ADVERTISEMENT

ന്യൂഡൽഹി ∙ ടോക്കിയോ ഒളിംപിക്സ് ഭാരോദ്വഹനത്തിലെ വെള്ളി മെഡലുമായി പറന്നിറങ്ങിയ മീരാബായ് ചാനുവിന് ജന്മനാടിന്റെ വൈകാരിക സ്വീകരണം. മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിലെത്തിയ ചാനുവിനെ, മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ സ്വീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒട്ടേറെപ്പേർ പ്രിയ താരത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.

2016ലെ റിയോ ഒളിംപിക്സിൽ പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നാട്ടിലേക്കുള്ള വരവ് തീരെ കുറച്ച ചാനു, അമ്മയെ കണ്ടതോടെ കണ്ണീരണിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ച് ദിവസം പോലും സ്വന്തം വീട്ടിൽ നിന്നിട്ടില്ലെന്ന് വെള്ളി മെഡൽ നേട്ടത്തിനു പിന്നാലെ ചാനു വെളിപ്പെടുത്തിയിരുന്നു.

വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരുടെ കനത്ത വലയത്തിനുള്ളിലേക്ക് വന്നിറങ്ങിയ ചാനു, അമ്മ ഓങ്ബി ടോംബി ലെയ്മയെയും പിതാവ് സയ്ഖോം കൃതി മീട്ടെയേയും കണ്ണീരോടെ ആലിംഗനം ചെയ്തു. വിമാനത്താളവത്തിൽനിന്നും സംസ്ഥാന സർക്കാർ ഒരുക്കിയ ഔദ്യോഗിക സ്വീകരണത്തിനായിട്ടാണ് ചാനു ആദ്യം പോയത്. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം ചടങ്ങ്.

വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്. 2000ൽ സിഡ്നി ഒളിംപിക്സിൽ വെങ്കലം നേടിയ കർണ മല്ലേശ്വരിക്കു ശേഷം ഒളിംപിക്സിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ചാനു. സ്വർണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയർന്നതിനാൽ ചാനുവിന്റെ വെള്ളി നേട്ടം സ്വർണമായേക്കുമെന്നും സൂചനകളുണ്ട്.

English Summary: Mirabai Chanu breaks down on meeting mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com