ADVERTISEMENT

എടീ, പോസിറ്റീവാണോ?’

‘മോളേ, നീയെങ്ങാനും പോസിറ്റീവായോ?’

‘വിസ്മയേ, പോസിറ്റീവാകാതെ

ശ്രദ്ധിച്ചോണേ...’

കഴിഞ്ഞ 5 മാസത്തിനിടെ മുപ്പതോളം തവണ കോവിഡ് പരിശോധനയ്ക്കു വിധേയയായ വി.കെ. വിസ്മയയ്ക്ക് ഇത്തരം ‘പോസിറ്റീവ്’ ചോദ്യങ്ങൾ ഇപ്പോൾ പതിവാണ്. പക്ഷേ, ഇതുവരെ വൈറസിന്റെ പിടിയിൽപ്പെടാതെ നെഗറ്റീവായ വിസ്മയ, ചോദ്യങ്ങളോടെല്ലാം പോസിറ്റീവായി പ്രതികരിച്ചു പരിശീലനത്തിന്റെ തിരക്കിലാണ്. ഒളിംപിക്സിൽ പങ്കെടുക്കണം, ഇന്ത്യയ്ക്കായി ബാറ്റൺ പിടിക്കണം. സ്വപ്നങ്ങളേറെയാണ്...

അച്ചാറും അമ്മയും

‘ആദ്യത്തെ ലോക്‌ഡൗൺ കാലം മുതൽ ഞാൻ പട്യാലയിലെ ദേശീയ ക്യാംപിലാണ്. ഗേൾസ് ഹോസ്റ്റലിൽനിന്ന് എങ്ങോട്ടും പോകാനാവാത്ത അവസ്ഥ. അങ്ങനെയാണു ഞങ്ങൾ പാചക പരീക്ഷണങ്ങൾ തുടങ്ങിയത്. ഇൻഡക്‌ഷൻ കുക്കറിൽ കേക്ക് നിർമാണം. പല ഫ്ലേവറുകളിലുള്ള കേക്കുകളുടെ രുചിഗന്ധം ഹോസ്റ്റൽ മുറികളിൽ പടർന്നു. കൂട്ടുകാരുടെ പിറന്നാളുകൾ ‘സെൽഫ് മേഡ്’ കേക്കുകൾകൊണ്ട് ഞങ്ങൾ ആഘോഷമാക്കി. അച്ചാറിടാൻ വരെ ഞാൻ അക്കാലത്തു പഠിച്ചു. ഞാൻ ഇതൊക്കെ പഠിച്ചെന്നു കേട്ട് എന്റെ അമ്മപോലും ഞെട്ടി. കഴിഞ്ഞ ഓണത്തിനു നല്ല സുന്ദരൻ സദ്യ തയാറാക്കി.

ഞങ്ങളുടെ പരീക്ഷണങ്ങൾ കണ്ട് ഒരു ദിവസം കന്റീൻ ഞങ്ങൾക്കു വിട്ടുതന്നു. രാവിലെ ദോശ, ഉച്ചയ്ക്കു ദോശ, രാത്രിയിലും ദോശ... ദോശയായിരുന്നു ഞങ്ങളുടെ മെയിൻ...’

മുജേ ഹിന്ദി മാലൂം!

‘പട്യാലയിലെത്തിയതു മുതൽ ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണ്. ഹിന്ദി എഴുതാനും വായിക്കാനും മാത്രം അറിയാമായിരുന്ന എനിക്കിപ്പോൾ അത്യാവശ്യം പറയാനൊക്കെ പറ്റും. മലയാളികളും കൂടെയുള്ളതുകൊണ്ട് ഇപ്പോൾ ഉഴപ്പാണെന്നു മാത്രം. ഇടയ്ക്കു പൂവമ്മ ചേച്ചിയുമായും (എം.ആർ.പൂവമ്മ) മറ്റുള്ളവരുമായും ചേർന്നു ഞങ്ങൾ ടിക്‌ടോക് വിഡിയോയൊക്കെ ചെയ്യുമായിരുന്നു.’

ജോലിയുടെ ബാറ്റൺ

‘2 സന്തോഷങ്ങളും ഇക്കാലത്തുണ്ടായി. കേരള സർക്കാർ വാഗ്ദാനം ചെയ്ത ജോലി കാത്തിരിക്കുന്നതിനിടെ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് ഓഫിസർ പോസ്റ്റിലേക്കു വിളിയെത്തി. ഇന്റർവ്യൂവും സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായിട്ടുണ്ട്. സംസ്ഥാന സർക്കാർ വാക്കു പാലിക്കുമെന്നാണു പ്രതീക്ഷ. നാട്ടിൽ ഒരു ജോലിയാണു  സ്വപ്നം. വാടകവീട്ടിൽ കഴിഞ്ഞ എനിക്കും കുടുംബത്തിനും സ്വന്തമായി ഒരു കൂര പൂർത്തിയായതും ഈ കോവിഡ് കാലത്താണ്. മാർച്ചിലായിരുന്നു പാലുകാച്ചൽ. ഇനി നാട്ടിൽ പോകുമ്പോൾവേണം പുതിയ വീട്ടിൽ ആദ്യമായി കിടന്നുറങ്ങാൻ...’

ഒളിംപ്യൻ വിസ്മയ

‘മിക്സ്ഡ് റിലേ ടീമിനൊപ്പം ഓടാമെന്നു കരുതിയിരുന്നപ്പോഴാണു കഴിഞ്ഞ വർഷം കോവിഡ് മൂലം ടോക്കിയോ ഒളിംപിക്സ് മാറ്റിവച്ചത്. അന്നേരം വലിയ നിരാശയായിരുന്നു. പിന്നീടു മീറ്റുകൾ ഓരോന്നായി റദ്ദാക്കപ്പെട്ടു. കാലിലെ പരുക്കുമൂലം ഫെ‍ഡറേഷൻ കപ്പിൽ നന്നായി പെർഫോം ചെയ്യാനായില്ല. ഇപ്പോൾ കോവിഡ് മൂലം ലോക റിലേ ചാംപ്യൻഷിപ്പും നഷ്ടമായി. വിദേശപരിശീലനം ഇനി നടക്കുമെന്നു തോന്നുന്നില്ല. എങ്കിലും ഒളിംപിക്സിൽ പ്രതീക്ഷ വച്ച് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കിടയിലും പരിശീലനം നന്നായി നടത്തുന്നുണ്ട്. ഈശ്വരാ, ട്രാക്ക് തെറ്റിക്കല്ലേ...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com