ADVERTISEMENT

ജിംനാസ്റ്റിക്സിൽ നല്ലൊരു ഭാവിയുണ്ടായിട്ടും 12–ാം വയസ്സിൽ തന്നെ അതുപേക്ഷിക്കാനുള്ള കാരണം ലിൻ ഹിൽ പറഞ്ഞതിങ്ങനെ: ‘എനിക്കു വയ്യ ഇങ്ങനെ ചിരിച്ചു നിൽക്കാനും ക്യൂട്ട് ആയ കാര്യങ്ങൾ ചെയ്യാനും..’.

ടഫ് ആയ കാര്യങ്ങൾ ചെയ്യാനുള്ള ഹില്ലിന്റെ ആഗ്രഹം ഒടുവിൽ പവർ‌ ലിഫ്റ്റിങ്ങും റണ്ണിങ്ങുമെല്ലാം കടന്ന് അവസാനിച്ചത് റോക്ക് ക്ലൈംബിങ്ങിലാണ്. എൺപതുകളിൽ യൗവനകാലത്ത് അമേരിക്കയിലെ പാറക്കെട്ടുകൾ ഒന്നൊന്നായി കീഴടക്കിയ ഹിൽ 1993ൽ 32–ാം വയസ്സിൽ അത്യപൂർവമായ ഒരു നേട്ടവും കൈവരിച്ചു. ലോകമെങ്ങുമുള്ള ക്ലൈംബർമാർക്കു കീഴിൽ എവറസ്റ്റ് പോലെ നിലനിന്ന കലിഫോർണിയയിലെ ‘എൽ ക്യാപിറ്റാൻ’ വെറുംകൈ ഉപയോഗിച്ചു കയറുന്ന ആദ്യത്തെയാൾ.

3000 അടി ഉയരത്തിൽ കുത്തനെ നിൽക്കുന്ന ‘എൽ ക്യാപിറ്റാൻ’ അതിന്റെ ആകൃതി കൊണ്ട് ‘ദ് നോസ്’ എന്നാണ് അറിയപ്പെടുന്നത്. പിറ്റേവർഷവും ലിൻ ലോകത്തെ ഞെട്ടിച്ചു. വെറും 23 മണിക്കൂർ കൊണ്ട് ഒരിക്കൽ കൂടി ആ ‘മൂക്കിൻ തുമ്പത്ത്’ ചുംബിച്ചു കൊണ്ട്. സുരക്ഷയ്ക്കായി അരയിൽ കെട്ടിയ കയർ മാത്രമായിരുന്നു സഹായം.

‘അമേരിക്ക കണ്ട ഏറ്റവും മികച്ച അത്‌ലീറ്റ്’ എന്നു വരെ ലിൻ വിശേഷിപ്പിക്കപ്പെട്ടു. ഏതെങ്കിലും കായികയിനത്തിൽ പുരുഷൻമാരെ ഇത്ര വെല്ലുവിളിച്ച മറ്റൊരു വനിതയില്ല എന്നു പറയാം. ഒരേസമയം പാറക്കെട്ടുകളും കായികരംഗൻ മറികടന്നത്. ഡിറ്റ്രോയിറ്റിൽ 1961 ജനുവരി മൂന്നിനു ജനിച്ച ലിന്നിനു ചെറുപ്പത്തിൽ തന്നെ സമൂഹത്തിലെ വേർതിരിവുകളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു.

‘‘ആൺകുട്ടികൾക്ക് ആഴ്ചജോലികളും പെൺകുട്ടികൾക്ക് ദൈനംദിന ജോലികളുമുള്ള ലോകത്തിൽനിന്നു ഞാൻ കുതറിയോടി’ എന്നാണു ലിൻ പറഞ്ഞത്. മാറ്റത്തിന്റെ കാറ്റുവീശിയ അറുപതുകളിലെ സവിശേഷമായ സ്വാതന്ത്ര്യദാഹം ലിൻ തന്റെ ജീവിതത്തിലേക്കും കൊണ്ടു വന്നു. ‘‘ഓരോ പാറക്കെട്ടും ഒരു പുസ്തകം പോലെയാണ്. വീണ്ടും വീണ്ടും അവ വായിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി..’’– ലിൻ പറഞ്ഞു.

അമേരിക്കയിൽ ഒട്ടേറെ ‌ദൗത്യങ്ങൾ പൂർത്തിയാക്കിയ ശേഷം ലിൻ വെല്ലുവിളികൾ തേടി യൂറോപ്പിലേക്കു പോയി. മത്സര ക്ലൈംബിങ്ങിലേക്കു ചുവടുമാറി 1990 ലോകകപ്പിൽ സ്വർണവും നേടി. എന്നാൽ വൈകാതെ തന്റെ ഏകാന്ത ധ്യാനമായ ഫ്രീ ക്ലൈംബിങ്ങിലേക്കു തന്നെ തിരിച്ചു വന്നു. നൃത്തവും ആയോധനകലയും ചേർന്ന ഒന്നാണ് റോക്ക് ക്ലൈംബിങ് എന്നു ലിൻ വിശ്വസിച്ചു. ലിൻ ‘എൽ ക്യാപിറ്റാൻ’ കീഴടക്കിയപ്പോൾ മറ്റൊരു ക്ലൈംബർ വിശേഷിപ്പിച്ചതിങ്ങനെ: ‘‘ശിൽപങ്ങളോ പ്രതിമകളോ ഒന്നുമല്ല. മനുഷ്യൻ പാറക്കല്ലുകളിൽ ചെയ്ത ഏറ്റവും മഹത്തരമായ കാര്യം ഇതാണ്..’’

മരണത്തെ പേടിയില്ലേ എന്ന ചോദ്യത്തിന് ലിൻ ഒരിക്കൽ പറഞ്ഞ മറുപടി ഇതാണ്: ‘‘എന്റെ ഒരു കൂട്ടുകാരൻ കാറപകടത്തിലാണ് മരിച്ചത്. മറ്റൊരാൾ ആത്മഹത്യ ചെയ്തു. ചെറുപ്പത്തിലേ മരിച്ചു പോകരുത് എന്നതു മാത്രമായിരുന്നു എന്റെ ആഗ്രഹം...’’ 42–ാം വയസ്സിൽ ഒരു ആൺകുഞ്ഞിനു ജന്മം നൽകിയ ശേഷമാണു ലിൻ ക്ലൈംബിങ് വിട്ടത്. 60–ാം വയസ്സിലും കോച്ചിങ്ങും ക്ലാസുകളുമായി സജീവമാണ് ഈ ‘റോക്ക് സ്റ്റാർ’.

Content Highlight: Lynn Hill, American Rock Climber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com