ADVERTISEMENT

ചെക്കേഡ് ഫ്ലാഗ് മറികടക്കാൻ ഇതുപോലൊരു പോരാട്ടം ഫോർമുല വണ്ണിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ഗ്രിഡിൽ ഒന്നും രണ്ടും സ്ഥാനത്തു മത്സരം തുടങ്ങിയവർ അവസാന സെക്കൻഡിന്റെ ദശാംശക്കണക്കിൽ ഇഞ്ചോടിഞ്ചു പൊരുതിക്കയറിയപ്പോൾ ഉദ്വേഗത്തിന്റെ അവസാന കുതിപ്പിൽ റെഡ് ബുൾ താരം മാക്സ് വെസ്തപ്പനെ പിന്തള്ളി നിലവിലെ ചാംപ്യൻ മെഴ്സിഡീസിന്റെ ലൂയിസ് ഹാമിൽട്ടൻ വിജയിയായി.

2021 ഫോർമുല വൺ സീസണു തുടക്കമിട്ടു നടന്ന ബഹ്റൈൻ ഗ്രാൻപ്രിയിൽ ഹാമിൽട്ടൻ ജേതാവായി എന്നു പറയുന്നതു കേവലം വസ്തുത മാത്രം. അതിനപ്പുറം ഹാമിൽട്ടനും മാക്സ് വെസ്തപ്പനും തമ്മിലുള്ള വലിയൊരു പോരാട്ടത്തിന്റെ പ്രഖ്യാപനമായി വേണം ഇതു കാണാൻ. 2021 സീസൺ മെഴ്സിഡീസും റെഡ് ബുള്ളും തമ്മിലുള്ള വമ്പൻ ഏറ്റുമുട്ടലിനു വേദിയാകും എന്നുറപ്പായിക്കഴിഞ്ഞു.

∙ ചാംപ്യന്റെ മികവ്

പോൾ പൊസിഷനിലായിരുന്നു മാക്സ് വെസ്തപ്പൻ മത്സരം തുടങ്ങിയത്. ഹാമിൽട്ടനാകട്ടെ ഗ്രിഡിൽ രണ്ടാമനായും. തുടക്കത്തിൽ വെസ്തപ്പൻ തന്നെയായിരുന്നു മുന്നിൽ. പിറ്റ് ചെയ്തു പുറത്തിറങ്ങിയ ശേഷമാണു റെഡ് ബുൾ താരം പിന്നിലായത്. ഹാർഡ് ടയറിൽ ഹാമിൽട്ടൻ മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു. 56 ലാപ് മത്സരത്തിൽ 53–ാം ലാപ്പിൽ വെസ്തപ്പൻ ലൂയിസിനെ മറികടന്നതാണ്. എന്നാൽ, ട്രാക്കിനു പുറത്തുകൂടിയുള്ള മറികടക്കൽ അനുവദനീയമല്ലാത്തതിനാൽ സ്വയം വേഗം കുറച്ചു ഹാമിൽട്ടനെ കടത്തിവിടുകയായിരുന്നു. വീണ്ടും ശക്തമായ പോരാട്ടം തുടർന്നു. ചാംപ്യന്റെ വാലിൽത്തൊട്ടു മുന്നേറിയ നീക്കം പക്ഷേ, ചെക്കേഡ് ഫ്ലാഗ് കടക്കുമ്പോൾ 0.7 സെക്കൻഡ് പിന്നിലായി അവസാനിച്ചു. വെസ്തപ്പൻ നിരാശനാണെങ്കിലും ആരാധകർ ആവേശത്തിലാണ്. 2021 സീസൺ ഹാമിൽട്ടന്റെയും മെഴ്സിഡീസിന്റെയും അപ്രമാദിത്വത്തെ വെല്ലുവിളിക്കാൻ റെഡ് ബുള്ളും വെസ്തപ്പനും തയാറെടുത്തു കഴിഞ്ഞു.‌

ബഹ്റൈനിലെ ജയത്തിനിടെ ഹാമിൽട്ടൻ മൈക്കൽ ഷൂമാക്കറുടെ മറ്റൊരു റെക്കോർഡ് കൂടി മറികടന്നു. ഏറ്റവുമധികം ലാപ്പുകളിലെ ലീഡ് (5,111) എന്ന റെക്കോർഡാണ് ഹാമിൽട്ടൻ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ കരിയറിലെത്തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണിത്. മത്സരത്തിന്റെ പകുതിയിലേറെയും ഹാർഡ് ടയറിൽ, അതും നല്ല വേഗത്തിൽ പൂർത്തിയാക്കാൻ ഹാമിൽട്ടനേ കഴിയൂ. അവസാന ലാപ്പുകളിൽ ചെറിയൊരു പിഴവു വരുത്തിയെങ്കിലും മറികടക്കുന്നതിൽ വെസ്തപ്പനു സംഭവിച്ച അശ്രദ്ധ ചാംപ്യനു തുണയായി. 

∙ യഥാർഥ ചാലഞ്ചർ

കഴിഞ്ഞ സീസൺ ജയത്തോടെ അവസാനിപ്പിച്ച റെഡ് ബുൾ ഡ്രൈവർ മാക്സ് വെസ്തപ്പൻ പുതിയ സീസണിൽ വിജയത്തുടർച്ച ഉറപ്പാക്കിയതാണ്. യോഗ്യതാ റൗണ്ടുകളിൽ കൃത്യമായ മുൻതൂക്കം. പോൾ പൊസിഷൻ. കാര്യമായ വെല്ലുവിളി കൂടാതെ വിജയം കൈപ്പിടിയിലൊതുക്കാമെന്നു കരുതിയാണു വെസ്തപ്പൻ മത്സരത്തിനിറങ്ങിയത്. തുടക്കത്തിൽ ആ നിലയിലായിരുന്നു മുന്നേറ്റം. എന്നൽ, പിറ്റ് സ്റ്റോപ്പ് സമയം കൂടുതലെടുത്ത താരം തിരികെ സർക്യൂട്ടിലെത്തുമ്പോൾ ഹാമിൽട്ടനേക്കാൾ ഏറെ പിറകിലായി.

എന്നാൽ, റെഡ് ബുള്ളിന്റെ കരുത്തിൽ ഏഴു സെക്കൻഡ് എന്ന വ്യത്യാസം കുറച്ചുകൊണ്ടു വന്ന മാക്സ് അവസാനഘട്ടത്തിൽ ഹാമിൽട്ടനെ മറികടന്നെങ്കിലും ലീഡ് വിട്ടുകൊടുക്കുകയായിരുന്നു. വരും മത്സരങ്ങളിൽ പൊരിഞ്ഞ പോരാട്ടം പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പാണു ബഹ്റൈൻ സർക്യൂട്ട് നൽകുന്നത്.

∙ മെഴ്സിഡീസ് തന്നെ

വൾട്ടേരി ബൊത്താസ് പോഡിയത്തിൽ മൂന്നാമനായി ഇടംപിടിച്ചു മെഴ്സിഡീസിന് കാർ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ ലീഡ് നൽകി. പരിശീലന ഓട്ടങ്ങളിലും യോഗ്യതാ മത്സരങ്ങളിലും ഹാമിൽട്ടനെ വിടാതെ പിന്തുടർന്ന ബൊത്താസിനു പിറ്റ് സ്റ്റോപ്പിലെ താമസം വിനയായി. എങ്കിലും മൂന്നാമനായി മത്സരം പൂർത്തിയാക്കി.

∙ തുടക്കക്കാർ

ഷൂമാക്കറുടെ മകൻ മിക്ക് ഷൂമാക്കറുടെ ഫോർമുല വണ്ണിലെ അരങ്ങേറ്റം വേണ്ടത്ര ശോഭിച്ചില്ല എന്നതു നിർഭാഗ്യകരമാണ്. ടീം ഹാസിനു വേണ്ടി അരങ്ങേറിയ മിക്ക് പതിനെട്ടാമനായി മത്സരം തുടങ്ങി പതിനാറാമനായാണ് അവസാനിപ്പിച്ചത്. സഹതാരമായ മറ്റൊരു പുതുമുഖം മേസ്പിൻ മത്സരം പൂർത്തിയാക്കാനാകാതെ പിരിഞ്ഞു. മേസ്പിന്നിനേക്കാൾ വേഗം കണ്ടെത്താൻ കഴിഞ്ഞിരുന്നു മിക്കിന് എന്നതും ശ്രദ്ധേയമാണ്. 

∙ മികവിലേക്കെത്താതെ

ഫോർമുല വണ്ണിലേക്കു രണ്ടു വർഷത്തിനു ശേഷം തിരിച്ചെത്തിയ ഫെർണാണ്ടോ അലൊൻസോയ്ക്കും ബഹ്റൈനിൽ പിഴച്ചു. ഗ്രിഡിൽ ഒൻപതാം സ്ഥാനത്തു മത്സരം തുടങ്ങിയ അലൊൻസോയുടെ ആൽപിൻ ബ്രേക്ക് അമിതമായി ചൂടായതിനാൽ സർക്യൂട്ട് വിടുകയായിരുന്നു. 

നാലു വട്ടം കിരീടം ചൂടിയ ജർമൻ താരം സെബാസ്റ്റ്യൻ വെറ്റലിനും പുതിയ സീസൺ നല്ല വരവേൽപല്ല നൽകിയത്. പരിശീലനഘട്ടത്തിലെ പ്രശ്നങ്ങളെല്ലാം മത്സരത്തിലും ആവർത്തിച്ചതാണു വെറ്റലിനു വിനയായത്. ഒക്കോണിന്റെ കാറിനു പിന്നിൽ ഇടിച്ചു കയറിയതാകട്ടെ ഒഴിവാക്കാമായിരുന്ന പിഴവായിരുന്നു.

ആൽഫാ റോമിയോയ്ക്കു വേണ്ടി മത്സരിച്ച മുൻ ചാംപ്യൻ കിമി റെയ്ക്കോണൻ മികച്ച രീതിയിലാണു മുന്നേറിയതെങ്കിലും 11ാം സ്ഥാനത്താണു മത്സരം പൂർത്തിയാക്കിയത്.

അഞ്ചാമനായി തുടങ്ങി ആറാമനായി മത്സരം തീർത്ത ചാൾസ് ലെക്ലയർ ഫെറാറിയുടെ പുതിയ സീസണിലെ ആശങ്കകൾ തുറന്നു കാട്ടുന്നു. ഫോർമേഷൻ ലാപ്പിലെ പ്രശ്നങ്ങൾ മൂലം റെഡ് ബുൾ താരം സെർജിയോ പെരസിനു പിറ്റ് ലൈനിൽ നിന്നു മത്സരം തുടങ്ങേണ്ടി വന്നു. എന്നാൽ, മികച്ച പ്രകടനത്തിലൂടെ അഞ്ചാം സ്ഥാനത്തെത്താൻ കഴിഞ്ഞു എന്നത് പെരസിനും റെഡ് ബുൾ ടീമിനും ആശ്വാസകരമാണ്.

ബഹ്റൈൻ ഗ്രാൻപ്രി പറയുന്നത്: ഫോർമുല വൺ 2021 സീസണും ഹാമിൽട്ടനാകും മുൻനിരയിൽ. തൊട്ടടുത്ത എതിരാളി റെഡ് ബുള്ളിലെ മാക്സ് വെസ്തപ്പനാകും. മെഴ്സിഡീസ് ടീമിന്റെ തുടർച്ചയായ വിജയത്തിനു റെഡ് ബുൾ കനത്ത ഭീഷണിയാകും.

English Summary: Lewis Hamilton vs Max Verstappen Bahrain Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com