ADVERTISEMENT

ടോക്കിയോ∙ ഭാരോദ്വഹനത്തിലെ വെള്ളി നേട്ടത്തോടെ മീരാഭായ് ചാനു ആദ്യ മെഡൽ സമ്മാനിച്ചെങ്കിലും, 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ വിഭാഗത്തിൽ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തെത്തി മെഡൽ പ്രതീക്ഷ ഉയർത്തിയ സൗരഭ് ചൗധരിക്കു ഫൈനലിൽ മികവിലേക്ക് ഉയരാനാകാതെ പോയത് ഇന്ത്യയ്ക്കു കടുത്ത നിരാശയായി. 

586 പോയിന്റോടെ യോഗ്യത നേടിയ ലോക രണ്ടാം നമ്പർ സൗരഭിനു ഫൈനലിൽ 7–ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. ഈ ഇനത്തിൽ 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ താരമാണു സൗരഭ്.

575 പോയിന്റ് നേടിയ ലോക ഒന്നാം നമ്പർ അഭിഷേക് വർമ ഈ ഇനത്തിൽ ഫൈനൽ കാണാതെ പുറത്തായതും ഇന്ത്യയ്ക്കു തിരിച്ചടിയായി. 10 മീറ്റർ എയർ പിസ്റ്റൾ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ ലോക ഒന്നാം നമ്പർ ഇളവേനിൽ വാളറിവനും 11–ാം നമ്പർ അപൂർവി ചന്ദേലയും ഫൈനൽ കാണാതെ പുറത്തായി. അർച്ചറി മിക്സഡ് വിഭാഗം ക്വാർട്ടറിൽ ഇന്ത്യയുടെ ദീപിക കുമാരി– പ്രവീൺ ജാദവ് സഖ്യവും തോൽവി രുചിച്ചു. ദക്ഷിണ കൊറിയയുടെ ആൻ സാൻ– കിം ചി ദോക് സഖ്യത്തോടു 2–6 നായിരുന്നു തോൽവി. 

sumitnagal
സുമിത് നഗാൾ.

എന്നാൽ, ടെന്നിസ് പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ 2018 ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് ഉസ്ബക്കിസ്ഥാന്റെ ഡെന്നിസ് ഇസ്തോമിനെ ഇന്ത്യൻ താരം സുമിത് നഗാൾ അട്ടിമറിച്ചു (6–4,6–7,6–4). 25 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഒളിംപിക്സിൽ ടെന്നിസ് സിംഗിൾസ് മത്സരം ജയിക്കുന്നത്. റഷ്യയുടെ ലോക രണ്ടാം നമ്പർ ഡാനിൽ മെദ്‌വദേവാണ് അടുത്ത മത്സരത്തിൽ നഗാളിന്റെ എതിരാളി.

ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ ബ്രിട്ടന്റെ ഹോ ടിൻ–ടിന്നിനെ മറികടന്ന് (11–7,11–6, 12–10,11–9) മാണിക ഭക്രയും രണ്ടാം റൗണ്ടിലേക്കു മുന്നേറി. 

ബാഡ്മിന്റൻ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രൻകിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം ചൈനീസ് തായ്‌പേയിയുടെ ലോക മൂന്നാം നമ്പർ യാങ് ലീ– ചി ലിൻ വാങ് സഖ്യത്തെ 21–16,12–21,27–25നു അട്ടിമറിച്ചപ്പോൾ പുരുഷ സിംഗിൾസിൽ ഇസ്രയേലിന്റെ മിസ സിബെർമാനോട് ഇന്ത്യയുടെ സായ് പ്രണീത് കീഴടങ്ങി (21–17, 21–15). ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു, ബോക്സിങ് ഫ്ലൈ വെയ്റ്റിൽ മേരി കോം തുടങ്ങിയവർ നാളെ ഇറങ്ങും. 

English Summary: Saurabh Chaudhary Finishes 7th In Men's 10m Air Pistol Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com