ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യൻ ബാഡ്മിന്റനിലെ ഗ്ലാമർ താരം ജ്വാല ഗുട്ടയ്ക്കു പ്രണയ സാഫല്യം. ജ്വാലയും തെന്നിന്ത്യൻ സിനിമാ താരം വിഷ്ണു വിശാലുമായുള്ള വിവാഹം വ്യാഴാഴ്ച ഹൈദാദരബാദില്‍ നടന്നു. കോവിഡ് പശ്ചാത്തലത്തിൽ നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 37 വയസ്സുകാരിയായ ജ്വാലയുടെ രണ്ടാം വിവാഹമാണിത്. ഹൈദരാബാദിലെ ഓർഗാനോ ഫാം ഹൗസിലായിരുന്നു വിവാഹ ചടങ്ങുകള്‍.

19 വർഷക്കാലം ഇന്ത്യൻ ഡബിൾസ് ബാഡ്മിന്റനിൽ നിറ സാന്നിധ്യമായിരുന്ന ജ്വാലയുടെ വിവാഹ ചടങ്ങിൽ 67 പേർക്കു മാത്രമായിരുന്നു ക്ഷണം. അതിൽ തന്നെ ബാഡ്മിന്റൻ രംഗത്തുനിന്ന് പങ്കെടുത്തത് ഒരാൾ മാത്രവും. മിക്സഡ് ഡബിള്‍സിൽ 7 വർഷക്കാലം ജ്വാലയുടെ പങ്കാളിയായിരുന്ന മലയാളി താരം വി.ദിജുവിനാണ് ബാഡ്മിന്റൻ രംഗത്തുനിന്നു ക്ഷണമുണ്ടായിരുന്നത്.

ജ്വാലയുടെ ഡബിൾസ് പങ്കാളിയായിരുന്ന അശ്വിനി പൊന്നപ്പ, പരിശീലകൻ പുല്ലേല ഗോപിചന്ദ്, ഇന്ത്യൻ ബാഡ്മിന്റൻ ക്യാംപിൽ ജ്വാലയ്ക്കൊപ്പമുണ്ടായിരുന്ന സൈന നെഹ്‍‌വാൾ, പി.വി.സിന്ധു, പി.കശ്യപ് തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആളുകളുടെ എണ്ണം കുറച്ചതിനാലാണു ബാഡ്മിന്റൻ താരങ്ങളിൽ പലരെയും ക്ഷണിക്കാത്തതെന്നാണു ജ്വാലയുടെ വിശദീകരണം.

2006ൽ ഇന്തൊനീഷ്യക്കാരനായ കോച്ച് ഹാർഡി സുഗിയാനോയാണ് ജ്വാല ഗുട്ടയെയും കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ദിജുവിനെയും മിക്‌സ്‌ഡ് ഡബിൾസിൽ ഒന്നിപ്പിക്കുന്നത്. തുടർന്ന് 7 വർഷം ഈ സഖ്യം രാജ്യത്തിന്റെ ബാഡ്‌മിന്റൻ പ്രതീക്ഷയുടെ റാക്കറ്റേന്തി. 2006 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും  2010 ഗെയിംസിൽ വെള്ളിയും ഇവർ നേടി. ലോക ബാഡമിന്റൻ ഫെഡറേഷന്റെ സൂപ്പർ സീരീസ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തി ചരിത്രനേട്ടം സ്വന്തമാക്കി.

2013ൽ ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്റൻ ചാംപ്യൻഷിപ്പിലാണ് ഇരുവരും അവസാനമായി കോർട്ടിലിറങ്ങിയത്. 19 വർഷം നീണ്ട കരിയറിൽ ഏറ്റവും ആസ്വദിച്ചു കളിച്ചത് മലയാളി താരം വി.ദിജുവിനൊപ്പമാണെന്നും കോർട്ടിൽ ഞങ്ങൾ തമ്മിലുണ്ടായിരുന്ന ഒത്തിണക്കം പിന്നീട് ഇന്ത്യൻ ഡബിൾസ് ടീമിൽ കണ്ടിട്ടില്ലെന്നും  ജ്വാല മുൻപ് മനോരമയ്ക്കു നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

English Summary: Jwala Gutta ties the knot with actor Vishnu Vishal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com