ADVERTISEMENT

ഇന്ത്യൻ ബാഡ്മിന്റനിലെ ഗ്ലാമർ താരം ജ്വാല ഗുട്ട വിവാഹിതയാകുന്നു. തെന്നിന്ത്യൻ സിനിമാ താരം വിഷ്ണു വിശാലുമായുള്ള വർഷങ്ങൾ നീണ്ട പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. ഈ മാസം 22ന് വിവാഹം നടക്കുമെന്ന വിവരം ഇന്നു ട്വിറ്ററിലൂടെയാണു ഇരുവരും പുറത്തുവിട്ടത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക എന്നാണു വിവരം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഡബിൾസ് താരങ്ങളിൽ ഒരാളായ ജ്വാല 37–ാം വയസ്സിലാണ് വീണ്ടും വിവാഹിതയാകുന്നത്. 

∙ ബോളിവുഡ് പ്രേമകഥ

ബോളിവുഡ് പ്രേമകഥ പോലെയായിരുന്നു ഇരുവരുടെയും വർഷങ്ങൾ നീണ്ട പ്രണയം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കും ഇവരുടെ പ്രണയ വിശേഷങ്ങള്‍ക്കും സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു. ലോക്ഡൗൺ കാലത്ത് വിശാലിനെ വളരെയധികം  ‘മിസ്’ ചെയ്യുന്നുവെന്നറിയിച്ച് ജ്വാല ട്വീറ്റ് ചെയ്തതിനു പിന്നാലെ ഇവരുടെ വിവാഹ  വാർത്തയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. വിഷ്ണു വിശാലുമായുള്ള പ്രണയത്തെക്കുറിച്ച് നേരത്തേ മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലും തുറന്നു പറഞ്ഞ ജ്വാല  വിവാഹം ഉടനുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. 

∙ ‘ജ്വാലവിഷ്ഡ്’

വിരാട് കോലിയും ബോളിവുഡ് നായിക അനുഷ്കയും തമ്മിലുള്ള വിവാഹ വാർത്തകൾ ‘വിരുഷ്ക’ എന്ന ഹാഷ്ടാഗിലാണ് പ്രചരിച്ചിരുന്നത്.  തന്റെ വിവാഹ വാർത്ത പുറത്തുവിട്ട കുറിപ്പിൽ 'jwalavished' എന്ന  ഹാഷ്ടാഗും ജ്വാല ഉൾപ്പെടുത്തിയിട്ടുണ്ട്. 19 വർഷക്കാലം ഇന്ത്യൻ ഡബിൾസ് ബാഡ്മിന്റനിൽ നിറ സാന്നിധ്യമായിരുന്ന ജ്വാല ഗുട്ട 14 തവണ ദേശീയ ചാംപ്യനായിരുന്നു. കോമൺവെൽത്ത് ഗെയിംസ് സ്വർണവും ലോക ചാംപ്യൻഷിപ്പിലെ വെങ്കലവുമൊക്കെ ജ്വാലയുടെ കൈപ്പിടിയിലൊതുങ്ങി.

വനിതാ ഡബിള്‍സിൽ അശ്വിനി പൊന്നപ്പയ്ക്കും മിക്സഡ് ഡബിൾസിൽ മലയാളി വി.ദിജുവിനും ഒപ്പമായിരുന്നു ജ്വാലയുടെ നേട്ടങ്ങളത്രയും. മുൻ ദേശീയ ബാഡ്മിന്റൻ ചാംപ്യൻ ചേതൻ ആനന്ദും ജ്വാലയുമായി കളിക്കളത്തിൽ വളർന്ന പ്രണയം 2005ൽ വിവാഹബന്ധത്തിൽ എത്തിയിരുന്നു. എന്നാൽ‌ 2011ൽ ഇവർ വേർപിരിഞ്ഞു

ചേതനുമായുള്ള ബന്ധം വേര്‍പിരിഞ്ഞശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്‍ഹറുദ്ദീനുമായുള്ള ജ്വാലയുടെ അടുപ്പവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ജ്വാലയുമായുള്ള അടുപ്പം കാരണം അസ്ഹറിന്റെ ദാമ്പത്യ ജീവിതം തകർന്നതായും ഇരുവരും വിവാഹിതരാകുമെന്നുമെല്ലാം വാര്‍ത്തകളുണ്ടായി. എന്നാൽ താനും അസ്‍ഹറും നല്ല സുഹൃത്തുക്കളാണെന്നും ബാഡ്മിന്റൻ ഫെഡറേഷന്റെ തലപ്പത്തുള്ളവരാണ് തങ്ങൾക്കെതിരെ ഗോസിപ്പുകൾ പ്രചരിപ്പിച്ചിരുന്നതെന്നും പിന്നീട് മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ജ്വാല വ്യക്തമാക്കി.

‘അസ്‌ഹറുദ്ദീൻ ബാഡ്മിന്റൻ ഫെഡറേഷൻ പ്രസിഡന്റാകാൻ ഒരുങ്ങിയ സമയത്തായിരുന്നു ‍ഞങ്ങളുടെ പേരിൽ‌ ഗോസിപ്പുകൾ ഉയർന്നത്. അസ്ഹറുദ്ദീനെ നോമിനേറ്റ് ചെയ്തതു ഞാനാണെന്നു പ്രചാരണവുമുണ്ടായി. ഗോസിപ്പുകൾക്കു പിന്നിൽ ആ സമയത്തെ ഫെഡറേഷന്റെ തല്ലപ്പത്തുള്ളവരായിരുന്നു. ഒരു വെടിക്കു രണ്ടുപക്ഷി. അതായിരുന്നു അവരുടെ ലക്ഷ്യം. ഞാനും അസ്ഹറുദ്ദീനും നല്ല സുഹൃത്തുക്കളാണ്. കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമുണ്ട്. എന്റെ അമ്മയുടെ പ്രായമുണ്ട് അദ്ദേഹത്തിനെന്നതു വിമർശനമുന്നയിച്ചവരാരും ഓർത്തില്ല. പിണങ്ങിപ്പോയെന്നു പറയുന്ന അസ്ഹറുദ്ദീന്റെ ഭാര്യ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനായി പ്രചരണത്തിനിറങ്ങിയതും ആരുടെയും കണ്ണിൽപെട്ടില്ല– ജ്വാല അഭിമുഖത്തിൽ പറഞ്ഞു.

English Summary: Jwala Gutta and Actor Vishnu Vishal Set to Get Married on April 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com