ADVERTISEMENT

ഭുവനേശ്വർ ∙ കഴിഞ്ഞ 2 തവണയും ജേതാക്കളായതിന്റെ ആത്മവിശ്വാസം. എതിരാളിയുടെ പിഴവുകൾ മനസ്സിലാക്കിയുള്ള ആക്രമണം. ഇതായിരുന്നു ഫൈനലിൽ റെയിൽവേക്കെതിരെ കേരളത്തിന്റെ വിജയമന്ത്രം. ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ആദ്യ സെറ്റ് 25–20നു കേരളം പിടിച്ചു. 2–ാം സെറ്റിൽ കടുത്ത പോരാട്ടം. സെറ്റ് നേടിയത് 27–25ന്. 25–13നു 3–ാം സെറ്റ് സ്വന്തം; കിരീടവും.

ടീം: കെ.എസ്.ജിനി (ക്യാപ്റ്റൻ), എം.ആർ.ആതിര, ജി.അഞ്ജുമോൾ, അഞ്ജു ബാലകൃഷ്ണൻ, എസ്.സൂര്യ, എം.ശ്രുതി, കെ.പി.അനുശ്രീ, എൻ.എസ്.ശരണ്യ, കെ.ബി.വിജിന, മായാ തോമസ്, അനഘ, അശ്വതി രവീന്ദ്രൻ. കോച്ച്: ഡോ. സി.എസ്.സദാനന്ദൻ. അസി. കോച്ച്: രാധിക കപിൽദേവ്.

ക്യാപ്റ്റൻസ് ടീം

ഒന്നും രണ്ടുമല്ല, 4 ക്യാപ്റ്റൻമാരാണു ദേശീയ വോളിയിൽ ഹാട്രിക് ജേതാക്കളായ കേരള വനിതാ ടീമിലുള്ളത്. 4 പേരും വിവിധ ചാംപ്യൻഷിപ്പുകളിൽ ടീമിനെ നയിച്ചവർ. കെ.എസ്.ജിനിയായിരുന്നു ഇത്തവണ ടീമിനെ നയിച്ചത്. ജി.അഞ്ജുമോൾ, എം.ശ്രുതി, അഞ്ജു ബാലകൃഷ്ണൻ എന്നിവർ മുൻ വർഷങ്ങളിൽ ടീമിനെ നയിച്ചവരാണ്. ടീമിലാകെയുള്ള 12 പേരിൽ 7 പേരും കെഎസ്ഇബി താരങ്ങളാണ്. 4 പേർ കേരള പൊലീസിൽ. പാലാ അൽഫോൻസ കോളജ് വിദ്യാർഥിനിയാണു വിജിന.

കഴിഞ്ഞ 2 തവണയും ദേശീയ വോളിയിൽ ജേതാക്കളായപ്പോൾ ടീമിലുണ്ടായിരുന്ന 7 പേർക്കു ഹാട്രിക് തികയ്ക്കാൻ ഭാഗ്യം ലഭിച്ചു. അഞ്ജു ബാലകൃഷ്ണൻ, സൂര്യ, ജിനി, ശ്രുതി, അനുശ്രീ, ശരണ്യ, അശ്വതി എന്നിവരാണവർ. വിജിന, ആതിര, അഞ്ജുമോൾ എന്നിവർക്കിതു പ്രഥമ ദേശീയ സീനിയർ കിരീടമാണ്.

പരിശീലക‍ൻ സി.എസ്.സദാനന്ദനും ചരിത്രനേട്ടമാണ്. വനിതാ ടീമിന്റെ  കോച്ചായ ശേഷം മത്സരിച്ച ദേശീയ ചാംപ്യൻഷിപ്പുകളിലെല്ലാം ടീം ജേതാക്കളായി. 2019ൽ സീനിയർ കിരീടവും ഫെഡറേഷൻ കപ്പും. കഴിഞ്ഞ വർഷവും ഈ 2 നേട്ടങ്ങളും ആവർത്തിച്ചു. ഇത്തവണ സീനിയറിൽ ജേതാക്കൾ. മേയിലെ ഫെഡറേഷൻ കപ്പുകൂടി ജയിച്ചാൽ 3 വർഷത്തിനിടെ 6 ദേശീയ കിരീടങ്ങളെന്ന റെക്കോർഡ് സ്വന്തമാകും.

English Summary: Kerala beat Railway in national senior volleyball

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com