ADVERTISEMENT

ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേട്ടത്തോടെ 41 വർഷത്തെ മെഡൽ വരൾച്ചയ്ക്ക് ഇന്ത്യൻ ഹോക്കി ടീം വിരാമമിട്ടു. ഇന്ത്യയുടെ ഒളിംപിക്സ് നേട്ടങ്ങളിൽ ഏറെ തിളക്കമുള്ള അധ്യായം എഴുതിച്ചേർത്തത് ഹോക്കിയാണ്. 1928ലെ ഒളിംപിക്സിൽ നേടിയ ഹോക്കി സ്വർണത്തോടെ ആ പടയോട്ടം ആരംഭിക്കുന്നു. തുടർന്ന് ഹോക്കിയിൽ എട്ടു സ്വർണമാണു നേടിയത്. 1928, 1932, 1936, 1948, 1952, 1956, 1964, 1980 എന്നീ ഒളിംപിക്സുകളിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണം നേടി. 1960ൽ വെള്ളിയും 1968ലും 1972ലും വെങ്കലവും നേടി. എന്നാൽ, 1980ലെ മോസ്കോ ഒളിംപിക്സിലെ സ്വർണത്തിനു ശേഷം ഹോക്കിയിൽ ഒരു മെഡൽ പോലും നേടാനായിട്ടില്ലെന്ന വലിയ നിരാശയാണ് ഇത്തവണ ടോക്കിയോയിൽ ഇന്ത്യൻ ടീം മറികടന്നത്.

1980നു ശേഷം ഹോക്കിയിൽ തുടർച്ചയായി ഇന്ത്യ പിന്തള്ളപ്പെടാൻ എന്താണു കാരണമെന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. പിന്നീട് ഇത്തവണത്തേതടക്കം 10 ഒളിംപിക്സുകളാണ് നടന്നത്. അതിൽ 1984ൽ പാക്കിസ്ഥാൻ സ്വർണം നേടി. ബാക്കി 9 തവണയും ഏഷ്യൻ ടീമുകൾക്ക് സ്വർണം കിട്ടിയിട്ടില്ല. 2000ൽ ദക്ഷിണ കൊറിയ വെള്ളിയും 1992ൽ പാക്കിസ്ഥാൻ വെങ്കലവും ഇത്തവണ ഇന്ത്യയുടെ വെങ്കലവും. തീർന്നു, ഈ 41 വർഷത്തിനിടയിൽ ഒളിംപിക്സ് ഹോക്കിയിൽ ഏഷ്യൻ ടീമുകളുടെ നേട്ടം.

2016ൽ ലാറ്റിനമേരിക്കൻ ടീമായ അർജന്റീന സ്വർണം നേടിയതൊഴിച്ചാൽ ബാക്കി മുഴുവൻ മെഡലുകളും കൊണ്ടുപോയത് യൂറോപ്യൻ ടീമുകളോ ഓസ്ട്രേലിയയോ ആണ്. യൂറോപ്യൻ ടീമുകളുടെ അതിവേഗ ഹോക്കിക്കു മുന്നിൽ ഏഷ്യൻ ടീമുകള‍ുടെ പരമ്പരാഗത ശൈലിക്കു പിടിച്ചു നിൽക്കാനായില്ല എന്നതാണു യാഥാർഥ്യം. യൂറോപ്പിൽ തന്നെ ഒരു ടീമിൽ മാത്രം ആധിപത്യം ഒതുങ്ങി നിൽക്കുന്നുമില്ല. ജർമനിയും ബ്രിട്ടനും ഹോളണ്ടുമൊക്കെ സ്വർണം നേടി. ഇത്തവണ ചാംപ്യന്മാരായ ബെൽജിയം ഇതാദ്യമായാണ് ഒളിംപിക്സ് ഹോക്കിയിൽ സ്വർണം നേടുന്നത്. സെമിയിൽ ഇന്ത്യയെയും ഫൈനലിൽ ഓസ്ട്രേലിയയെയും കീഴടക്കിയാണു ബെൽജിയത്തിന്റെ നേട്ടം. കഴിഞ്ഞ ഒളിംപിക്സ് ഫൈനലിൽ അവർ വെള്ളി നേടിയിരുന്നു. അർജന്റീനയോടാണ് ബെൽജിയം അന്ന് ഫൈനലിൽ തോറ്റത്.

ഇന്ത്യയുടെ എട്ട് സ്വർണം കഴിഞ്ഞാൽ ഒളിംപിക്സ് ഹോക്കിയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ടീം ജർമനിയാണ്. 4 സ്വർണവും (1972, 1992, 2008, 2012), 3 വെള്ളിയും 4 വെങ്കലവും ജർമനി നേടി. പാക്കിസ്ഥാൻ 3 സ്വർണവും (1960, 1968, 1984), 3 വെള്ളിയും 2 വെങ്കലവും നേടിയിട്ടുണ്ട്. ബ്രിട്ടൻ 3 സ്വർണവും (1908, 1920, 1988), 2 വെള്ളിയും 4 വെങ്കലവും ഹോളണ്ട് 2 സ്വർണവും (1996, 2000), 4 വെള്ളിയും 3 വെങ്കലവും നേടി. ഓസ്ട്രേലിയ ഒരു സ്വർണവും (2004) 4 വെള്ളിയും 5 വെങ്കലവും നേടി. ബെൽജിയം (2020), ന്യൂസീലൻഡ് (1976), അർജന്റീന (2016) ടീമുകൾ ഓരോ തവണ സ്വർണം നേടി. 1908ലാണ് ഹോക്കി ഒളിംപിക്സ് മത്സര ഇനമാക്കുന്നത്. 1912, 1924 ഒളിംപിക്സുകളിൽ ഹോക്കി ഉൾപ്പെടുത്തിയിരുന്നില്ല. 

വനിതാ ഹോക്കി ഒളിംപിക്സ് മത്സര ഇനമാകുന്നത് 1980ലാണ്. ഇന്ത്യയ്ക്ക് ഈ ഇനത്തിൽ ഇതുവരെ ഒളിംപിക്സ് മെഡൽ ഇല്ല. 1980ലും 2020ലും നേടിയ നാലാം സ്ഥാനമാണ് ഏറ്റവും മികച്ച നേട്ടം. വനിതാ ഹോക്കിയിൽ‍ ഇത്തവണ ജേതാക്കളായ ഹോളണ്ട് നാലു തവണ സ്വർണം (1984, 2008, 2012, 2020) നേടി. 2 വെള്ളിയും 3 വെങ്കലവും ഹോളണ്ടിനുണ്ട്. ഓസ്ട്രേലിയ മൂന്നു തവണയും (1988, 1996, 2000), ജർമനി (2004), ബ്രിട്ടൻ (2016), സ്പെയിൻ (1992), സിംബാംബ്‌വെ (1980) എന്നീ രാജ്യങ്ങൾ ഓരോ തവണയും വനിതാ ഹോക്കി സ്വർണം നേടി. അർജന്റീന മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും ജയിക്കാനായില്ല. 3 വെള്ളിയും 2 വെങ്കലവും അർജന്റീന നേടിയിട്ടുണ്ട്.

Content Highlight: Indian Hockey Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com