ADVERTISEMENT

ടോക്കിയോ∙ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് ടോക്കിയോയിൽനിന്ന് ഇന്ത്യൻ കായിക സംഘം ഇത്തവണ മടങ്ങുന്നത്. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും സഹിതം ഇന്ത്യയുടെ ആകെ നേട്ടം ഏഴു മെഡലുകളാണ്. മെഡൽ പട്ടികയിൽ ഇടംപിടിച്ച 86 ടീമുകളിൽ 48–ാം സ്ഥാനത്താണ് ഇന്ത്യ. ഒരു നൂറ്റാണ്ടു പിന്നിട്ട കാത്തിരിപ്പ് അവസാനിപ്പിച്ച് അത്‌ലറ്റിക്സിൽ ഇന്ത്യ ആദ്യ സ്വർണം നേടിയത് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയെന്ന ഹരിയാനക്കാരനിലൂടെയാണ്. ഇന്ത്യ കളത്തിലുണ്ടായിരുന്ന അവസാന ദിനമാണ് സ്വർണത്തിലേക്ക് ജാവലിൻ എറിഞ്ഞ് നീരജ് മിന്നും താരമായത്.

ടോക്കിയോയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവർ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ഗുസ്തിയിൽ ബജ്‌രംഗ് പൂനിയ, ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി. ഇത്തവണ ടോക്കിയോയിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ താരങ്ങളെ പരിചയപ്പെടാം:

∙ നീരജ് ചോപ്ര (ജാവലിൻ ത്രോ, സ്വർണം)

ഒരു നൂറ്റാണ്ടു പിന്നിട്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ജാവലിൻ ത്രോയിൽ ഹരിയാനക്കാരനായ ഇരുപത്തിമൂന്നുകാരൻ നീരജ് ചോപ്ര സ്വർണം നേടിയത്. ഇത്തവണ ഒളിംപിക്സിൽ ഇന്ത്യ മത്സരിച്ച അവസാന ഇനമായ ജാവലിൻ ത്രോയിലാണ് രാജ്യം കാത്തിരുന്ന ആദ്യ സ്വർണ മെഡൽ പിറന്നതെന്നതും ശ്രദ്ധേയം. ഫൈനലിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് ചോപ്ര സ്വർണം ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ ആദ്യ ത്രോയിൽത്തന്നെ യോഗ്യതാ മാർക്ക് കടന്ന താരം, ഫൈനലിലും ആദ്യ ത്രോയിൽത്തന്നെ സ്വർണം നേടാനുള്ള ദൂരം കണ്ടെത്തിയിരുന്നു. രണ്ടാം ശ്രമത്തിൽ എറിഞ്ഞ 87.58 മീറ്റർ ദൂരമാണ് ടോക്കിയോയിൽ നീരജിനും ഇന്ത്യയ്ക്കും ആദ്യ സ്വർണം നേടിക്കൊടുത്തത്.

neeraj-chopra-1

∙ മീരാബായ് ചാനു (ഭാരോദ്വഹനം, വെള്ളി)

ഇത്തവണ ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവാണ് മീരാബായ് ചാനു. 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലെ ഉജ്വല പ്രകടനത്തോടെയാണ് ഈ മണിപ്പൂരുകാരി ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ചത്. 21 വർഷത്തിനു ശേഷമാണു ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം. സ്നാച്ചിൽ 84 കിലോഗ്രാമും 87 കിലോഗ്രാമും ഉയർത്തിയതിനു ശേഷം 89 കിലോഗ്രാം ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ചാനു രണ്ടാം സ്ഥാനത്തായിരുന്നു. പിന്നീടു ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 110 കിലോഗ്രാം ഉയർത്തിയ ചാനു രണ്ടാം ശ്രമത്തിൽ 115 കിലോഗ്രാം ഉയർത്തിയാണു മെഡൽ ഉറപ്പിച്ചത്. 2000ലെ സിഡ്നി ഒളിംപിക്സിൽ 69 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേട്ടത്തിലെത്തുന്നത്.

mirabaichanulift

∙ രവികുമാർ ദാഹിയ (ഗുസ്തി, വെള്ളി)

ടോക്കിയോയിൽ ഇന്ത്യയ്ക്ക് ലഭിച്ച രണ്ടാം വെള്ളി ഗോദയിൽനിന്നായിരുന്നു. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തിയിൽ രവികുമാർ ദഹിയയാണ് വെള്ളി നേടിയത്. കലാശപ്പോരാട്ടത്തിൽ റഷ്യയുടെ മുൻ ലോക ചാംപ്യൻ സാവുർ ഉഗേവിനോടു വീറോടെ പൊരുതിയാണു (4–7) രവികുമാർ തോൽവി സമ്മതിച്ചത്. ലോക ഒന്നാം നമ്പർ താരങ്ങളായ അമിത് പംഗലും വിനേഷ് ഫോഗട്ടും അടക്കുള്ളവർ ഇത്തവണ നിരാശപ്പെടുത്തിയപ്പോൾ, പ്രതീക്ഷകളുടെ അമിത സമ്മർദമില്ലാതെ എത്തിയ ഹരിയാനയുടെ 23കാരൻ രവികുമാർ ദഹിയ ഇന്ത്യയ്ക്ക് സമ്മാനിച്ചത് വെള്ളിത്തിളക്കം.

ravi-kumar-dahiya

∙ പി.വി. സിന്ധു (ബാഡ്മിന്റൻ സിംഗിൾസ്, വെങ്കലം)

ടോക്കിയോയിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ പുലർത്തിയിരുന്ന താരങ്ങളിൽ ഒരാളായ പി.വി. സിന്ധുവിന് സ്വർണത്തിലേക്ക് എത്താനായില്ലെങ്കിലും, തുടർച്ചയായ രണ്ടാം ഒളിംപിക്സിലും മെഡൽ പട്ടികയിൽ ഇടംപിടിച്ചു. സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട സിന്ധു,  വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെ വീഴ്ത്തി. വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ആദ്യ ഇന്ത്യൻ വനിതയുമാണ് സിന്ധു. ഗുസ്തി താരം സുശീൽ കുമാറാണ് ഇതുവരെ 2 ഒളിംപിക്സുകളിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം. 2016 റിയോ ഒളിംപിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.

sindhu-with-bronze-medal

∙ ലവ്‌ലിന ബോർഗോഹെയ്ൻ (ബോക്സിങ്, വെങ്കലം)

ഒളിംപിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബോക്സിങ് താരമെന്ന റെക്കോർഡ് കൈവിട്ടെങ്കിലും, ഇന്ത്യയ്ക്കായി ബോക്സിങ് റിങ്ങിൽനിന്ന് വെങ്കലം ഇടിച്ചു നേടിയാണ് ഇരുപത്തിമൂന്നുകാരിരായ ലവ്‌ലിന ബോർഗോഹെയ്ന്റെ മടക്കം. വനിതകളുടെ 69 കിലോഗ്രാം വെൽറ്റർവെയ്റ്റ് വിഭാഗം സെമിഫൈനലിൽ ലോകചാംപ്യൻ തുർക്കിയുടെ ബുസേനസ് സർമേനലിയോടു തോറ്റതോടെയാണ് ലവ്‌ലിനയുടെ മെഡൽ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. ഇന്ത്യയ്ക്കായി ഒളിംപിക് മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം ബോക്സിങ് താരമാണ് ലവ്‌ലിന. വിജേന്ദർ സിങ് (2008) മേരി കോം (2012) എന്നിവരാണ് ഇതിനു മുൻപ് ഒളിംപിക് മെഡൽ നേടിയ ഇന്ത്യൻ ബോക്സർമാർ. ഇത്തവണത്തെ ഒളിംപിക്സിൽ മത്സരിച്ച 9 ഇന്ത്യൻ ബോക്സിങ് താരങ്ങളിൽ മെഡൽ നേട്ടത്തിലേക്ക് ഇടിച്ചു കയറാനായതും ലവ്‍ലിനയ്ക്കു മാത്രം.

lovlina-1

∙ ബജ്‌രംഗ് പൂനിയ (ഗുസ്തി, വെങ്കലം)

ഇന്ത്യയുടെ മറ്റൊരു സുവർണ പ്രതീക്ഷയായിരുന്ന ബജ്‌രംഗ് പൂനിയയും വെങ്കലത്തിളക്കത്തിലാണ് ഇത്തവണ ടോക്കിയോയിൽനിന്ന് മടങ്ങുന്നത്. പുരുഷൻമാരുടെ 65 കിലോഗ്രാം വിഭാഗം ഗുസ്തിയിൽ കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവിനെ 8–0 എന്ന സ്കോറിനു വീഴ്ത്തിയാണ് പൂനിയ മെഡൽ പട്ടികയിൽ ഇടംപിടിച്ചത്.  ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന ‌ബജ്‌രംഗ് സെമിയിൽ 3 തവണ ലോകചാംപ്യനായ അസർബെയ്ജാൻ താരം ഹാജി അലിയേവിനു മുന്നിലാണു കീഴടങ്ങിയത്. ഗുസ്തിയിൽ ഇന്ത്യയ്ക്കായി ഒളിംപിക് മെഡൽ നേടുന്ന ആറാമത്തെ താരമാണു പൂനിയ. കെ.‌ഡി. ജാദവ് (വെങ്കലം), സുശീൽ കുമാർ (വെങ്കലം, വെള്ളി), യോഗേശ്വർ ദത്ത് (വെങ്കലം), സാക്ഷി മാലിക്ക് (വെങ്കലം) എന്നിവരാണ് ഇതിനു മുൻപ് ഇന്ത്യയ്ക്കായി ഒളിംപിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾ. ഈ ഒളിംപിക്സിൽ രവികുമാർ ദാഹിയ വെള്ളിയും േനടി.

ബജ്‌രംഗ് പൂനിയ
ബജ്‌രംഗ് പൂനിയ

∙ പുരുഷ ഹോക്കി ടീം (വെങ്കലം)

രാജ്യാന്തര വേദിയിൽ ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചാണ് ഇത്തവണ ടോക്കിയോയിൽ പുരുഷ ടീം വെങ്കലം നേടിയത്. സുവർണ പ്രതീക്ഷകൾ സെമിയിൽ ബൽജിയത്തിനെതിരായ തോൽവിയോടെ അസ്തമിച്ചെങ്കിലും, തളരാതെ പൊരുതിയാണ് ടീം ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ തോൽപ്പിച്ചത് കരുത്തരായ ജർമനിയെ. നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു വിജയം. ക്വാർട്ടറിൽ ബ്രിട്ടനെ 3–1നു തകർത്താണ് ഇന്ത്യൻ ടീം സെമിയിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഓസ്ട്രേലിയയോട് 7–1ന്റെ കൂറ്റൻ തോൽവി വഴങ്ങിയെങ്കിലും ബാക്കി നാലു മത്സരങ്ങളും ജയിച്ചായിരുന്നു ക്വാർട്ടർ പ്രവേശം.‌ നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടിയത്. 1980ലെ മോസ്കോ ഒളിംപിക്സിലെ സ്വർണമാണ് ഹോക്കിയിൽ ഇതിനു മുൻപ് ഇന്ത്യയുടെ അവസാനത്തെ മെഡൽ നേട്ടം.

indian-men-s-hockey-team

English Summary: Indian Medal Winners at Tokyo Olympics 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com