ADVERTISEMENT

ടോക്കിയോ ∙ സ്കൂളിൽ സമ്മാനം വാങ്ങുന്ന പ്രായത്തിൽ മോമിജി നിഷിയ കഴുത്തിലണിഞ്ഞത് ഒളിംപിക് സ്വർണം! വനിതകളുടെ സ്കേറ്റ്ബോർഡിങ്ങിൽ സ്ട്രീറ്റ് ഇനത്തിൽ സ്വർണം നേടിയ ജപ്പാനിലെ സ്കൂൾ വിദ്യാർഥിനി ഇനി ഒളിംപിക്സ് ചരിത്രത്തിലെ പ്രായം കുറഞ്ഞ സ്വർണ മെ‍ഡൽ‌ ജേതാക്കളിൽ ഒരാൾ. 13 വയസ്സും 330 ദിവസമായിരുന്നു ഇന്നലെ മെഡൽ പോഡിയത്തിൽ കയറുമ്പോൾ നിഷിയയുടെ പ്രായം.

എന്നാൽ ഒളിംപിക്സിൽ ഏതെങ്കിലും ഒരു മെഡൽ നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇന്നലെ നിഷിയയ്ക്കു പിന്നിൽ വെള്ളി നേടിയ ബ്രസീൽ താരം റൈസാ ലിയ‌ സ്വന്തമാക്കി. പ്രായം 13 വയസ്സും 203 ദിവസവും! 16 വയസ്സുകാരി ജപ്പാന്റെ ഫുന നകായാമ വെങ്കലവും നേടിയതോടെ വനിതകളുടെ സ്ട്രീറ്റ് ഇനം കൗമാരക്കാരുടെ വിസ്മയ പ്രകടനങ്ങളുടെ വേദിയായി.

ഒളിംപിക്സിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട സ്കേറ്റ്ബോർഡിങ്ങിലെ ആദ്യ വനിതാ ചാംപ്യനെന്ന നേട്ടവും സ്വന്തമാക്കിയാണ് മോമിജി നിഷിയ മടങ്ങിയത്.‌ ‌താരങ്ങൾ സ്കേറ്റ്ബോർ‌ഡിലൂടെ അഭ്യാസ പ്രകടനം നടത്തുന്ന മത്സരയിനത്തിൽ നിഷിയയുടെ തുടക്കം മോശമായിരുന്നു. ലാൻഡിങ്ങിലെ പിഴവും ചാട്ടങ്ങളിലെ കൃത്യതയില്ലായ്മയും ആദ്യ റണ്ണിൽ പോയിന്റ് നഷ്ടമാക്കി.

സ്വർണത്തിലേക്കു കുതിച്ച ബ്രസീൽ താരത്തെ രണ്ടാം റൗണ്ടിലെ മികച്ച പ്രകടനത്തോടെയാണു നിഷിയ മറികടന്നത്. അഭ്യാസ പ്രകടനങ്ങളിലൂടെ നേടിയെടുത്ത 15.26 പോയിന്റ് കിരീടനേട്ടത്തിൽ നിർണായകമായി. ഇതേയിനത്തിൽ പുരുഷ വിഭാഗത്തിലെ സ്വർണം നേടിയതും യൂട്ടോ ഹൊറിഗോമിയെന്ന ജപ്പാൻ താരമാണ്.

മോമിജി നിഷിയ:
13 വയസ്സ്,
330 ദിവസം

റൈസാ ലിയ‌:
13 വയസ്സ്,
203 ദിവസം

ഫുന നകായാമ:
16 വയസ്സ്,
39 ദിവസം

English Summary: Skateboarding: Japan’s Momiji Nishiya, 13, wins Olympic women’s street gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com