ADVERTISEMENT

കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് അനുഭവിച്ച മാനസിക സംഘർഷത്തെക്കുറിച്ച് സൈന നെഹ്‌വാളും എച്ച്.എസ്.പ്രണോയിയും ‘മനോരമ’യോടു സംസാരിക്കുന്നു...

ജീവിതത്തിൽ ഇത്രയേറെ മാനസിക സംഘർഷം അനുഭവിച്ച ഒരു ദിവസമുണ്ടായിട്ടില്ലെന്ന് ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നെഹ്‍വാൾ. കോവിഡ് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ ‘മനോരമ’യോടു സംസാരിക്കുകയായിരുന്നു സൈന. കോവിഡ് പരിശോധനയ്ക്കും തുടർനടപടികൾക്കുമായി 14 മണിക്കൂറോളമാണു സൈനയും മലയാളി താരം എച്ച്.എസ്.പ്രണോയിയും ഇന്നലെ ആശുപത്രിയിൽ ചെലവഴിച്ചത്. രാവിലെ ആശുപത്രിയിലെത്തിച്ചശേഷം നടത്തിയ ആദ്യ പരിശോധനയിൽ പ്രണോയി നെഗറ്റീവായിരുന്നു. പക്ഷേ, സൈനയുടെ ഫലം പിന്നെയും പോസിറ്റീവ്.

ഡോക്ടർമാരുടെ പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷം വൈകിട്ടു നടത്തിയ 2–ാം പരിശോധനയിലാണു (രക്ത പരിശോധന) സൈനയുടെ ഫലം നെഗറ്റീവായത്. ഒരു ദിവസം മുഴുവൻ ‘ടെൻഷൻ’ അടിച്ചു തലപെരുത്തുപോയെന്നായിരുന്നു പ്രണോയിയുടെ പ്രതികരണം.

‘തായ്‌ലൻഡ് ഓപ്പൺ ചാംപ്യൻഷിപ്പിനായി ബാങ്കോക്കിൽ എത്തിയശേഷമുള്ള മൂന്നാമത്തെ കോവിഡ് പരിശോധനയാണു തിങ്കളാഴ്ച നടന്നത്. രോഗലക്ഷണങ്ങളില്ല. കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായിട്ടില്ല. മുൻകരുതലുകളെല്ലാം പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് എനിക്കും കശ്യപിനും പരിശോധനാഫലത്തെക്കുറിച്ച് ആശങ്കകളില്ലായിരുന്നു. കോവിഡ് പരിശോധ നടത്തിയതിന്റെ ചിത്രം തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ കാരണവും ഈ ആത്മവിശ്വാസം തന്നെയായിരുന്നു. പക്ഷേ, ഇന്നലെ രാവിലെ കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നപ്പോൾ ഞെട്ടിപ്പോയി’ – സൈന പറഞ്ഞു.

പരിശോധനകൾക്കുശേഷം പ്രാദേശിക സമയം രാത്രി എട്ടോടെയാണു സൈനയ്ക്കു ഹോട്ടൽ മുറിയിൽ തിരിച്ചെത്താനായത്. ഈ സമയംവരെ ഭർത്താവ് പി.കശ്യപ് മുറിയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഒടുവിൽ ആശങ്കകൾ പൂർണമായി അവസാനിപ്പിച്ച് ഇരുവർക്കും ബാഡ്മിന്റൻ ഫെഡറേഷന്റെ സന്ദേശമെത്തി. സൈനയ്ക്കും കശ്യപിനും ചാംപ്യൻഷിപ്പിൽ തുടരാം. സൈനയും കശ്യപും കോവിഡ് ബാധിതരാണെന്ന നിഗമനത്തിൽ ഇരുവരുടെയും എതിരാളികൾക്കു ഫെഡറേഷൻ വോക്ക് ഓവർ അനുവദിച്ചിരുന്നു. ആ തീരുമാനം രാത്രിയോടെ റദ്ദാക്കി. പ്രണോയിയുടെ മത്സരം ഇന്നാണു നടക്കേണ്ടത്. അതിനു മാറ്റമില്ലെന്നും സംഘാടകർ അറിയിച്ചു.

English Summary: Saina Nehwal about continous covid tests and mental stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com