ADVERTISEMENT

പട്യാല ∙ ദേശീയ കായികരംഗത്തെ മുൾമുനയിലാക്കി പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ (എൻഐഎസ് പട്യാല) കായികതാരങ്ങളും പരിശീലകരും ഉൾപ്പെടെ 26 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മുൻനിര അത്‍ലീറ്റുകൾ പരിശീലനം നടത്തുന്ന പട്യാലയിൽ കോവിഡ് പടർന്നുപിടിച്ചത് ഗൗരവത്തോടെയാണു കേന്ദ്ര കായികമന്ത്രാലയം നോക്കിക്കാണുന്നത്.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ബെംഗളൂരു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടിയ കായികതാരങ്ങളിൽ ആർക്കും കോവിഡില്ല എന്നതു മാത്രമാണ് ആശ്വാസം. 

ആകെ 380 താരങ്ങളാണു പട്യാലയിൽ വിവിധ ദേശീയ ക്യാംപുകളിലായി പരിശീലനം നടത്തുന്നത്. ദേശീയ അത്‌‌ലറ്റിക്സ് ടീമിലെ ഭൂരിഭാഗം താരങ്ങളും പട്യാലയിലാണു പരിശീലനം. ഭാരോദ്വഹന, ബോക്സിങ് താരങ്ങളും ഇവിടെ പരിശീലനം നടത്തുന്നുണ്ട്. ഇന്ത്യൻ പുരുഷ ബോക്സിങ് ടീമിന്റെ ചീഫ് കോച്ച് സി.എ.കുട്ടപ്പ, ഷോട്പുട്ട് പരിശീലകൻ മൊഹീന്ദർ സിങ് ധില്ലൻ എന്നിവരുൾപ്പെടെയുള്ളവർ കോവിഡ് പിടിപെട്ടവരിലുണ്ട്. ബെംഗളൂരുവിലെ 4 പേരിലൊരാൾ നടത്ത ടീമിന്റെ പരിശീലകനാണ്. ക്യാംപുകളിലുള്ള മുഴുവൻ താരങ്ങളെയും പരിശോധനയ്ക്കു വിധേയമാക്കിയെന്നാണു സൂചന. 

പട്യാലയിൽ കോവിഡ് പോസിറ്റീവായ 26 പേരിൽ 10 പേരും അത്‌ലറ്റിക്സിൽ പരിശീലനം നടത്തുന്നവരാണ്. ഏഷ്യൻ വെള്ളി ജേതാവ് ദീപക് കുമാർ ഉൾപ്പെടെ ഏഴോളം ബോക്സർമാരും പോസിറ്റീവാണ്. ഇവിടെയുള്ള ഭാരോദ്വഹന താരങ്ങളിൽ ആർക്കും കോവിഡ് പിടിപെട്ടിട്ടില്ലെന്നാണു വിവരം. 

English Summary: Covid for 30 athletes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com