ADVERTISEMENT

ടോക്കിയോ ∙ മാനസിക സമ്മർദം അതിജീവിക്കാനായി വനിതകളുടെ ജിംനാസ്റ്റിക്സ് വ്യക്തിഗത ഇനത്തിൽനിന്നു കൂടി പിൻമാറുന്നതായി യുഎസ് സൂപ്പർതാരം സിമോൺ ബൈൽസ്.  ഇതേ കാരണം ചൂണ്ടിക്കാട്ടി ടീം ഇനത്തിൽ മത്സരം നടക്കുന്നതിനിടെ താരം പിൻവാങ്ങിയതിന്റെ ആഘാതം മാറും മുൻപാണ് പുതിയ പ്രഖ്യാപനം. ഇന്നു നടക്കുന്ന വ്യക്തിഗത ഓൾഎറൗണ്ട് ഇനത്തിൽ ബൈൽസിനു പകരം ജെയ്ഡ് കാരി മത്സരിക്കുമെന്ന് യുഎസ്  ജിംനാസ്റ്റിക്സ് അധികൃതർ അറിയിച്ചു. ബൈൽസിന്റെ തീരുമാനത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും താരത്തിന്റെ നിലപാട് ധീരമാണെന്നും അധികൃതർ പറഞ്ഞു. 

ഈ ഒളിംപിക്സ് തനിക്കു വളരെ പ്രിയപ്പെട്ടതാണെങ്കിലും ജീവിതത്തിൽ അതിലുമേറെ പ്രാധാന്യമുള്ള മറ്റു പല കാര്യങ്ങളുമുണ്ടെന്ന് ബൈൽസ് തുറന്നു പറഞ്ഞിരുന്നു. ചൊവ്വാഴ്ച നടന്ന ടീം ഇനത്തിൽ ബൈൽസ് കൂടി ഉൾപ്പെട്ട യുഎസ്എ ടീമിനാണ് വെള്ളി.  ബൈൽസിന്റെ ആറാമത്തെ ഒളിംപിക് മെഡലാണ് അത്.

ടോക്കിയോ ഒളിംപിക്സിൽ ആറ് ഇനങ്ങളിൽ പങ്കെടുക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. അവയിലെല്ലാം ഫേവറിറ്റ് കൂടിയായിരുന്നു ബൈൽസ്. വിഷമം പിടിച്ച തീരുമാനം നിശ്ചയദാർഢ്യത്തോടെ എടുത്ത ബൈൽസിന്റെ നീക്കത്തെ ആദരത്തോടെയാണ് കാണുന്നതെന്ന്  രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. 

അത്‌ലീറ്റുകൾക്കായി മാനസികാരോഗ്യ ഹെൽപ്‌ൈലൻ

മാനസിക സമ്മർദം മൂലം ബുദ്ധിമുട്ടുന്ന അത്‍ലീറ്റുകളെ സഹായിക്കാൻ 70 ഭാഷകളിൽ ഹെൽപ്‌ലൈൻ സേവനം നൽകി വരുന്നതായി ഐഒസി അറിയിച്ചു. 24 മണിക്കൂറും ലഭ്യമാകുന്ന‘ മെന്റലി ഫിറ്റ് ഹെൽപ്‌ലൈൻ’ ഗെയിംസ് സമാപിച്ച് മൂന്നു മാസത്തോളം കൂടി നിലവിലുണ്ടാകും. ക്ലിനിക്കൽ, കൗൺസലിങ് സേവനങ്ങളും ഇതിന്റെ ഭാഗമായി ലഭ്യമാക്കും.

English Summary: Simone Biles withdraws from individual all-around event 'to focus on mental health', says USA Gymnastics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com