ADVERTISEMENT

ടോക്കിയോ∙ വനിതാ വിഭാഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ മിന്നും താരം ദീപികാ കുമാരി ക്വാർട്ടറിൽ പുറത്ത്. ദക്ഷിണ കൊറിയയുടെ ആൻ സാനിനോട് 6–0നാണു ദീപികയുടെ തോൽവി. ടോക്കിയോയിൽ ഇതിനകം രണ്ട് സ്വർണം നേടിയ താരമാണ് ആൻ സാൻ. വനിതകളുടെ ടീം ഇനത്തിലും, മിക്സഡ് ടീം ഇനത്തിലുമാണ് ആൻ സാനിന്റെ നേട്ടം.

25 വർഷം പഴക്കമള്ള ഒളിംപിക് റെക്കോർഡ് മറികടന്നു ക്വാർട്ടറിൽ എത്തിയ ആനിനെതിരെ ദീപികയ്ക്കു പിടിച്ചു നിൽക്കാൻ പോലുമായില്ല. മത്സരം 6 മിനിറ്റിനുള്ളിൽ അവസാനിച്ചു. ഇതോടെ തുടർച്ചായായ മൂന്നാം ഒളിംപിക്സിലും ദീപികയുടെ മടക്കം നിരാശയോടെയായി. ലോക ഒന്നാം നമ്പറായി എത്തിയ 2012 ലണ്ടൻ ഒളിംപിക്സിൽ ആദ്യ റൗണ്ടിലും 2016 റിയോ ഒളിംപിക്സിൽ പ്രീ കാർട്ടറിലുമാണു ദീപിക പുറത്തായത്. എലിമിനേഷൻ റൗണ്ടിൽ റഷ്യയുടെ സെനിയെ പെറോവയെ വീഴ്ത്തിയായിരുന്നു ലോക ഒന്നാം നമ്പറായ ദീപികാ കുമാരിയുടെ ക്വാർട്ടർ പ്രവേശം. 

പുരുഷ വിഭാഗം ഹോക്കിയിൽ പൂള്‍ എയിലെ അവസാന മത്സരത്തിൽ ജപ്പാനെ 5–3നു കീഴടക്കി തുടർച്ചായായ മൂന്നാം ജയത്തോടെ ഇന്ത്യ ക്വാർട്ടറിലെത്തി. ഇരട്ടഗോൾ നേടിയ ഗുർ‌ജന്ത് സിങ്, ഹർമൻപ്രീത് സിങ്, നിളാകാന്ദ ശർമ, സിമ്രാൻ‌ജിത് സിങ് എന്നിവരാണു സ്കോറർമാർ. പൂളിൽ ഓസ്ട്രേലിയയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യ ഓഗസ്റ്റ് 1നു ക്വാർട്ടറിൽ ബൂൾ ബിയിലെ മൂന്നാം സ്ഥാനക്കാരെ നേരിടും. 

വനിതാ ഹോക്കിയിൽ അയർലൻഡിനെ 1–0നു കീഴടക്കിയ ഇന്ത്യ തുടർച്ചയായ 3 തോൽവികൾക്കു ശേഷം പൂൾ എയിൽനിന്ന് ആദ്യ ജയത്തോടെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. നാലാം ക്വാർട്ടറിൽ നവനീത് കൗറാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിക്കുകയും അയർലൻഡ് ബ്രിട്ടനോടു തോൽക്കുകയും ചെയ്താൽ ഇന്ത്യൻ വനിതകൾക്കു ക്വാർട്ടറിലേക്കു മുന്നേറാൻ വഴിതെളിയും. നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അയർലൻഡ് നാലാമതും. ആദ്യ 4 സ്ഥാനക്കാരാണു പൂളിൽനിന്നു ക്വാർട്ടറിലെത്തുക.

ഒളിംപിക്സിൽ ട്രാക്ക് ഉണർന്ന ദിവസം ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. വനിതകളുടെ 100 മീറ്ററിൽ മത്സരിച്ച ഇന്ത്യയുടെ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായി. അഞ്ചാം ഹീറ്റ്സിൽ മത്സരിച്ച ദ്യുതി 11.54 സെക്കൻഡിൽ ഏഴാം സ്ഥാനക്കാരിയായാണ് ഫിനിഷ് ചെയ്തത്.

MP-Jabir
എം.പി. ജാബിർ.

ആകെ എട്ടു പേരാണ് ഒരു ഹീറ്റ്സിൽ മത്സരിക്കുന്നത്. ഓരോ ഹീറ്റ്സിലെയും ഏറ്റവും മികച്ച മൂന്നു സ്ഥാനക്കാരാണ് സെമിയിൽ കടക്കുക. ഇവർക്കു പുറമെ മികച്ച വേഗം കുറിച്ച മൂന്നു പേർകൂടി സെമിയിലെത്തൂ. ആകെ 100 മീറ്ററിൽ മത്സരിച്ച 54 താരങ്ങളിൽ ദ്യുതി 45–ാം സ്ഥാനത്തായി.

പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച മലയാളി താരം എം.പി. ജാബിറും ഫൈനൽ കാണാതെ പുറത്തായി. അഞ്ചാം ഹീറ്റ്സിൽ മത്സരിച്ച ജാബിർ, 50.77 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഹീറ്റ്സിൽ മത്സരിച്ച ആകെ 36 താരങ്ങളിൽ ജാബിറിന് ലഭിച്ചത് 33–ാം സ്ഥാനം മാത്രം. ജാബിറിന്റെ ഏറ്റവും മികച്ച സമയം ഇവിടെ കുറിക്കാനായിരുന്നെങ്കിൽ അനായാസം സെമിയിലെത്താമായിരുന്നു. 4x400 മീറ്റർ മിക്സഡ് റിലേയിൽ ഹീറ്റ്സിൽ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തതോടെ ഈ ഇനത്തിലും ഇന്ത്യ പുറത്തായി. 

പുരുഷ വിഭാഗം 3000 മീറ്റർ സ്റ്റേപ്പിൾ ചേസിൽ മത്സരിച്ച ഇന്ത്യൻ താരം അവിനാഷ് സാബ്‌ലെ ഇന്ത്യൻ റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ തിളങ്ങിയെങ്കിലും ഫൈനലിൽ കടക്കാനായില്ല. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച് ഏഴാം സ്ഥാനത്തെത്തിയ അവിനാഷ് 8:18:12 മിനിറ്റ് കുറിച്ചാണ് പുതിയ ദേശീയ റെക്കോർഡിട്ടത്. മാർച്ചിൽ നടന്ന ഫെഡറേഷൻ കപ്പിൽ സ്ഥാപിച്ച 8:20:20 മിനിറ്റിന്റെ റെക്കോർഡാണ് അവിനാഷ് തിരുത്തിയത്.

ആകെ മത്സരിച്ച 44 താരങ്ങളിൽ അവിനാഷ് 13–ാം സ്ഥാനത്താണ് അവിനാഷ്. മൂന്നു ഹീറ്റ്സിൽ ഓരോ ഹീറ്റ്സിലെയും ആദ്യ മൂന്നു സ്ഥാനക്കാരും ശേഷിക്കുന്നവരിൽ ഏറ്റവും മികച്ച സമയം കുറിച്ച ആറു പേരുമാണ് ഫൈനലിൽ കടന്നത്.

ഇന്നലെ പാതിവഴിയിൽ നിർത്തിയ ഷൂട്ടിങ് വനിതാ വിഭാഗം 25 മീറ്റർ പിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാക്കർ ഫൈനൽ പ്രതീക്ഷയുണർത്തിയ ശേഷം പുറത്തായി. ഇന്നു നടന്ന റാപ്പിഡ് റൗണ്ടിൽ പിന്നിലായതോടെയാണ് മനു ഭാക്കർ പുറത്തായത്. പ്രിസിഷൻ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്നു മനു ഭാക്കർ. ഇതേ ഇനത്തിൽ ഇന്ത്യയുടെ റാഹി സർനോബാത്തും ഫൈനൽ കാണാതെ പുറത്തായി.

English Summary: Tokyo Olympics 2021 Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com