ADVERTISEMENT

ഒരു വർഷം വൈകിയിട്ടും ഒട്ടും തിടുക്കമില്ലാതെ; കാത്തുകാത്തിരുന്ന ഒളിംപിക്സിന് ജപ്പാൻ സ്വാഗതമോതിയത് നാലു മണിക്കൂറിലേറെ നീണ്ട ഉദ്ഘാടനച്ചടങ്ങിനു ശേഷം! 57 വർഷം മുൻപ് ഒളിംപിക്സ് നടന്ന അതേ വേദിയിൽ ഒരിക്കൽ കൂടി ലോക കായിക മാമാങ്കത്തിനു ആതിഥ്യമരുളിയപ്പോൾ, അകലം പാലിക്കേണ്ട ഈ മഹാമാരിക്കാലത്തും അടുപ്പമാകാമെന്ന സന്ദേശവുമായി ജപ്പാൻ വീണ്ടും ലോകത്തിനു പ്രചോദനമാകുന്നു. കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്ന ഒളിംപിക്സ് ആപ്തവാക്യത്തിലേക്ക് ഒരു വാക്ക് കൂടി എഴുതിചേർത്തിരിക്കുന്നു: ഒരുമിച്ച്!

∙ ഓർമയിലെന്നും ബ്ലൂ ഇംപൾസ്

ആകാശത്തും ഭൂമിയിലും ഓളവും താളവും തീർത്താണ് ജപ്പാൻ ഒളിംപിക്സിന് സ്വാഗതമോതിയത്. ജാപ്പനീസ് എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ ബ്ലൂ ഇംപൾസ് ജെറ്റ് സംഘം ആകാശത്തു തീർത്ത പ്രദർശനപ്പറക്കലായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ വലിയ ആകർഷണങ്ങളിലൊന്ന്. 1964ലെ ടോക്കിയോ ഒളിംപിക്സിനും 1998ലെ നാഗാനോ ശീതകാല ഒളിംപിക്സിനും മാത്രമാണ് ബ്ലൂ ഇംപൾസ് ഇതിനു മുൻപ് ആകാശത്ത് നിറപ്പകിട്ടു തീർത്തത്.

നീലാകാശത്തിലേക്ക് പറന്നുയർന്ന 6 ജെറ്റുകൾ ടോക്കിയോ മെട്രോപൊളിറ്റൻ സർക്കാർ കെട്ടിടം, ടോക്കിയോ സ്റ്റേഷൻ, ടോക്കിയോ ടവർ, ടോക്കിയോ സ്കൈട്രീ എന്നിവയ്ക്കു മുകളിലൂടെ പറന്ന് നാഷനൽ സ്റ്റേഡിയത്തിന്റെ ആകാശത്ത് പഞ്ചവർണങ്ങളിൽ ഒളിംപിക് വളയങ്ങൾ വരച്ചു. മേഘം മൂടിയ അന്തരീക്ഷത്തിലും ആവേശത്തോടെ ജാപ്പനീസ് ജനത ആ ദൃശ്യം കണ്ണിലും ക്യാമറയിലും പകർത്തി.

∙ വിശറി മുതൽ പർവതം വരെ

ഒളിംപിക്സിലെ ദീപശിഖാവേദി ജപ്പാനിലെ വിശുദ്ധ പർവതമായ ഫ്യൂജിയെ പ്രതിനിധീകരിച്ചപ്പോൾ മെഡൽ പോഡിയം വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രാർഥന രേഖപ്പെടുത്തിയ ജാപ്പനീസ് വിശറിയെ അനുസ്മരിപ്പിച്ചു. പഴയ കാല ജപ്പാനിലെ അഗ്നിശമന സേനാംഗങ്ങളുടെ പരമ്പരാഗത നൃത്തം കാബുകി, എദോ കാലഘട്ടത്തിലെ തച്ചന്മാരുടെ നൃത്തം എന്നിവയെല്ലാം ചടങ്ങിനു മിഴിവേകി. ഉദ്ഘാടനച്ചടങ്ങിൽ ഉപയോഗിച്ച ഒളിംപിക് വളയങ്ങൾക്കു ചുറ്റും കത്തിച്ച പരമ്പരാഗത വിളക്കുകൾ നിർമിച്ചത് 1964ൽ ടോക്കിയോ ആതിഥ്യമരുളിയ ഒളിംപിക്സ് കാലത്ത് കായിക താരങ്ങൾ നട്ട മരങ്ങളിലെ തടി ഉപയോഗിച്ചാണ്.

∙ ഒറ്റ തിരിഞ്ഞ്, ഒരുമയോടെ..

ഒളിംപിക്സ് വില്ലേജിൽ നിന്ന് പത്തു കിലോമീറ്റർ അകലെയുള്ള സ്റ്റേഡിയത്തിലേക്ക് ടോക്കിയോയിലെ റെയിൻബോ ബ്രിജ് കടന്നാണ് അത്‌ലീറ്റുകൾ എത്തിയത്. സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനു മുന്നിൽ ജപ്പാനിലെ സ്കൂൾ കുട്ടികൾ എഴുതിയ സന്ദേശങ്ങൾ തൂക്കിയ ഹൈഡ്രേഞ്ചിയ ചെടികൾ വച്ചിട്ടുണ്ടായിരുന്നു. മാർച്ച്പാസ്റ്റിൽ ആദ്യം വന്ന ഗ്രീസിന് പിന്നിൽ സ്വന്തമായി രാജ്യമില്ലാതായിപ്പോയ അഭയാർഥികളുടെ സംഘം. പിന്നാലെ ജാപ്പനീസ് അക്ഷരമാലാ ക്രമത്തിൽ മറ്റു രാജ്യങ്ങൾ.

ഇരുപത്തൊന്നാമതായാണ് ത്രിവർണ പതാകയേന്തി സ്വർണനിറത്തിലുള്ള വസ്ത്രവും കറുത്ത കോട്ടുമണിഞ്ഞ് ഇന്ത്യൻ സംഘമെത്തിയത്. ഏറ്റവും അവസാനം ആതിഥേയരാജ്യമായ ജപ്പാൻ. പിന്നാലെ സ്റ്റേഡിയത്തിന് മുകളിൽ 1824 ഡ്രോണുകൾ തീർത്ത പ്രകാശപ്പൂരം.

English Summary: Tokyo Olympics 2021 Opening ceremony Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com