ADVERTISEMENT

‘21–ാം നൂറ്റാണ്ടിലെ 5–ാമതു വിശ്വകായികമേളയ്ക്കു നാളെ തുടക്കം; ലോകം കാത്തിരുന്ന ഒളിംപിക്സിനു ജപ്പാനിലെ ടോക്കിയോയിൽ നാളെ തിരി തെളിയും...’  

ഇതൊരു സാങ്കൽപിക വാർത്തയുടെ തുടക്കമാണ്. കാരണം, നാളെ ഒളിംപിക്സ് തുടങ്ങാനൊന്നും പോകുന്നില്ല. പക്ഷേ, കോവിഡ് മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ ഇന്നത്തെ കായികം പേജിലെ വാർത്തയുടെ തുടക്കം ശരിക്കും ഇങ്ങനെയാകുമായിരുന്നു. മുൻനിശ്ചയപ്രകാരമായിരുന്നുവെങ്കിൽ നാളെ തുടങ്ങേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്സ്, കോവിഡ് മൂലം ഒരു വർഷത്തേക്കു മാറ്റിയിരിക്കുകയാണ്.

അടുത്ത വർഷം കൃത്യം ഇതേദിവസം ടോക്കിയോയിൽ ഒളിംപിക്സിനു തുടക്കമാകും. ഈ മാസം 24 മുതൽ ഓഗസ്റ്റ് 9 വരെ നടക്കേണ്ടിയിരുന്ന ‘ടോക്കിയോ 2020’ (ഈ പേര് മാറ്റിയിട്ടില്ല) ഇനി 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയാണു നടക്കുക. സംഘാടകർ പുതുക്കിയ മത്സരക്രമം പുറത്തുവിട്ടു; മുൻ നിശ്ചയിച്ച 42 വേദികളും 2021നായി പൂർണസജ്ജമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഒരു വ്യവസ്ഥ ഇപ്പോഴും ബാക്കി നിൽക്കുന്നു: സാഹചര്യങ്ങൾ മാറി ഒളിംപിക്സിന്റെ ‘കോവിഡ് ടെസ്റ്റ്’ നെഗറ്റീവാകണം!  

ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ ഒളിംപിക്സിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട എന്നാണു സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി ഇന്നലെ പറഞ്ഞത്. ‘വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ’ എന്ന ഒളിംപിക്സ് ആപ്തവാക്യം പുതിയ സാഹചര്യത്തിൽ സിംപ്ലർ (ലളിതമായി), ചീപ്പർ (ചെലവു കുറച്ച്), സെയ്ഫർ (സുരക്ഷിതമായി) എന്ന രീതിയിലേക്കു മാറ്റിയാലും 5 കാര്യങ്ങളിൽ ആശങ്ക തുടരുകയാണ്... 

രോഗഭീതി

ടോക്കിയോയിൽ കോവിഡ് കേസുകൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഇതാദ്യമായി തുടർച്ചയായി 2 ദിവസം (ചൊവ്വ, ബുധൻ) 200ൽ അധികം പുതിയ രോഗികൾ വന്നു. ആകെ രോഗികളുടെ എണ്ണം 10,000 കടന്നു. പല രാജ്യങ്ങളിലും കോവിഡ്മൂലം അത്‍‌ലീറ്റുകളുടെ പരിശീലനം പുനരാരംഭിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

മഹാമാരിക്കിടയിലും ഒളിംപിക്സ് വിജയകരമായി സംഘടിപ്പിച്ച് മാതൃക സൃഷ്ടിക്കാനാണു ഞങ്ങളുടെ ശ്രമം.

ചെലവ്

കോവിഡിനു മുൻപ് ഒളിംപിക്സിനായി ജപ്പാൻ ചെലവാക്കിയത് ഏകദേശം 95,000 കോടിയിലധികം രൂപയാണ്. മേള മാറ്റിവച്ചതോടെ ചെലവു വീണ്ടും കൂടും. അധികച്ചെലവിന്റെ ഒരു വിഹിതം തങ്ങൾ വഹിക്കുമെന്നു പറഞ്ഞ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഏകദേശം 5964 കോടി രൂപ മുൻകൂറായി അനുവദിച്ചിട്ടുണ്ട്. 

ജനവികാരം

വിവിധ മാധ്യമസ്ഥാപനങ്ങൾ ടോക്കിയോ നഗരത്തിലും ജപ്പാനിലും നടത്തിയ സർവേകൾ കാണിക്കുന്നതു തദ്ദേശവാസികൾ ഒളിംപിക്സിന് അനുകൂലമല്ലെന്നാണ്. ഏറ്റവുമൊടുവിൽ നടത്തിയ സർവേയിൽ നാലിൽ മൂന്നുപേരും പറയുന്നത് ഒളിംപിക്സ് മാറ്റിവയ്ക്കണമെന്നാണ്.

സ്പോൺസർഷിപ്

ഏകദേശം 25,000 കോടി രൂപ സ്പോൺസർഷിപ്പിലൂടെ സമാഹരിക്കാനാണു സംഘാടകർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കോവിഡ് മൂലം പലരും പിൻമാറിയ മട്ടാണ്. സ്പോൺസർമാരെ സംഘടിപ്പിക്കാൻ സംഘാടകർ ഓട്ടത്തിലാണ്.

പ്രോട്ടോക്കോൾ‌

കാണികളാണ് ഒളിംപിക്സിന്റ ആകർഷണങ്ങളിലൊന്ന്. അവരില്ലാതെ എന്ത് ഒളിംപിക്സ് എന്നാണു കഴിഞ്ഞ ദിവസം സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോട്ടോ ചോദിച്ചത്. ‘അത്‍ലീറ്റ് വില്ലേജി’ലും മറ്റും നടപ്പാക്കേണ്ട കോവിഡ് നിയന്ത്രണങ്ങളെപ്പറ്റിയും സംഘാടകർ മൗനം പാലിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com