ADVERTISEMENT

കിങ്സ്റ്റൺ∙ അത്‌ലറ്റിക്സിലെ വേഗരാജാവ് ജമൈക്കക്കാരൻ ഉസൈൻ ബോൾട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 34–ാം ജന്മദിനം ആഘോഷിച്ച ബോൾട്ടിന്, ആഘോഷ പരിപാടികൾക്ക് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് ബാധിച്ച കാര്യം ഉസൈൻ ബോൾട്ട് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ബോൾട്ടിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തവരിൽ ഫുട്ബോൾ താരം റഹിം സ്റ്റെർലിങ്, ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ൽ തുടങ്ങിയവരുണ്ട്.

ട്വിറ്ററിൽ പങ്കുവച്ച ലഘു വിഡിയോയിലൂടെയാണ് കോവിഡ് ബാധിച്ച വിവരം ബോൾട്ട് സ്ഥിരീകരിച്ചത്. ‘എല്ലാവർക്കും ഗുഡ് മോണിങ്. എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് പരിശോധനയ്ക്ക് വിധേയനായത്’ – ബോൾട്ട് അറിയിച്ചു.

‘കോവിഡ് സ്ഥിരീകരിച്ച സ്ഥിതിക്ക് ചട്ടപ്രകാരം ഞാൻ ഒറ്റയ്ക്ക് താമസിക്കാൻ പോവുകയാണ്. എല്ലാ സുഹൃത്തുക്കളിൽനിന്നും തൽക്കാലം മാറിനിൽക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ല. അതുകൊണ്ട് ഞാൻതന്നെ ക്വാറന്റീനിൽ പോവുകയാണ്’ – ബോൾട്ട് വ്യക്തമാക്കി.

‘ഇക്കാര്യത്തിൽ എന്താണ് വിശദമായ നിയമമെന്നും എങ്ങനെയാണ് ക്വാറന്റീനിൽ കഴിയേണ്ടതെന്നും ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെട്ട് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക. ഞാൻ ക്വാറന്റീനിൽ പ്രവേശിക്കുന്നു. അത്ര ഗൗരവമുള്ള വിഷമയമൊന്നുമല്ല. പക്ഷേ, സുരക്ഷിതരായിരിക്കുക’ – ബോൾട്ട് പറഞ്ഞു.

ഐപിഎൽ 13–ാം സീസണിന് തുടക്കമാകാൻ ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെയാണ് ഓഗസ്റ്റ് 21ന് നടത്തിയ ജന്മദിന പാർട്ടിയിൽ പങ്കെടുത്തവരിൽ ക്രിസ് ഗെയ്‌ലും ഉണ്ടെന്ന് വ്യക്തമായത്. ഇത് അദ്ദേഹത്തിന്റെ ഐപിഎൽ ഒരുക്കത്തെ ബാധിക്കുമോയെന്ന് വ്യക്തമല്ല. ഗെയ്‍ലിനു പുറമെ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ റഹിം സ്റ്റെർലിങ്, ബയേർ ലെവർക്യൂസൻ സ്ട്രൈക്കർ ലിയോൺ ബെയ്‌ലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോർട്ട്.

∙ ഉസൈൻ ബോൾട്ട്

ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യൻ. 8 ഒളിംപിക്സ് സ്വർണം, 11 ലോക മീറ്റ് സ്വർണം എന്നിവ നേടി ചരിത്രമെഴുതി. 100 മീറ്റർ ഓട്ടത്തിലെ ലോകറെക്കോർഡിന്റെ ഉടമയാണ് ഉസൈൻ ബോൾട്ട്. 9.58 സെക്കൻഡിലാണ് ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിട്ടത്. 2009 ലെ ബർലിൻ ലോക മീറ്റിലാണ് ബോൾട്ടിന്റെ റെക്കോർഡ് പ്രകടനം. 200 മീറ്ററിലും ലോകറെക്കോർഡ് ഉസൈൻ ബോൾട്ടിന്റെ പേരിൽ. 19.19 സെക്കൻഡിലാണ് ഉസൈൻ ബോൾട്ട് 200 മീറ്റർ പിന്നിട്ടത്. 200 മീറ്റർ റെക്കോർഡിനും വേദിയായത് 2009 ലെ ബർലിൻ ലോക അത്‌ലറ്റിക് മീറ്റാണ്. ഒളിംപിക്സ് ട്രാക്കിൽ സ്പ്രിന്റ് ഇനങ്ങളിൽ സ്വർണം നിലനിർത്തുന്ന ആദ്യ അത്‌ലീറ്റ്. 2017 ലെ ലണ്ടൻ ലോക ചാംപ്യൻഷിപ്പിലാണ് ബോൾട്ട് വിടവാങ്ങിയത്. ലണ്ടൻ ഒളിംപിക് സ്റ്റേഡിയത്തിലെ വിടവാങ്ങൽ പോരാട്ടത്തിൽ (100 മീ.) മൂന്നാം സ്ഥാനം. 

∙ ബോൾട്ട് റെക്കോർഡുകൾ

100 മീറ്റർ – 9.58 സെക്കൻഡ്

200 മീറ്റർ – 19.19 സെക്കൻഡ്

English Summary: Usain Bolt tests positive for COVID-19 after celebrating birthday in Jamaica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com