ADVERTISEMENT

മലപ്പുറം∙ രാജ്യത്തിന്റെ കായിക ഭൂപടത്തിൽ കാൽപന്തുകൊണ്ടൊരു ചിത്രം വരച്ച ദേശമാണു മലപ്പുറം ജില്ല. ആ ജില്ലയിലെ ലോക കായിക മാമാങ്കമായ ഒളിംപിക്സിൽ അടയാളപ്പെടുത്തിയത്, കാൽപന്തു ഗ്രാമമായ അരീക്കോട്ടു നിന്നുള്ളൊരു പട്ടാളക്കാരനാണ്. 2012ലെ ലണ്ടൻ ഒളിംപിക്സിൽ 20 കി.മീ.നടത്തത്തിൽ കെ.ടി. ഇർഫാൻ ട്രാക്കിലിറങ്ങിയപ്പോൾ അദ്ദേഹത്തോടൊപ്പം ഒളിംപിക്സിൽ ഹരിശ്രീ കുറിച്ചതു ഒരു ജില്ലയൊന്നാകെയാണ്. 

മലപ്പുറത്തിന്റെ ആദ്യ ഒളിംപ്യൻ എന്ന വിശേഷണത്തിനൊപ്പം കെ.ടി.ഇർഫാനെന്ന പേര് ചരിത്രത്തിൽ കൊത്തിവയ്ക്കപ്പെട്ടു. ലോകം വീണ്ടും  ഒളിംപിക്സ് ആവേശത്തിലേക്കുണരുമ്പോൾ വാക്കിങ് ട്രാക്കിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിക്കാൻ ഇത്തവണയും ഇർഫാനുണ്ട്. മലപ്പുറത്തിന്റെ ആദ്യ ഒളിംപ്യന്റെ വിശേഷങ്ങൾ.

കളിപ്പെരുമ അടിസ്ഥാനമാക്കിയൊരു രേഖാ ചിത്രം വരച്ചാൽ അരീക്കോടിന്റെ രൂപം തീർച്ചയായും ഫുട്ബോളിന്റേതായിരിക്കും. കുറച്ചു വർഷങ്ങളായി പക്ഷേ, ഒരു ഒറ്റയടിപ്പാത കൂടി അവിടെ തെളിഞ്ഞുവരുന്നുണ്ട്. കുനിയിലെ കോലോത്തും തൊടി വീട്ടിൽ നിന്നു ഒളിംപിക്സിലേക്കു നീളുന്ന ഒരു വാക്കിങ്  ട്രാക്ക്. കെ.ടി.ഇർഫാൻ എന്ന ചെറുപ്പക്കാരൻ നടന്നു നടന്നാണു അരീക്കോടിന്റെ കായികപ്പെരുമയിലേക്കു വാക്കിങ്ങിനെക്കൂടി ചേർത്തു നിർത്തിയത്. മലപ്പുറത്തിന്റെ ആദ്യ ഒളിംപ്യൻ, രണ്ടാമത്തെ ഒളിംപിക്സിനു സ്പൈക്ക് മുറുക്കുമ്പോൾ  നാടും വീടും പ്രതീക്ഷയിലാണ്.ടോക്കിയോയിലെ 20 കി.മീ. വാക്കിങ് ട്രാക്കിൽ നിന്നൊരു സന്തോഷ വാർത്തയ്ക്കായാണു  കാത്തിരിപ്പ്. 

irfanhome
കുനിയിലെ വീട്ടിൽ കെ.ടി.ഇർഫാനു ലഭിച്ച ഉപഹാരത്തിലേക്കു നോക്കുന്ന മൂത്തമകൻ ഹമദ് സയർ. ഇർഫാന്റെ സഹോദരൻ ഷാജഹാൻ, പിതാവ് മുസ്തഫ, ഇർഫാന്റെ ഭാര്യ സഹ്‌ല, ഇളയ മകൻ ഹമദ് ഇലാൻ, ഇർഫാന്റെ ഉമ്മ ഫാത്തിമ എന്നിവർ സമീപം.

∙ ലോങ് ജംപിൽനിന്നു നടത്തത്തിലേക്ക്

ഭൂമി ശാസ്ത്രപരമായി കുനിയിൽ ഗ്രാമം കീഴുപറമ്പ് പഞ്ചായത്തിന്റെ ഭാഗമാണ്. ജനിതക ഘടന പക്ഷേ, അയൽ പഞ്ചായത്തായ അരീക്കോടിന്റേതാണ്. ഫുട്ബോൾ ആവേശമാണു മുഖമുദ്ര. ഇർഫാനും ആദ്യമിറങ്ങിയത് ഫുട്ബോൾ മൈതാനത്താണ്. അൽ അൻവാർ ഹൈ സ്കൂൾ പഠനകാലത്ത് ജംപിങ് പിറ്റുകളിൽ ഭാഗ്യം പരീക്ഷിച്ചു. മത്സരത്തിനിടെ കയ്യൊടിഞ്ഞു മൈതാനത്തോടു ‘ബൈ’ പറയാനൊരുങ്ങിയതാണ്. കീഴുപറമ്പ് ഗവ.വിഎച്ച്‌എസ്എസിലെ പഠന കാലത്താണ് പിന്നെ നടത്തത്തിന്റെ ‘ട്രാക്കി’ലിറങ്ങിയത്. നാട്ടുകാരനായ റെബാസ് എന്ന സംസ്ഥാന തലത്തിൽ 20 കി.മീ.വാക്കിങ്ങിൽ മത്സരിക്കുന്നുണ്ട്.കുനിയിൽ മുതൽ മുക്കം വരെയുള്ള 10 കി.മീറ്ററിൽ റെബാസിനൊപ്പം നടക്കാൻ ഇർഫാനും കൂടി.ലണ്ടൻ കടന്നു ടോക്കിയോയിലെത്തി നിൽക്കുന്ന നടത്തപ്പെരുമയുടെ ആദ്യ ചുവടുകൾ അവിടെ തുടങ്ങി. 

കോഴിക്കോട് സായ് സെന്ററിലെ പരിശീലനവും ദേവഗിരി കോളജിലെ ബിരുദ പഠനവും അതിനെ മിനുക്കിയെടുത്തു. കരസേനയിൽ ജോലി ലഭിച്ചു മികവുറ്റ പരിശീലനം കൂടിയായപ്പോൾ ഇൻഫാൻ ഒളിംപിക്സിലേക്കു നടന്നു കയറി. നിലവിൽ മദ്രാസ് റെജിമെന്റിൽ നോൺ കമ്മിഷൻഡ് ഓഫിസർ.

കർഷകനായ കെ.ടി.മുസ്തഫ- ഫാത്തിമ ദമ്പതികളുടെ ആറു മക്കളിൽ അഞ്ചാമനമായ ഇർഫാനും ട്രാക്കിലെപ്പോഴും ഒന്നാമകനാകാനാണിഷ്ടം. ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ്  ഇർഫാനാണ്. ഒളിംപിക്സിൽ ഹരിശ്രീ കുറിച്ച ലണ്ടനിൽ (2012) ദേശീയ റെക്കോർഡ്  തകർത്താണു വരവറിയിച്ചത്. 

k-t-irfan2

∙ 2 വർഷമായി തീവ്ര പരിശീലനം

ടോക്കിയോയിൽ അതുക്കും മേലെയാണു പ്രതീക്ഷകൾ. അതിനായി ബെംഗളുരു സായ് സെന്ററിലെ ക്യാംപിൽ 2 വർഷമായി കഠിന പരിശീലനത്തിലാണ്. അതിനിടെ, ക്ഷണിക്കപ്പെടാത്ത അതിഥിയായി കോവിഡെത്തിയെങ്കിലും അസുഖം ഭേദമായി ഇർഫാൻ പരിശീലന ട്രാക്കിൽ സജീവമായി.

ഇർഫാനൊപ്പം ബെംഗളുരുവിലായിരുന്ന ഭാര്യ സഹ്‌ലയും മക്കളായ ഹമദ് സയറും ഹമദ് ഇലാനും രണ്ടു മാസം മുൻപാണു നാട്ടിൽ തിരിച്ചെത്തിയത്.വിദേശത്തുള്ള സഹോദരൻ ഷാജഹാൻ ബലി പെരുന്നാൾ പ്രമാണിച്ച് നാട്ടിലുണ്ട്. പ്രിയപ്പെട്ട ഇർഫു ടോക്കിയോയിൽ വെന്നിക്കൊടി പാറിക്കുന്നതു കാണാൻ രാജ്യത്തിനൊപ്പം വീട്ടുകാരും കാത്തിരിക്കുന്നു.കുനിയിലെ ഗ്രാമവീഥികളിൽ    രണ്ടു പേരുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകൾ കാണാം. ഒന്ന് കോപ്പ ജയിച്ച  മെസ്സിയുടേത്. രണ്ടാമത്തെ ഫ്ലെക്സിൽ തിളങ്ങുന്നതു നാടിന്റെ അഭിമാന പുത്രനുള്ള വിജയാശംസകൾ …

English Summary: Life story ok K.T. Irfan from Malappuram, who compeates for India in Tokyo Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com