിങ് ബോൾട്ട് എന്നാണ് മകൾക്കു താരം പേരിട്ടിരിക്കുന്നത്. പങ്കാളി കാസി ബെന്നറ്റിനു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണു ബോൾട്ട് മകളുടെ ചിത്രം ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചത്. ‘മകൾക്കൊപ്പം ഞങ്ങൾ പുതിയൊരധ്യായം തുടങ്ങുന്നു’ എന്ന അടിക്കുറിപ്പുമുണ്ട്. അഞ്ചു വർഷമായി ഒരുമിച്ചു താമസിക്കുന്ന 33 കാരനായ ബോൾട്ടിന്റെയും 30 കാരിയായ കാസിയുടെയും ആദ്യ കുട്ടിയാണ് ഒളിംപിയ.
‘ബോൾട്ടിന്റെ ആദ്യ ഫാദേഴ്സ് ഡേ ആഘോഷം’ എന്ന പേരിൽ കാസി കഴിഞ്ഞ മാസം, ഗർഭധാരണം നടന്ന സമയത്തുള്ള യാത്രയുടെയും ഒളിംപിയയെ ഗർഭം ധരിച്ചപ്പോഴുള്ള അൾട്രാ സൗണ്ട് സ്കാനിന്റെയും ലേബർ റൂമിൽ ബോൾട്ടിനൊപ്പം നിൽക്കുന്നതിന്റെയും അടക്കം ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. മേയ് 18 ന് ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രു ഹോനെസാണ് ബോൾട്ടിനു പെൺകുഞ്ഞു പിറന്നെന്ന വാർത്ത പുറത്തുവിട്ടത്.

എട്ട് ഒളിംപിക്സ് സ്വർണവും 11 ലോക അത്‍ലറ്റിക് മീറ്റ് സ്വർണവുമായി ഭൂമിയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ എന്ന വിശേഷണം സ്വന്തമാക്കിയ ഉസൈൻ ബോൾട്ട് 2017 ലാണ് വിരമിച്ചത്. ബോൾട്ട് തന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങളിൽനിന്നടക്കം മറച്ചുപിടിക്കാറാണ് പതിവ്.
ജമൈക്കൻ മോഡലും ഫാഷൻ ഡിസൈനറുമായ കാസി ബെന്നറ്റുമായി 2014 മുതൽ ബോൾട്ട് പ്രണയത്തിലായിരുന്നെങ്കിലും 2016 ലാണ് അതു പരസ്യമാക്കിയത്. അതിനിടെ ബ്രസീലിലെ ഒരു ഇരുപതുകാരിയുമായുള്ള ബോൾട്ടിന്റെ കിടപ്പറചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് കാസിയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. മുൻപും ബോൾട്ട് പെൺകുട്ടികളുമായി ചുറ്റുന്നതിന്റെയും പാർട്ടികളിൽ അടുത്തിടപഴകുന്നതിന്റെയും ചിത്രങ്ങൾ പുറത്തായിട്ടുണ്ട്.


English Summary: Usain Bolt reveals first photos of his baby girl and her Olympic-inspired name