ADVERTISEMENT

കോവിഡ് കാലത്ത് ബയോ ബബ്ളിൽ നേരിട്ട അനുഭവങ്ങൾ കായികതാരങ്ങൾ പങ്കുവയ്ക്കുന്നു. ഇന്ന് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്.

ഒരു വർഷത്തിലേറെയായി ബെംഗളൂരു സായ് സെന്ററിൽ കടുത്ത നിയന്ത്രണങ്ങളുടെ ജൈവസുരക്ഷാ വലയത്തിനുള്ളിൽ (ബയോ ബബ്ൾ) അടയ്ക്കപ്പെട്ടതോടെ ഇന്ത്യൻ ഹോക്കി താരം പി.ആർ.ശ്രീജേഷ് പുതിയൊരു ഹരത്തിലായി. കൂട്ടുചേരലിനുപോലും വിലക്കുള്ളതിനാൽ പരിശീലനം കഴിഞ്ഞുള്ള സമയത്തിലേറെയും പുസ്തകങ്ങളുമായാണു കൂട്ട്. വായിക്കുക മാത്രമല്ല, അതു സംബന്ധിച്ച് കുറിപ്പെഴുത്തുമുണ്ട്. ഒരു വർഷത്തിനിടെ എൺപതോളം പുസ്തകങ്ങൾ വായിച്ചതായി ശ്രീജേഷ് പറയുന്നു. 

‘പ്രചോദനാത്മകമായ പുസ്തകങ്ങളും ആത്മകഥകളും ജീവചരിത്രങ്ങളുമൊക്കെയാണ് ഇഷ്ടം. മുൻപൊക്കെ ഒരു പുസ്തകം കിട്ടിയാൽ നാലോ അഞ്ചോ മാസമെടുത്താണു വായിച്ചിരുന്നത്. ഇപ്പോൾ ഒരേസമയം ഒന്നിലേറെ പുസ്തകങ്ങൾ വായിക്കുന്നു. അമേരിക്കൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ ബറാക് ഒബാമ എഴുതിയ ദ് ഒഡാസിറ്റി ഓഫ് ഹോപ്, റിച്ചഡ് കസ്റ്റൺ എഴുതിയ ദ് ബുദ്ധ ഇൻ ഡെയ്‌ലി ലൈഫ്, ടെഡ് ടോക്കുകളെ അടിസ്ഥാനമാക്കി കാർമിൻ ഗാലോ എഴുതിയ ‘ടോക്ക് ലൈക്ക് ടെഡ്’ എന്നിവയാണ് ഇപ്പോൾ വായിക്കുന്നത്.

നല്ല പ്രഭാതശീലങ്ങളിലൂടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്നു വിവരിക്കുന്ന റോബിൻ ശർമയുടെ ‘ദ് 5 AM ക്ലബ്’ ആണ് വായിച്ചവയിൽ ഏറ്റവും ഇഷ്ടമായ പുസ്തകം. ടീമിലെ മറ്റൊരു ഗോളി മുംബൈക്കാരൻ സൂരജിനും വായനയിൽ താൽപര്യമുണ്ട്. പുസ്തകങ്ങൾ അവനും നൽകും.’

∙ തുറന്ന ജയിൽ പോലെ

ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ശ്രീജേഷ് ഉൾപ്പെട്ട ഇന്ത്യൻ ഹോക്കി ടീമും അത്‌ലറ്റിക് താരങ്ങളുമെല്ലാം ഒളിംപിക്സ് തയാറെടുപ്പുകളുമായി ബെംഗളൂരു സായ് സെന്ററിലായിരുന്നു. പിന്നെ ആ മതിൽക്കെട്ടിനുള്ളിലായി ജീവിതം. ‘ഇതൊരു തുറന്ന ജയിൽ പോലെയാണ്. ക്യാംപസിലൂടെ ഇറങ്ങി നടക്കാം. പക്ഷേ, പുറത്തു പോകാനാവില്ല. ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ടീം ഒരുമിച്ചുള്ള പരിശീലനത്തിനു പോലും വിലക്കായിരുന്നു. പിന്നീട് അതു മാറി. ഇപ്പോൾ ആഴ്ചയിൽ 2 മണിക്കൂർ വീതമുള്ള 10 സെഷനുകളിലായാണു പരിശീലനം.

ഹോസ്റ്റലിലെ ഒരു മുറിയിൽ രണ്ടു പേർ. ഒരേ പൊസിഷനിൽ കളിക്കുന്നവരെ ഒരു മുറിയിൽ ഒരുമിച്ചാക്കില്ല. കോവിഡ് രണ്ടുപേർക്കും വന്നാൽ ടീം പ്രതിസന്ധിയിലാവും. ഒഡീഷക്കാരനായ ഡിഫൻഡർ ബിരേന്ദ്ര ലക്രയാണ് എന്റെ സഹവാസി. ഇത്രയൊക്കെ കരുതലുണ്ടായിട്ടും വനിതാ ഹോക്കി ടീമിലെ 18 പേർക്കും പുരുഷ ടീമിലെ 14 പേർക്കും പലപ്പോഴായി കോവിഡ് വന്നു. ഇടയ്ക്കു വീട്ടിലൊക്കെ പോയി വന്നപ്പോഴായിരുന്നു ഇത്.  നെഗറ്റീവായശേഷം സെന്ററിലെ മറ്റൊരു ഹോസ്റ്റലിൽ ക്വാറന്റീനും കഴിഞ്ഞാണു തിരികെ മറ്റുള്ളവർക്കൊപ്പം പ്രവേശിപ്പിച്ചത്.’

∙ രണ്ടു നിലയിലെ ലോകം

ഈ ഫെബ്രുവരിയിലാണു മത്സരങ്ങൾക്കായി സായ് വിട്ടിറങ്ങിയത്. ജർമനി, ബൽജിയം പര്യടനമായിരുന്നു ലക്ഷ്യം. എല്ലാവരും ആവേശത്തിലായിരുന്നെങ്കിലും കടുത്ത നിയന്ത്രണങ്ങൾക്കുള്ളിലായിരുന്നു പര്യടനം. ഹോട്ടലുകളിൽ കളിക്കാർക്കായി മാത്രം നീക്കിവച്ച 2 നിലകളിലായിരുന്നു താമസം. സഞ്ചാരം അവിടെ മാത്രം. ഭക്ഷണം പ്രത്യേക ഹാളിൽ. 2 ദിവസത്തിനുള്ളിൽ ആന്റിജൻ പരിശോധനയും മത്സരത്തലേന്ന് ആർടിപിസിആർ പരിശോധനയും. ഭാഗ്യത്തിന് ആർക്കും കോവിഡ് ബാധിച്ചില്ല.

പരിശീലനത്തിനും കളിക്കും മാത്രമാണു ഹോട്ടൽ വിട്ടിറങ്ങിയത്. ജിം ഉപകരണങ്ങൾ ഉപയോഗിച്ച് മുറികളിലായിരുന്നു വർക്കൗട്ട്. മൂന്നാഴ്ച നീണ്ട പര്യടനം കഴിഞ്ഞു  തിരിച്ചു വന്നപ്പോൾ വീട്ടിൽ പോയി വരാൻ 3 ദിവസത്തെ അനുമതി ലഭിച്ചു. ശേഷം കഴിഞ്ഞ മാസം രണ്ടാഴ്ച പ്രോ–ലീഗിനായി അർജന്റീനയിൽ പോയി വന്നു. 

∙ ഒന്നിച്ചായത് നന്നായി

ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഒരു വർഷത്തോളം ഒരുമിച്ചു  പരിശീലിക്കാൻ കൈവന്ന അവസരം ടീമിനു ഗുണമായെന്നു ശ്രീജേഷ് പറയുന്നു. ജർമനിയിൽ 4 കളികളിൽ മൂന്നും ജയിച്ചു. ഒരു സമനില. ബൽജിയത്തിൽ ഇംഗ്ലണ്ടുമായിട്ടുള്ള 2 മത്സരങ്ങളിൽ ഓരോ ജയവും സമനിലയും. പ്രോ–ലീഗിൽ 2 മത്സരവും ജയിച്ചു. ബയോ ബബ്‌ളിൽ ടീമിനു കൈവന്ന ഒത്തൊരുമ തന്നെയാണു ക്ലിക്കായത്. ഈ മികവ് ഒളിംപിക്സിലും തുടരാൻ പ്രതീക്ഷയോടെ സജ്ജമാവുകയാണു ടീം.

Content Highlight: P.R. Sreejesh, Lockdown Life, Indian Hockey Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com