ADVERTISEMENT

മലപ്പുറം ∙ 2015ലെ ദേശീയ ഗെയിംസിനായി വാങ്ങിയ അത്‌ലറ്റിക്സ് ഉപകരണങ്ങൾ എവിടെയെന്നറിയാത്ത അവസ്ഥയ്ക്കൊരു മറുപുറം കൂടി.  കീറിപ്പറിഞ്ഞ ജംപിങ് ബെഡിലും തകർന്ന ഹർഡിലുകൾ ഉപയോഗിച്ചും പരിശീലനം നടത്തി കേരളത്തിനു മെഡലുകൾ സമ്മാനിച്ച കായിക അക്കാദമികൾ മത്സരോപകരണങ്ങൾക്കായി നൽകിയ അപേക്ഷകൾ കായിക വകുപ്പിന്റെ മേശപ്പുറത്തു തീരുമാനമാകാതെ കിടക്കുന്നു.

 മാർ ബേസിലിന്റെ വിധി!

സംസ്ഥാന സ്കൂൾ മീറ്റിൽ 8 തവണ ഓവറോൾ ചാംപ്യൻമാരായ, ദേശീയ കായികമേളയിൽ 3 തവണ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം മാർ ബേസിൽ സ്കൂൾ പുതിയ പോൾവോൾട്ട് ബെഡ‍ിനു വേണ്ടി അപേക്ഷ നൽകിയിട്ട് 6 വർഷം. 2012ൽ സ്പോർട്സ് കൗൺസിലിൽനിന്നു മാർ ബേസിലിനു ലഭിച്ച ‘സെക്കൻഡ് ഹാൻഡ്’ ബെഡ് പഴകി ദ്രവിച്ച് ഉപയോഗശൂന്യമായ നിലയിലാണിപ്പോൾ. 

വലിയ അപകട ഭീഷണിയുള്ള ഈ ബെഡിൽ ജീവൻ പണയംവച്ചു ചാടിപ്പഠിച്ച താരങ്ങൾ 11 സ്വർണമടക്കം 30 മെഡലുകളാണു ദേശീയ മീറ്റുകളിൽ നിന്നായി ഇതുവരെ കേരളത്തിനു നേടിത്തന്നത്.  പുതിയ ബെഡിനായി കായിക വകുപ്പിനും സ്പോർട്സ് കൗൺസിലിനും 8 തവണ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.

  ഹർഡിലുകളാണ് മുന്നിൽ!

19 ലക്ഷം മുടക്കി ദേശീയ ഗെയിംസിനായി വാങ്ങിയ 110 ഹർഡിലുകൾ കാണാതായെന്നു കേൾക്കുമ്പോൾ നെഞ്ചുപിടയുന്നതു കേരളത്തിന്റെ ‘ഹർഡിൽ‌സ് ഫാക്ടറി’യായ പാലക്കാട് ഒളിംപിക് അത്‍ലറ്റിക് ക്ലബ്ബിനാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ 3 രാജ്യാന്തര താരങ്ങളെ സൃഷ്ടിച്ച അക്കാദമി, ഹർഡിലുകളിൽ പത്തെണ്ണമെങ്കിലും തങ്ങൾക്കു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. 

20 ഹർഡിൽസ് താരങ്ങൾ ഇവിടെ പരിശീലനം നടത്തുന്നു. ഇപ്പോഴുള്ള ഉപകരണങ്ങളേറെയും നശിച്ച നിലയിലാണ്.  10 ദേശീയ ഹർഡിൽസ് മെഡലുകൾ അക്കാദമിയിലെ താരങ്ങൾ.  സ്റ്റാർട്ടിങ് ബ്ലോക്കും ഹർഡിലുകളും തേടി ഈ വർഷമാദ്യം സ്പോർട്സ് കൗൺസിലിനെ സമീപിച്ച ക്ലബ്ബിന് ഫണ്ടില്ലെന്ന മറുപടിയാണു ലഭിച്ചത്.

‘ദേശീയ ഗെയിംസിനായി വാങ്ങിയ അത്‍ലറ്റിക് ഉപകരണങ്ങൾ അക്കാദമികൾക്കു നൽകാമെന്നു നേരത്തേ ഉറപ്പു നൽകിയിരുന്നതാണ്. അതിനായി ഞാനും അപേക്ഷ നൽകിയിരുന്നു. ആ ഉപകരണങ്ങളാണ് ഇപ്പോൾ കാണാനില്ലെന്നു പറയുന്നത്. 41 വർഷത്തെ പരിശീലന ജീവിതത്തിനിടെ 10 ഹർഡിലുകളാണു സ്പോർട്സ് കൗൺസിലിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളത്’

  കെ.പി. തോമസ് പരിശീലകൻ

Content highlights: National games athletics equipment vanishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com