ADVERTISEMENT

‘ഗുസ്തിക്കാരിയായത് കൊണ്ട് ആരെങ്കിലും തോണ്ടിയാൽ വിവരമറിയുമല്ലേ എന്ന് ചോദിക്കുന്നവരോട്, ഗുസ്തി മാത്രം പോരെടാ ഉവ്വേ. നല്ല മനക്കരുത്തുണ്ടെങ്കിൽ ആര്‍ക്കും മലർത്തിയിട്ടടിക്കാം’– പറയുന്നത് സംസ്ഥാന വനിതാ വിഭാഗം 68 കിലോഗ്രാം ഗുസ്തി മത്സരത്തിൽ സ്വര്‍ണം നേടി ദേശീയതല മത്സരത്തിന് അർഹയായിരിക്കുന്ന കൊല്ലം പുനലൂരിലെ കീർത്തി ആർ.

തൃശൂരിൽ നടന്ന സംസ്ഥാന ഗുസ്തി മത്സരത്തിലാണ് കീർത്തി വിജയമുറപ്പിച്ചത്. പുനലൂർ ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂളിൽ പഠിക്കുമ്പോഴാണ് കീർത്തി ആദ്യമായി ഗോദയിലിറങ്ങുന്നത്. സംസ്ഥാന ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡൻറ് ‍ടൈറ്റസ് ലൂക്കോസാണ് കീര്‍ത്തിക്ക് ഗുസ്തിയുടെ ബാലപാഠങ്ങൾ നല്‍കിയത്. ആദ്യ മത്സരം തിരുവനന്തപുരം സെൻട്രൽ സ്റ്റേ‍ഡിയത്തിൽ. അന്ന് വെങ്കലം നേടിയതോടെ കീർത്തി കൂടുതൽ പരിശ്രമിച്ചു. തുടർന്നുളള മത്സരങ്ങളിൽ സ്വർണം കുത്തകയാക്കി. കേരള സ്പോർട്സ് കൗൺസിൽ വനിതാവിഭാഗം റസ്‍ലിങ് കോച്ച് ജാസ്മിൻ ജോർജിന്‍റെ വിദഗ്ദ പരിശീലനം വേറെയും.

ഗുസ്തിയെപ്പോലെ ചെടികളെയേറെ ഇഷ്ടപ്പെടുന്ന കീർത്തി ബിസിഎം കോളേജിൽ ബിഎസ്‍സി ബോട്ടണിക്ക് ശേഷം ഡെറാഡൂണിൽ എംഎസ്്‍സി ഫോറെസ്ട്രി ചെയ്തു. പഠനത്തിരക്കുകൾക്കിടയിലും ഗുസ്തിയെ കൂടെ കൂട്ടാൻ കീർത്തി മറന്നില്ല. ബിരുദാനന്തര ബിരുദം കഴിഞ്ഞ് നേരെ മാറ്റിലേക്ക്. എത്ര സമയം പരിശീലിക്കുമെന്ന ചോദ്യത്തിന് എത്ര വേണമെങ്കിലും പരിശീലിക്കാമെന്ന കരുത്തുറ്റ മറുപടിയാണ് കാർത്തിയെ ഗോദയിലെ കൊടുങ്കാറ്റാക്കുന്നത്. അമ്മ രജനി പണ്ട് സംസ്ഥാന ഓട്ടത്തിൽ സ്വർണ ജേതാവും സഹോദരി പ്രീതി ബോക്സിങ് താരവുമാണെന്നും കീർത്തി പറയുന്നു.

പുസ്തകങ്ങൾ പ്രിയമുളള കീർത്തിക്ക് കൽപന ചൗളയും എപിജെ അബ്ദുൽ കലാമുമാണ് പ്രചോദനം. കൊറോണക്കാലത്തെ മത്സരങ്ങൾ വേറിട്ട അനുഭവമാണെന്ന് കീർത്തി പറയുന്നു. മത്സരാർത്ഥികളെ മുഴുവൻ സാനിറ്റൈസ് െചയ്താണ് ഗോദയിലിറക്കുക. എല്ലു കോച്ചുന്ന തണുപ്പാണ് വടക്കൻ ഗോദകളിലെ വെല്ലുവിളി. കേരളത്തിൽ ഗുസ്തിയ്ക്ക് പ്രാധാന്യമുണ്ടെങ്കിലും പിന്തുണയില്ലാത്തവർക്ക് കടന്നുവരാൻ ബുദ്ധിമുട്ടാണന്നും കീർത്തി പറയുന്നു.

മാറ്റുകളുടെ ലഭ്യതക്കുറവാണ് പ്രശ്നം. സർക്കാർ ഇക്കാര്യങ്ങളിൽ വേണ്ട ശ്രദ്ധ ചെലുത്താനുണ്ടെന്നാണ് കീർത്തി പറയുന്നത്. ജനുവരി 27ന് ആഗ്രയിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ കീർത്തി കേരളത്തെ പ്രതിനിധീകരിച്ച് ഗോദയിലിറങ്ങും.  കേരളത്തിനായി അങ്കത്തട്ടിലിറങ്ങുന്ന കീർത്തി അനേകര്‍ക്ക് പ്രചോദനമാകുമെന്ന് ഉറപ്പ്.

English Summary: Keerthi R won gold in 68 KG wrestling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com