ADVERTISEMENT

ടോക്കിയോ∙ ലോക ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയോട് വഴങ്ങിയ കൂറ്റൻ തോൽവിയുടെ നിരാശ മറന്ന് ശക്തമായി തിരിച്ചെത്തിയ ഇന്ത്യയ്ക്ക്, ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ രണ്ടാം ജയം. പൂൾ എയിലെ മൂന്നാം മത്സരത്തിൽ സ്പെയിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി രൂപീന്ദർപാൽ സിങ് ഇരട്ടഗോൾ നേടി. 15, 51 മിനിറ്റുകളിലായിരുന്നു രൂപീന്ദറിന്റെ ഗോളുകൾ. ഇന്ത്യയുടെ ആദ്യ ഗോൾ 14–ാം മിനിറ്റിൽ സിമ്രൻജീത് സിങ് നേടി. ഇന്ത്യയുടെ അടുത്ത മത്സരം വ്യാഴാഴ്ച നിലവിലെ ചാംപ്യൻമാരായ അർജന്റീനയ്ക്ക് എതിരെയാണ്.

മത്സരത്തിലുടനീളം ഉറച്ച് പ്രതിരോധിച്ചും അവസരം കിട്ടുമ്പോഴെല്ലാം ആക്രമിച്ചുമാണ് ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യ, എട്ടാം സ്ഥാനക്കാരായ സ്പെയിനെ വീഴ്ത്തിയത്. രണ്ടാം വിജയത്തോടെ മൂന്നു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി പൂൾ എയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. മൂന്നു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയയാണ് ഒന്നാമത്. ഇന്നു നടന്ന മത്സരത്തിൽ ഓസീസ് അർജന്റീനയെ 5–2ന് തോൽപ്പിച്ചു. ആറു ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ആദ്യ നാലു സ്ഥാനക്കാർക്ക് ക്വാർട്ടർ ഫൈനലിൽ കടക്കാം. ഇനി അർജന്റീനയ്ക്കു പുറമെ ആതിഥേയരായ ജപ്പാനെതിരെയും പൂള്‍ ഘട്ടത്തിൽ ഇന്ത്യയ്ക്ക് മത്സരമുണ്ട്.

പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ 3–2ന് തോൽപ്പിച്ചാണ് ഇന്ത്യ ടോക്കിയോയിൽ വിജയത്തുടക്കമിട്ടത്. എന്നാൽ, രണ്ടാം മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയയോട് കൂറ്റൻ തോല്‍വി പിണഞ്ഞത് തിരിച്ചടിയായി. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ചത്.

English Summary: India Defeats Spain in Olympic Hockey Pool A Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com