ADVERTISEMENT

തുടർച്ചയായി ആറ് ശൈത്യകാല ഒളിംപിക് മേളകളിൽ (1998–2018) ഇന്ത്യയെ പ്രതിനിധീകരിച്ച ലൂജ് താരം ശിവകേശവൻ അർജുന പുരസ്കാരത്തിന് അർഹനായത് കായികകേരളത്തിനും അഭിമാന നിമിഷം. പാതിമലയാളിയായ ശിവകേശവന്റെ നേട്ടം മലയാളികൾക്കും സന്തോഷം പകരുന്നു. തലശേരിക്കാരനായ സുധാകരൻ കേശവന്റെയും ഇറ്റലിക്കാരിയായ റോസലിന ലൂസിയോളിയുടെയും മകനാണ് ശിവൻ. ദേശീയ ലൂജ് ടീമിന്റെ പരിശീലകനും ഹൈപെർഫോമൻസ് ഡയറക്ടറുമായി ശിവകേശവനെ നിയമിച്ചത്  ഈ മാസം ആദ്യമാണ്. അർജുന പുരസ്കാരം സ്വന്തമാക്കിയ മലയാളികളുടെ പട്ടികയ്ക്ക് നീളമേറെയാണ്. ഇവരെക്കൂടാതെ അമ്മ വഴിയോ അച്ഛൻ വഴിയോ മലയാളികളായ ഏതാനും താരങ്ങൾ നേരത്തെയും അർജുനയുടെ ശോഭ കേരളത്തിലെത്തിച്ചിട്ടുണ്ട്.  അവരെക്കുറിച്ചാണ് ഈ കുറിപ്പ്.

ഒളിംപിക്‌സ് ഹോക്കിയിൽ തുടർച്ചയായി രണ്ടുവട്ടം ഇന്ത്യൻ ജഴ്‌സിയണിഞ്ഞ കളിക്കാരനാണ് ജൂഡ് ഫെലിക്‌സ്. ബാംഗ്ലൂരിൽ ജനിച്ച ഫെലിക്‌സിന്റെ മാതാവ് കോഴിക്കോട്ടുകാരിയാണ്. ഒരു ദശകത്തിലേറെ ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂണായി നിന്ന താരം. 1983ലാണ് ജൂഡ് ദേശീയ ടീമിലെത്തുന്നത്. 1988ലെ സോൾ ഒളിംപിക്‌സിലും 1992ലെ ബാർസിലോന ഒളിംപിക്‌സിലും കളിച്ചു. 1990, 1994 ഏഷ്യൻ ഗെയിംസുകളിലും കളിച്ച ജൂഡ് ഇന്ത്യയുടെ ലോകകപ്പ് ടീമിലും അംഗമായിരുന്നു. ഇംഗ്ലിഷ്, ഫ്രഞ്ച് ഹോക്കി പ്രഫഷനൽ ലീഗുകളിൽ കളിച്ച പ്രഥമ മലയാളിയാണ്. 1995ൽ അർജുന പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

1995ൽ ജൂഡ് ഫെലിക്സ് ആദരിക്കപ്പെട്ടപ്പോൾ മറ്റൊരു മലയാളിയും ഇതേ ബഹുമതിക്ക് യോഗ്യത നേടി: ടെന്നിസ് താരം മഷേഷ് ഭൂപതി. ലിയാൻഡർ പെയ്സിനൊപ്പം ഒരുപിടി നേട്ടങ്ങൾ ഇന്ത്യയ്ക്ക് സമ്മാനിച്ച മഹേഷ് ഭൂപതിയുടെ അമ്മ മീര പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശിനിയാണ്. മഹേഷിന്റെ പിതാവ് സി. ഗോപാലകൃഷ്‌ണ ഭൂപതി 1960കളിലെ ടെന്നിസ് താരമായിരുന്നു. 

മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജയ് ജഡേജ അമ്മ വഴി മലയാളിയാണ്. 1997ലാണ് ജഡേജയ്ക്ക് അർജുന ലഭിക്കുന്നത്. ആലപ്പുഴക്കാരി ഷാനാണ് ജഡേജയുടെ അമ്മ. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് സാക്ഷാൽ കെ.എസ്. രഞ്‌ജിത്‌ സിങ്‌ജിയുടെ കുടുംബ പരമ്പരയിൽപ്പെട്ടയാളാണ് ജഡേജയുടെ അച്‌ഛൻ. ഭാര്യ വഴിയും ജഡേജ കേരളത്തിന്റെ മരുമകനാണ്.  അദ്ദേഹത്തിന്റെ ഭാര്യ അദിതിയുടെ അമ്മ ജനതാദൾ നേതാവും മലയാളിയുമായ ജയ ജയ്റ്റ്‌ലിയാണ്. 

1996ൽ അർജുന ജേതാവായ ഇന്ത്യൻ സ്‌പിൻ മാന്ത്രികൻ അനിൽ കുംബ്ലെയ്‌ക്കുമുണ്ട് ഒരു മലയാളി ബന്ധം. ടെസ്‌റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരം, ടെസ്‌റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ പത്തുപേരെയും പുറത്താക്കിയ ലോകത്തിലെ രണ്ടാമത്തെ ബോളർ, ടെസ്‌റ്റിലും ഏകദിനത്തിലും 300 വിക്കറ്റുകൾ തികച്ച ലോകത്തിലെ ആദ്യ സ്‌പിന്നർ എന്നീ ബഹുമതികളുളള കുംബ്ലെയുടെ നേട്ടത്തിൽ തീർച്ചയായും മലയാളിക്കും അഭിമാനിക്കാം. കാരണം കുംബ്ലെയുടെ കുടുംബവേരുകൾ കേരളത്തിലാണ്.  കുംബ്ലെയുടെ പിതാവ് കെ.എൻ. കൃഷ്‌ണസ്വാമി കാസർകോട് ജില്ലയിലെ കുമ്പള സ്വദേശിയാണ്. ജന്മസ്‌ഥലത്തിന്റെ ഓർമയ്‌ക്കായിട്ടാണത്രെ അദ്ദേഹം മകന്റെ പേരിനൊപ്പം കുംബ്ലെ എന്ന് ചേർത്തത്.

English Summary: Arjuna Award Wnners with Kerala Connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com