ADVERTISEMENT

ടോക്കിയോ ∙ തുടർച്ചയായ 2–ാം ഒളിംപിക്സിലും വനിതാ ബാഡ്മിന്റൻ ഫൈനൽ ലക്ഷ്യമിട്ടെത്തിയ പി.വി. സിന്ധുവിന് തോൽവി. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ പൊരുതി നോക്കിയ സിന്ധുവിനെ കാഴ്ചക്കാരിയാക്കിയാണ് രണ്ടാം സെറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ ടോക്കിയോയിൽ രണ്ടാം സീഡ് കൂടിയായ തായ് സു യിങ് സെറ്റും മത്സരവും സ്വന്തമാക്കിയത്. സ്കോർ: 21-18, 21-12.

കലാശപ്പോരിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരവും ടോപ് സീഡുമായ ചെൻ യു ഫെയിയാണ് തായ് സു യിങ്ങിന്റെ എതിരാളി. ചൈനീസ് താരങ്ങൾ തമ്മിലുള്ള ആദ്യ സെമിയിൽ ഹി ബിങ് ജിയാവോയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ചെൻ യു ഫെയി വീഴ്ത്തിയത് സ്കോർ: 21-16, 13-21, 21-12. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഞായറാഴ്ച സിന്ധുവും ആദ്യ സെമിയിൽ തോറ്റ ഹി ബിങ് ജിയാവോയും തമ്മിൽ ഏറ്റുമുട്ടും.

റിയോ ഒളിംപിക്സിൽ സിന്ധുവിനോടേറ്റ തോൽവിക്ക് പകരം വീട്ടിയാണ് ടോക്കിയോയിൽ തായ് സു യിങ്ങിന്റെ വിജയം. റിയോ ഒളിംപിക്സിനു പുറമെ 2019 ലോക ചാംപ്യൻഷിപ്പിലും 2018ലെ വേൾഡ് ടൂർ ഫൈനൽസിലും സിന്ധുവിനായിരുന്നു ജയം. എന്നാൽ, ഇരുവരും ഏറ്റുമുട്ടിയ ഏറ്റവുമൊടുവിലത്തെ 3 മത്സരങ്ങളിലും ജയം തായ് സുവിനൊപ്പമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ടോക്കിയോയിലും തായ് സു യിങ് സിന്ധുവിനെ തോൽപ്പിച്ചത്. ഇതോടെ ഇതുവരെ ഏറ്റുമുട്ടിയ 19 മത്സരങ്ങളിൽ തായ് സു യിങ് 14–5ന്റെ ലീഡും നേടി.

ഏറ്റവും കൂടുതൽ കാലം വനിതകളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട്ട തായ് സു യിങ്ങിന് ഇതുവരെ ഒളിംപിക്സിൽ മെഡൽ നേടാനായിരുന്നില്ല. ഈ വിജയത്തോടെ തായ് സു യിങ്ങിന് സ്വർണമോ വെള്ളിയോ ഉറപ്പായി.

നേരത്തെ, ആതിഥേയരുടെ ലോക 5–ാം നമ്പർ താരം അകാനെ യമഗുച്ചിയെ ഉജ്വല പോരാട്ടത്തിലൂടെ ക്വാർട്ടറിൽ കീഴടക്കിയാണു നിലവിലെ ലോക ചാംപ്യനായ ഹൈദരാബാദുകാരി സെമിയിലെത്തിയത്.

English Summary: PV Sindhu vs Tai Tzu Ying Semi Final Match, Tokyo olympics, , Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com