sections
MORE

രുചി മെയ്ഡ് ഇൻ ജപ്പാൻ! ഒരു ദിവസം 48,000 ത്തോളം വിഭവങ്ങൾ

olympics-food
ജാപ്പനീസ് ഭക്ഷണം വഷോക്കു. തെംപുര, സാഷിമി, മീൻ കറി, മിസോ സൂപ്പ്, സോയ സോസ്, ഒയത്സു, നാളികേരപ്പാൽ മധുരം, ഗ്രീൻ ടീ, വരായിബി മോച്ചി എന്നിവയാണിതിൽ. (ഫയൽ ചിത്രം)
SHARE

ഒളിംപിക് വില്ലേജിലെ കഫറ്റേരിയയിൽ ഒരു ദിവസം 48,000 ത്തോളം വിഭവങ്ങളാണു തയാറാക്കുക. പാശ്ചാത്യ– ഏഷ്യൻ– ജാപ്പനീസ് രുചികളിൽ 700 മെനു ഓപ്ഷനുകളുണ്ട് താരങ്ങൾക്ക്. 

ഓരോ ഒളിംപിക്‌സും ആതിഥേയനാടിന്റെ ഭക്ഷണവും സംസ്കാരവും അടുത്തറിയാനുള്ള വേദികൾകൂടിയാണ്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ടോക്കിയോയിൽ നടപ്പിലാക്കുന്നത് . ഒളിംപിക് വില്ലേജ്, പരിശീലന സ്ഥലങ്ങൾ, മത്സര വേദികൾ എന്നിവിടങ്ങളിലല്ലാതെ മറ്റൊരിടത്തും പോകാൻ കായികതാരങ്ങൾക്ക് അനുമതിയില്ല. അതുകൊണ്ടു തന്നെ ജപ്പാനിലെ പ്രാദേശിക രുചികൾ പരിചയപ്പെടാനുള്ള ഒരേയൊരു സ്ഥലമായി മാറിയിക്കുകയാണ് ഒളിംപിക് വില്ലേജ്.

18,000ത്തോളം അതിഥി താരങ്ങൾ ഒരേസമയം താമസിക്കുന്ന ഒളിംപിക് വില്ലേജിലെ കഫറ്റേരിയയിൽ ഒരു ദിവസം 48,000 ത്തോളം വിഭവങ്ങളാണു തയാറാക്കുക. പാശ്ചാത്യ– ഏഷ്യൻ– ജാപ്പനീസ് രുചികളിൽ 700 മെനു ഓപ്ഷനുകളുണ്ട് താരങ്ങൾക്ക്. ഏഷ്യൻ ഭക്ഷണ വിഭാഗത്തിൽ ചൈനീസിനൊപ്പം ഇന്ത്യൻ ഭക്ഷണവുമുണ്ട്. എന്നാൽ, കർശനമായ വൈറസ് പ്രതിരോധ പ്രോട്ടോക്കോൾമൂലം ജപ്പാനിലെ പരമ്പരാഗത വിഭവമായ സുഷി (വേവിക്കാത്ത മത്സ്യം ചേർത്തു വിളമ്പുന്ന ചോറ്) ഇത്തവണ ഊണുമേശയിലുണ്ടാവില്ല. ഇതു ഭക്ഷണ പ്രേമികൾക്കു വലിയ നിരാശയുണ്ടാക്കും. എങ്കിലും, ഗ്രിൽ ചെയ്ത വാഗ്യു ബീഫ്, മാവിൽ മുക്കിപ്പൊരിച്ച പച്ചക്കറികൾ, സീഫുഡ് എന്നിവയുണ്ടാകും. കൂടെ ജാപ്പനീസ് ഹോം മെയ്ഡ് ലഞ്ചും, കാബേജും പന്നിയിറച്ചിയും മാവൊഴിച്ചുണ്ടാക്കുന്ന ഒക്കോനോമിയാക്കിയും, നീരാളി കഷണങ്ങൾ നിറച്ച തക്കോയാക്കി എന്ന ഉണ്ണിയപ്പവും.

  ജാപ്പനീസ് ഭക്ഷണം യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിലുണ്ട്. അതീവ ശ്രദ്ധയോടെയും എന്നാൽ ലളിതമായുമാണ് ഓരോ ജാപ്പനീസ് ഭക്ഷണവും തയാറാക്കുന്നത്.  ആരോഗ്യകരമായ ഭക്ഷണശീലം കാരണം ജപ്പാനിലെ ജനങ്ങൾ ദീർഘായുസ്സുള്ളവരാണ്, പ്രമേഹവും ഹൃദ്രോഗവുമൊക്കെ വളരെക്കുറവും. 

ലോകത്തെ നല്ല മാതൃകകൾ കടമെടുക്കുന്ന രീതിയാണ് ജപ്പാനിൽ. ചൈനയിൽനിന്നു വന്നതാണ് ചോപ്സ്റ്റിക്കുകൾ; കൂടെ സോയസോസും സോയാബീൻ പാൽക്കട്ടിയും.  നമ്മുടെ കറിയോടു കാഴ്ചയിൽ മാത്രം സാമ്യമുള്ള, രുചിയിൽ കുറച്ചകലെ നിൽക്കുന്ന ‘കരെ’ ഇന്ത്യൻ കറിയാണത്രേ.  പുളിപ്പിച്ച സോയാബീൻ പേസ്റ്റ് കൊണ്ടുണ്ടാക്കുന്ന മിസോ സൂപ്പ്, ഉദോൺ എന്ന ഗോതമ്പു നൂഡിൽസ്, യാകിത്തോരി എന്ന ചിക്കൻ ചുട്ടത്, രാമൻ എന്ന നൂഡിൽസ്, ദോമ്പുരി എന്ന റൈസ്ബൗൾ, നത്തോ എന്ന പുളിപ്പിച്ച സോയാബീൻ,   ഇറച്ചിപ്പാളികളുടെ ഷബുഷബു, ഒനിഗിരി എന്ന ചോറുരുള, ഇളം സോയാബീൻ പുഴുങ്ങിയത്, ചവാൻമുഷി എന്ന കസ്റ്റാർഡ് തുടങ്ങി ഒട്ടേറെ അദ്ഭുതകരമായ ഭക്ഷണങ്ങളുള്ള ജാപ്പനീസ് പാചകാനുഭവം ഏതൊരു സന്ദർശകന്റെയും മനവും രസമുകുളങ്ങളും കവരും.  ദേശീയ പാനീയമായ ഗ്രീൻ ടീയും സാകെ എന്ന നെല്ല് വാറ്റിയ ചൂടുചാരായവും സർവവ്യാപിയാണ്.    കടുത്ത വേനലിൽനിന്നും മാനസിക പിരിമുറുക്കത്തിൽനിന്നും അത്‌ലീറ്റുകളെ സംരക്ഷിക്കാൻ കഴിയുന്ന രീതിയിൽ, അവർക്കു മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായകരമാകുന്ന നല്ല ഭക്ഷണം നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ.

English Summary: Food menu for Olympic Athletes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA