ADVERTISEMENT

ന്യൂഡൽഹി∙ ഗുസ്തി താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുൻ ദേശീയ ജൂനിയർ ചാംപ്യനായിരുന്ന സാഗർ റാണ കൊല്ലപ്പെട്ട സംഭവത്തിൽ, രണ്ടു തവണ ഒളിംപിക് മെഡൽ ജേതാവായിരുന്ന സുശീൽ കുമാറിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. സംഭവത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സോനു മഹലാണ് സുശീൽ കുമാറിന്റെ പങ്കിനെക്കുറിച്ച് പൊലീസിൽ മൊഴി നൽകിയത്. ഒളിവിൽ പോയ സുശീൽ കുമാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുശീൽ കുമാറിന്റെ വീട്ടിൽ ഉൾപ്പെടെ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും താരത്തെ കണ്ടെത്താനായിട്ടില്ല.

‘ഇരകളിൽ ഒരാളായ സോനു മഹലിന്റെ മൊഴി ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സുശീൽ കുമാറിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് അയാൾ നൽകിയ മൊഴി. സുശീൽ കുമാറിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തൽവച്ച് അക്രമികളിൽ ചിലർ പുറത്തുനിന്ന് വന്നവരാണ്’ – അഡീഷനൽ ഡിസിപി (നോർത്ത്–വെസ്റ്റ് ഡിസ്ട്രിക്ട്) ഡോ. ഗുരിഖ്ബാൽ സിങ് സിദ്ധു പറഞ്ഞു.

‘സുശീൽ കുമാറിനു പുറമെ അജയ്, പ്രിൻസ് ദലാൽ, സോനു മഹൽ, സാഗർ റാണ്, അമിത് കുമാർ എന്നിവരുൾപ്പെടെയുള്ളവരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽവച്ചാണ് സംഘർമുണ്ടായത്’ – സിദ്ധു പറഞ്ഞു.

സംഭവത്തിൽ കുറ്റാരോപിതനായ പ്രിൻസ് ദലാലിന്റെ ഫോണിൽനിന്ന് സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. മരണത്തിന് കീഴടങ്ങിയ സാഗർ റാണ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിലുണ്ടെന്നാണ് വിവരം. പ്രിൻസ് ദലാലിനെ സംഭവ സ്ഥലത്തുനിന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പ്രിന്‍സിന്റെ മൊബൈൽ ഫോണ്‍ പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്ന് രണ്ടു തോക്കുകളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിരുന്നു.

ചൊവ്വാഴ്ച രാത്രി ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലാണ് ഗുസ്തി താരങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം. സംഘർഷത്തിൽ മുൻ ദേശീയ ജൂനിയർ ചാംപ്യനായ ഇരുപത്തിമൂന്നുകാരൻ സാഗർ റാണ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സാഗർ, ആശുപത്രിയിൽവച്ചാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അമിത് കുമാർ, സോനു എന്നിവരെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിനുശേഷം ബുധനാഴ്ച വാർത്താ ഏജൻസി പ്രതിനിധികളുമായി സുശീൽ കുമാർ സംസാരിച്ചിരുന്നു. അജ്ഞാതരായ ആളുകളാണ് ആക്രമിച്ചതെന്നും തനിക്കും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കില്ലെന്നും സുശീൽ  കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ സുശീൽ കുമാറിനും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെയാണ് താരം ഒളിവിൽ പോയത്.

വ്യക്തിഗത ഇനത്തിൽ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡലുകൾ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് സുശീൽ കുമാർ. 2008ൽ ബെയ്ജിങ് ഒളിംപിക്സിലാണ് സുശീൽ കുമാർ ആദ്യമായി മെഡൽ നേടിയത്. അന്ന് വെങ്കല മെഡലായിരുന്നു നേട്ടം. പിന്നീട് 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേടി. ഗുസ്തി ഫെഡറേഷനുമായുണ്ടായിരുന്ന തർക്കങ്ങളെ തുടർന്ന് 2016ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ സുശീലിന് സാധിച്ചിരുന്നില്ല. അതിനുശേഷം കളത്തിൽ അത്ര സജീവമായിരുന്നില്ല. ടോക്കിയോ ഒളിംപിക്സിൽ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലും സുശീലില്ല.

English Summary: Injured victim of deadly brawl says wrestler Sushil Kumar involved: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com