ADVERTISEMENT

‘പറക്കും സിങ്’– ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ് മിൽഖാ സിങ്ങിന് ഈ വിശേഷണം നൽകിയത് മുൻ പാക്കിസ്‌ഥാൻ പ്രസിഡന്റ് ജനറൽ അയൂബ് ഖാനാണ്. അക്കഥ ഇങ്ങനെ: 1960കളിൽ ലഹോറിൽ നടന്ന ഇന്തൊ–പാക്ക് മീറ്റിൽ മിൽഖയുടെ പ്രകടനം കണ്ടാണ് അന്ന് പാക്ക് പ്രസിഡന്റായിരുന്ന അയൂബ് ഖാൻ അദ്ദേഹത്തെ ‘പറക്കും സിങ്’ എന്നു വിശേഷിപ്പിച്ചത്.

200 മീ. മൽസരത്തിൽ പാക്കിസ്‌ഥാന്റെ അബ്‌ദുൽ ഖലീക്കിനെ തോൽപ്പിച്ച മിൽഖയുടെ പ്രകടനം നേരിൽ കണ്ട പ്രസിഡന്റ് ഖാൻ മിൽഖയോട് ഇങ്ങനെ പറഞ്ഞത്രെ – ‘‘താങ്കൾ ഓടുകയല്ല, പറക്കുകയാണ്’’. ഏഷ്യാഡുകളിലും കോമൺവെൽത്ത് ഗെയിംസുമടക്കം വിവിധ രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്‌ക്കുവേണ്ടി ട്രാക്കിൽ മെഡൽകൊയ്‌ത്ത് നടത്തിയിട്ടുണ്ട് മിൽഖ.

100, 200, 400 മീറ്ററുകളിൽ ദീർഘകാലം ദേശീയ റെക്കോർഡ് മിൽഖായുടെ പേരിലായിരുന്നു. 1958ലെ കോമൺവെൽത്ത് ഗെയിംസിലൂടെ (കാർഡിഫ്) മിൽഖായാണ് ഇന്ത്യയ്‌ക്ക് ലോകോത്തര ട്രാക്കിൽനിന്നും ആദ്യമായി സ്വർണം സമ്മാനിച്ചത്. 440 വാര ഓട്ടത്തിലാണ് മിൽഖാ ചരിത്രത്തിൽ ഇടംനേടിയത്.

1954 ഏഷ്യൻ ഗെയിംസിലൂടെ നേടിയ ഇരട്ട സ്വർണത്തിന്റെ (200 മീ., 400 മീ.) ശോഭയിലാണ് മിൽഖാ കാർഡിഫിൽ എത്തിയത്. ദക്ഷിണാഫ്രിക്കൻ അത്‌ലറ്റിക് ഇതിഹാസം സാക്ഷാൽ മാൽക്കം സ്‌പെൻസായിരുന്നു മിൽഖായുടെ മുഖ്യ എതിരാളി.

1958ലെ പരാജയത്തിന് സ്‌പെൻസ് അടുത്ത ഒളിംപിക്‌സിൽ പകരം വീട്ടി (400 മീ., 1960, റോം). അന്ന് 0.1 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് മിൽഖായ്‌ക്ക് ഒളിംപിക് വെങ്കലം നഷ്‌ടമായത്. സ്‌പെൻസ് ഇവിടെ വെങ്കലജേതാവായി. അന്ന് മിൽഖാ സൃഷ്‌ടിച്ച ഇന്ത്യൻ റെക്കാർഡ് തകർന്നത് 1998 ലാണെന്നതും ചരിത്രം.

English Summary: Milkha Singh, legendary athlete popularly known as 'Flying Singh'

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com