ADVERTISEMENT

ന്യൂഡൽഹി∙ ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡുകൾ പ്രഖ്യാപിച്ചു. ചെസ് താരം കൊനേരു ഹംപിയാണ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ. മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോർജിനാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന വോട്ടെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ‘പുരസ്കാരം വളരെ വിലപ്പെട്ടതാണ്, എനിക്ക് മാത്രമല്ല, മുഴുവൻ ചെസ് സമൂഹത്തിനും. ഒരു ഇൻഡോർ ഗെയിം ആയതിനാൽ ചെസിന് ഇന്ത്യയിൽ ക്രിക്കറ്റിന് കിട്ടുന്നതുപോലെ ഒരു പൊതുശ്രദ്ധ കിട്ടുന്നില്ല. പക്ഷേ ഈ അവാർഡ് ചെസിന്റെ പൊതുജനസമ്മതി വളർത്താൻ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’– അവാർഡ് നേട്ടത്തെക്കുറിച്ചു കൊനേരു ഹംപി പ്രതികരിച്ചു.

ലോക വനിതാ റാപിഡ് ചെസ് ചാംപ്യനും 2020ലെ കെയ്ൺസ് കപ്പ് ജേതാവുമാണ് കൊനേരു ഹംപി. ‘എന്റെ മനോബലവും ആത്മവിശ്വാസവുമാണ് വർഷങ്ങളായി എന്റെ കൈമുതൽ. അതാണെന്റെ വിജയരഹസ്യവും. ഒരു വനിതാ കായികതാരം ഒരിക്കലും ഗെയിം നിർത്തി പുറത്തുപോകുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. വിവാഹവും അമ്മയാകുന്നതുമെല്ലാം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അത് നമ്മുടെ ജീവിതത്തിന്റെ ഒഴുക്കിനെ ബാധിക്കരുത്.‌’ കൊനേരു കൂട്ടിച്ചേർത്തു.

ഇന്ത്യൻ കായികരംഗത്തിന് നൽകിയ ഐതിഹാസിക സംഭാവനകളും കായികതാരങ്ങളുടെ തലമുറകൾക്ക് നൽകിയ പ്രചോദനവും കണക്കിലെടുത്താണ് അഞ്ജു ബോബി ജോർജിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. ലോകചാംപ്യൻഷിപ് നേടിയ ഒരേയൊരു ഇന്ത്യൻ അത്‌ലറ്റാണ് അഞ്ജു ബോബി ജോർജ്. 2003ൽ ലോങ്ജംപിലായിരുന്നു ചാംപ്യൻഷിപ് നേടിയത്.

‘ഈ അഭിമാനകരമായ പുരസ്കാരം സ്വീകരിക്കുമ്പോഴുള്ള എന്റെ വികാരങ്ങൾ പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ജീവിതയാത്രയിലെല്ലാം ഞാൻ അനുഗ്രഹിക്കപ്പെട്ടവളായിരുന്നു. എന്റെ മാതാപിതാക്കളുടെയും ഭർത്താവിന്റെയും പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഞാനിന്ന് എവിടെയും എത്തില്ലായിരുന്നു. അവർ എപ്പോഴും എന്റെ കൂടെ നിന്നു. കഠിനാധ്വാനത്തിനും സ്ഥിരോൽസാഹത്തിനും പകരം വെയ്ക്കാൻ മറ്റൊന്നുമില്ലെന്ന് ഞാൻ മറികടന്നുവന്ന പ്രതികൂല സാഹചര്യങ്ങൾ എന്നെ പഠിപ്പിച്ചു. ശരിയായ പ്രേരണയും സന്നദ്ധതയും ഉണ്ടെങ്കിൽ എന്തും സാധ്യമാണ്.’– പുരസ്കാരം സ്വീകരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു.

മനു ഭാകർ
മനു ഭാകർ

അവാർഡിൽ പുതുതായി ചേർക്കപ്പെട്ട വിഭാഗമായ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് യുവ ഇന്ത്യൻ ഷൂട്ടർ മനു ഭാകറിനാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പതിനാറ് വയസിനുള്ളിൽ നാല് സ്വർണമെഡലുകളാണ് മനു ഭാകർ സ്വന്തമാക്കിയത്. 2018ലെ രാജ്യാന്തര ഷൂട്ടിങ് സ്പോർട്ട് ഫെഡറേഷൻ വേൾഡ് കപ്പിൽ രണ്ട് സ്വർണമെഡലുകളും യൂത്ത് ഒളിംപിക് ഗെയിംസിൽ ഒരു സ്വർണമെഡലുമാണ് അവർക്ക് ലഭിച്ചത്. അതേവർഷം തന്നെ കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡോഡു കൂടി സ്വർണമെഡൽ മനു ഭാകർ നേടി.

English Summary: Koneru Humpy bags second BBC Indian Sports Woman Of The Year award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com