ADVERTISEMENT

ന്യൂഡൽഹി ∙ മെഡൽത്തിളക്കം മുഖത്തു നിറച്ച് ഇന്ത്യയുടെ സുവർണതാരം നീരജ് ചോപ്ര സ്ക്രീനിൽ. അസുലഭനേട്ടത്തെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പ്രതികരണത്തിനായി വിളിച്ച പത്രസമ്മേളനമായിരുന്നു വേദി. മൊബൈൽ സ്ക്രീൻ ഓണാക്കി ആദ്യം എത്തിയവരിൽ ഒരാളും നീരജായിരുന്നു. വൈകുന്നതിൽ പ്രശ്നമുണ്ടോയെന്ന് അധികൃതർ ചോദിച്ചപ്പോൾ ഒരു പ്രശ്നവുമില്ലെന്ന് ഒളിംപിക് വേദിയിലെ ഏറ്റവും തിരക്കും തിളക്കമുള്ള താരത്തിന്റെ മറുപടി.

നീരജ് സ്വർണമണിയുന്നതു കണ്ട് കണ്ണീരണിഞ്ഞെന്നു പറഞ്ഞു തുടങ്ങിയത് അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആദിൽ സുമരിവാല. തൊഴുകൈയോടെ വാക്കുകളെ സ്വീകരിച്ച നീരജ് കഴുത്തിലണിഞ്ഞിരുന്ന മെഡൽ ഉയർത്തി കാട്ടി. വാക്കുകളിൽ നീരജ് വിനീതനായി. ‘എല്ലാവർക്കും നന്ദി. പരുക്കു പറ്റിയ സമ്മർദകാലത്ത് എല്ലാവരും സഹായിച്ചു. മികച്ച സൗകര്യങ്ങൾ ഒരുക്കിത്തന്ന എല്ലാവർക്കും നന്ദി. സമ്മർദമില്ലാതെ മത്സരിക്കാൻ എല്ലാവരും സഹായിച്ചു. അടുത്തയിടെ വിടപറഞ്ഞ ഇതിഹാസ താരം മിൽഖ സിങ്ങിനാണു ഞാൻ ഈ മെഡൽ സമർപ്പിക്കുന്നത്’ –  നീരജ് പറഞ്ഞു. 

∙ പരുക്ക്, സമ്മർദം.. ഇപ്പോഴിതാ ഒളിംപിക് മെഡൽ. എന്തു തോന്നുന്നു? 

സന്തോഷം, പറയാൻ വാക്കുകളില്ല. പല രാജ്യാന്തര മത്സരങ്ങളിലും പങ്കെടുക്കാൻ കഴിഞ്ഞത് കാര്യമായി സഹായിച്ചു. അതുകൊണ്ടു ടോക്കിയോയിൽ ഒട്ടും സമ്മർദമില്ലതെ മത്സരിക്കാനായി. ഒപ്പം കളിച്ച പലരുമായും സമീപകാലത്തു മത്സരിച്ചിട്ടുണ്ടെന്നതും നിർണായകമായി. എന്റെ പ്രകടനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. പരുക്കേറ്റ കാലം വിഷമകരമായിരുന്നു. ശസ്ത്രക്രിയ വിജയകരമായി. പരുക്കുകളിൽ നിന്നു മോചിതനായി തിരിച്ചെത്തുമ്പോഴും മനസ്സിൽ ഒളിംപിക്സ് മാത്രമായിരുന്നു. വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ കോവിഡ് മൂലം ഒളിംപിക്സ് തന്നെ നീട്ടിവയ്ക്കപ്പെട്ടു. പക്ഷേ, അതും ബാധിച്ചില്ല.

∙ മത്സരശേഷം വീട്ടിൽ വിളിച്ചോ?

ഇല്ല. ഇതുവരെ വിളിച്ചില്ല. വീട്ടിലെയും ഗ്രാമത്തിലെയും ആഘോഷവും സന്തോഷവുമെല്ലാം വിഡിയോകളായി കിട്ടുന്നുണ്ട്. കാണുന്നുണ്ട്. 

∙ ആദ്യ രണ്ടു ത്രോകളും കിറുകൃത്യമായിരുന്നു. കൂളായിരുന്നു നീരജ് മത്സരത്തിനിടെ. എങ്ങനെ സാധിച്ചു? 

ആദ്യത്തെ ത്രോ തന്നെ നന്നായി എറിഞ്ഞാൽ ആത്മവിശ്വാസം കിട്ടുമെന്നുറപ്പായിരുന്നു. മാത്രമല്ല, ഒപ്പം മത്സരിക്കുന്നവർക്ക് അതു സമ്മർദവും കൊടുക്കും.  കോച്ചും അതുതന്നെ ആവർത്തിച്ചു പറഞ്ഞിരുന്നു. രണ്ടാമത്തെ ത്രോയിലും സ്ഥിരത കാട്ടാൻ കഴിഞ്ഞു. 88.07 മീറ്ററായിരുന്നു വ്യക്തിഗതമായി മികച്ച നേട്ടം. എന്നാൽ, ഞാൻ മനസ്സിലാലോചിച്ചത് ഒളിംപിക് റെക്കോർഡായ 90.57 മീറ്റർ മറികടക്കണമെന്നായിരുന്നു. പരമാവധി ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല.  വൈകാതെ അതു ഞാൻ മറികടക്കും.

∙ ഒളിംപിക്സിന്റെ അത്‍ലറ്റിക് ചരിത്രത്തിൽ ഇന്ത്യയ്ക്കു ലഭിക്കുന്ന ആദ്യ സ്വർണ മെഡലാണിത്. എന്തു തോന്നുന്നു?

ഒളിംപിക്സിൽ ഇന്ത്യ ഒട്ടേറെ മെഡൽ നേടി. ഹോക്കിയിലും ഷൂട്ടിങ്ങിലും മെഡൽ നേടി. പക്ഷേ, എന്തുകൊണ്ടോ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരായ മിൽഖ സിങ്ങിനുംപി.ടി. ഉഷയ്ക്കുമെല്ലാം മെഡൽ കിട്ടാതെ പോയി. അതുകൊണ്ടുതന്നെ അത്‍ലറ്റിക്സിൽ ഇന്ത്യയ്ക്കൊരു മെഡൽ അനിവാര്യമായിരുന്നു. (വീണ്ടും അഭിമാനപൂർവം കഴുത്തിലെ മെഡൽ സ്ക്രീനിലേക്ക് കാട്ടി). ഞാനീ മെഡൽ നേടുമ്പോൾ തോന്നുന്നത് നമുക്ക് എന്തും ചെയ്യാൻ കഴിയുമെന്നാണ്.

ഫെഡറേഷനോട് എനിക്കു പറയാനുള്ളത് കൂടുതൽ താരങ്ങൾക്കു പിന്തുണ നൽകണമെന്നാണ്. ഈ മെഡലോടെ അത്‍ലറ്റിക്സിലും ജാവലിനിലും വേറിട്ട ചില മാറ്റങ്ങളുണ്ടാകുമെന്നു വിശ്വസിക്കുന്നു. ഫെഡറേഷൻ ജാവലിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ പ്രതിഭകൾക്കു കുറവില്ലെന്നുറപ്പാണ്.

∙ ആത്മവിശ്വാസവും ശരീരക്ഷമതയും നിലനിർത്തുന്നതെങ്ങനെയാണ്? 

ഒളിംപിക് മത്സരം ഒരു ദിവസത്തെ കളിയല്ല. നിരന്തരമായ തയാറെടുപ്പും പരിശീലനവും ഉണ്ടായിട്ടുണ്ട്. ഒട്ടേറെ ആളുകൾ സഹായിച്ചു. അതൊക്കെ കൊണ്ടാണ് ഇന്നിങ്ങനെ നിൽക്കാൻ കഴിയുന്നത്.

∙ അഞ്ജുവിന്റെ ചോദ്യം; പതറാതെ നീരജ്

ചോദ്യങ്ങൾ നീളുമ്പോൾ സ്ക്രീനിലേക്ക് അപ്രതീക്ഷിത അതിഥിയെത്തി. മലയാളി ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. നീരജ്, ആ സ്വർണ മെഡൽ ഒന്നുയർത്തി കാണിക്കുമോയെന്നായിരുന്നു അഞ്ജുവിന്റ ചോദ്യം. പുഞ്ചിരിയോടെ നീരജ് അതനുസരിച്ചു. പിന്നാലെ, അഞ്ജു മാഡത്തെ പോലുള്ള സീനിയർ താരങ്ങളുടെ പ്രേരണയാണ് ഈ വഴിയിലെത്തിച്ചെതെന്നു മറുപടിയും നൽകി. 

‘ഞങ്ങളെക്കാളൊക്കെ നന്നായി ചെയ്തു. ഒളിംപിക് വേദിയിലെ ദേശീയ ഗാനം ഞങ്ങൾക്കിവിടെ കേൾക്കാമായിരുന്നു. മെഡലുമായി തിരിച്ചുവരുമ്പോൾ വിമാനത്താവളത്തിൽ ഞങ്ങൾ കാത്തുനിൽപ്പുണ്ടാവും. ഈ വിജയരാത്രി ആഘോഷിക്കൂ’ – അഞ്ജു പറഞ്ഞു നിർത്തി.

English Summary: Neeraj Chopra Reacts after historic medal win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com