sections
MORE

ടോക്കിയോയിൽ ചരിത്രം പിറന്നു; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

neeraj-chopra-gold
നീരജ് ചോപ്ര സ്വർണ മെഡലുമായി (ട്വിറ്റർ ചിത്രം)
SHARE

ടോക്കിയോ ∙ ആവേശത്തോടെ, ആകാംക്ഷയോടെ, പ്രാർഥനയോടെ കാത്തിരുന്ന ജനകോടികളെ നീരജ് ചോപ്ര നിരാശരാക്കിയില്ല. ഈ ഒളിംപിക്സിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവച്ച ഇന്ത്യയ്ക്ക്, ഇരുപത്തിമൂന്നുകാരൻ സുബേധാർ നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടിൽ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെ‌സ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.

ഒളിംപിക്സിൽ വ്യക്തിഗന ഇനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം സ്വർണ മെഡലാണിത്. അത്‍ലറ്റിക്സിലെ ആദ്യ സ്വർണവും. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയാണ് ഒന്നാമൻ. സ്വർണത്തിലേക്കുള്ള നീരജ് ചോപ്രയുടെ ഏറ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലേക്കുള്ള ഏറു കൂടിയായി. നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡൽ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ നേടുന്ന ഏറ്റവുമുയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയർത്തിയത്. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ബജ്‌രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യ ലണ്ടനിലെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.

ടോക്കിയോയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവർ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ബജ്‌രംഗ് പൂനിയയ്ക്കു പുറമെ ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.

യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്. ആദ്യ ശ്രമത്തിൽ പിന്നിട്ടത് 87.03 മീറ്റർ. ആദ്യ റൗണ്ടിൽ മറ്റുള്ളവർക്കാർക്കും 86 മീറ്റർ കടക്കാനായിരുന്നില്ല. 85.30 മീറ്റർ കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബ്ബറായിരുന്നു രണ്ടാമത്. അടുത്ത ശ്രമത്തിൽ നീരജ് ആദ്യ ത്രോയ്ക്കും മുന്നിൽ കടന്നു. ഇത്തവണ കുറിച്ചത് 87.58 മീറ്റർ ദൂരം. രണ്ടാം ശ്രമത്തിലും മറ്റാർക്കും 86 മീറ്റർ ദൂരം പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ നീരജ് 76.79 മീറ്ററുമായി നിരാശപ്പെടുത്തി. ഫൈനലിന്റെ രണ്ടാം റൗണ്ടിലെ മൂന്നു ത്രോയും പിന്നിലായിരുന്നെങ്കിലും രണ്ടാം ത്രോയിലെ 87.58 മീറ്റർ ദൂരം താരത്തിന് സ്വർണ മെഡൽ സമ്മാനിച്ചു.

2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തിൽ 82.52 മീറ്റർ ദൂരം പിന്നിട്ട വെറ്റർ, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. യോഗ്യതാ റൗണ്ടിലും അവസാന ശ്രമത്തിലാണു വെറ്റർ യോഗ്യതാ മാർക്ക് കടന്നത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ 5 പേരിൽ നീരജും വെറ്ററും മാത്രമായിരുന്നു ഫൈനലിനു യോഗ്യത നേടിയത്.

English Summary: Neeraj Chopra Javelin Throw Finals, Tokyo Olympics 2020 - Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA