ADVERTISEMENT

നീരജ് ചോപ്രയിലെ ജാവലിൻ താരത്തെ കണ്ടെത്തിയതിലും മികച്ച സൗകര്യങ്ങളിലേക്ക് ആനയിച്ചതിലും ഇന്ത്യൻ പരിശീലകരും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും വലിയ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും നീരജിനെ സ്വർണത്തിളക്കത്തിലേക്കു നയിച്ചതു വിദേശ പരിശീലകരുടെ കരങ്ങളാണ്. ഒരു ഓസ്ട്രേലിയക്കാരനും 2 ജർമൻകാരുമാണു നീരജിന്റെ മെഡൽക്കുതിപ്പിനു ചിറകുകൾ നൽകിയത്. ഇവരെ കൊണ്ടുവരാൻ കരുക്കൾ നീക്കിയത് അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും. 

നീരജിനെ ഒരുക്കാൻ ഫെഡറേഷൻ ആദ്യം കണ്ടെത്തിയത് ഓസ്ട്രേലിയയിൽനിന്നുള്ള ഗാരി കാൽവർട്ടിനെയാണ്. ആദ്യം അദ്ദേഹം ഇന്ത്യയിലേക്കു വരാൻ വിസമ്മതിച്ചെങ്കിലും ദക്ഷിണേഷ്യൻ ഗെയിംസിൽ നീരജിന്റെ പ്രകടനത്തിന്റെ വിഡിയോ കണ്ടതോടെ സമ്മതംമൂളി. കാൽവർട്ടിന്റെ ശാസ്ത്രീയ സമീപനം നീരജിന്റെ പ്രകടനത്തിൽ വലിയ മാറ്റം വരുത്തി. 2016ലെ ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ നീരജ് സ്വർണം നേടിയതു കാൽവർട്ടിന്റെകൂടി തന്ത്രങ്ങളുടെ മികവിലാണ്. 2017ൽ അദ്ദേഹം ചൈനീസ് ജാവലിൻ ത്രോ ടീമിന്റെ പരിശീലകനായി ബെയ്ജിങ്ങിലേക്കു പോയി. 2018ൽ അദ്ദേഹം അന്തരിച്ചപ്പോൾ നീരജിന്റെ പ്രതികരണം വികാരപരമായിരുന്നു. 

കാൽവർട്ട് പോയ ഒഴിവിലാണു ജർമൻ ഇതിഹാസം ഉവേ ഹോൻ നീരജിന്റെ പരിശീലകനായി ഇന്ത്യയിലേക്കെത്തുന്നത്. ജാവലിൻ ത്രോ ചരിത്രത്തിലാദ്യമായി 100 മീറ്ററിലധികം ദൂരം കണ്ടെത്തിയ താരമായിരുന്നു ഹോൻ. 1984ലായിരുന്നു അദ്ദേഹത്തിന്റെ ചരിത്രനേട്ടം. പക്ഷേ, പിന്നീടു ജാവലിന്റെ രൂപത്തിലും തൂക്കത്തിലും മാറ്റംവന്നതോടെ അദ്ദേഹത്തിനു റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിക്കാനായില്ല. പക്ഷേ, ഹോന്റെ ശിക്ഷണത്തിൽ നീരജ് റെക്കോർഡ് ബുക്കിൽ കയറി.

കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും നീരജ് സ്വർണം നേടി. പക്ഷേ, പരുക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു. ജാവലിൻ എറിയുന്ന കൈയ്ക്കു തന്നെ പരുക്കേറ്റതോടെ നീരജിന്റെ കരിയറിൽ ഇടവേളയുണ്ടായി. അതോടെ ഹോനിനു പകരം പുതിയൊരാളെ ഫെഡറേഷൻ തിരിഞ്ഞു. അങ്ങനെയാണു ബയോ മെക്കാനിക്സ് വിദഗ്ധൻ ഡോ. ക്ലോസ് ബാർട്ടനീറ്റ്സ് ഇന്ത്യയിലേക്കെത്തുന്നത്. കഴിഞ്ഞ 2 വർഷമായി ക്ലോസിന്റെ ശിക്ഷണത്തിലാണു നീരജ്.

English Summary: Neeraj Chopra's coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com