ADVERTISEMENT

ടോക്കിയോ∙ ഒളിംപിക്സിലെ സുവർണ മോഹങ്ങൾ തകർന്നുവെന്ന് കരുതിയ നിമിഷം രക്ഷകയായി എത്തിയ യുവതിയെ മത്സരശേഷം തേടി കണ്ടെത്തി നന്ദി പറഞ്ഞ് ഒരു കായിക താരം. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണ മെഡൽ ജേതാവായ ജമൈക്കക്കാരൻ ഹാൻസിൽ പാർച്മെന്റാണ് നാട്ടിലേക്കു മടങ്ങും മുൻപ് സഹായിച്ച യുവതിയെ തേടി കണ്ടുപിടിച്ച് നന്ദിയറിയിച്ചത്. ടോക്കിയോയിൽ താമസസ്ഥലത്തുനിന്ന് മത്സരവേദിയിലേക്കുള്ള യാത്രയിൽ വഴി തെറ്റിപ്പോയ ഹാൻസിലിനെ, കൃത്യമായി വേദി കണ്ടുപിടിക്കാൻ സഹായിച്ചത് ഒളിംപിക്സ് വോളന്റിയർ കൂടിയായ ഇരുപത്തഞ്ചുകാരി ടിജാന സ്റ്റോജ്കോവിച്ചായിരുന്നു.

110 മീറ്റർ ഹർഡിൽസ് സെമി ഫൈനലിനായി പുറപ്പെട്ടപ്പോഴാണ് ഹാൻസിലിന് വഴി തെറ്റിയത്. വേദി മാറി ഹാൻസിൽ എത്തിപ്പെട്ടത് ടോക്കിയോയിലെ നീന്തൽക്കുളം ഉൾപ്പെടുന്ന വേദിയിൽ. സ്ഥലം മാറിപ്പോയതോടെ കൃത്യസമയത്ത് മത്സര വേദിയിലെത്താനാകുമോയെന്ന് ഹാൻസിൽ ആശങ്കപ്പെട്ടു നിൽക്കുമ്പോഴാണ് രക്ഷകയായി വോളന്റിയർ സംഘത്തിൽ അംഗമായ ടിജാന എത്തിയത്. മത്സരവേദി കണ്ടെത്താൻ സഹായിച്ച ഇവർ അവിടേക്കു പോകാൻ ഹാൻസിലിന് ടാക്സിയും വിളിച്ചുനൽകി. മാത്രമല്ല, ടാക്സിക്കൂലി കൊടുത്തതും അവർ തന്നെ.

വേദി മാറിപ്പോയതോടെ തന്റെ മെഡൽ പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്നാണ് കരുതിയതെന്ന് ഹാൻസിൽ പറയുന്നു. കയറിയ വാഹനം മാറിപ്പോയതോടെയാണ് നീന്തൽ മത്സരങ്ങൾ നടക്കുന്ന വേദിയിലെത്തിയത്. അവിടുന്ന് ബസ് കയറി ഒളിംപിക് വില്ലേജിലെത്തി മത്സരം നടക്കുന്ന മൈതാനത്തേക്ക് പോകാൻ സമയം ശേഷിച്ചിരുന്നില്ല.

‘അവിടെ കുടുങ്ങുനിന്ന സമയത്താണ് ഈ വോളന്റിയറെ കണ്ടുമുട്ടുന്നത്. ഞാൻ വേദി മാറിപ്പോയ കാര്യം പറഞ്ഞ് സഹായം അഭ്യർഥിച്ചു. അവർ സമയമൊട്ടും പാഴാക്കാതെ പറഞ്ഞതിന്റെ ഗൗരവം ഉൾക്കൊണ്ട് ശരിയായ വേദി എനിക്ക് പറഞ്ഞുതന്നു. അവിടേക്കു പോകാൻ ടാക്സി വിളിച്ചുതന്നുവെന്ന് മാത്രമല്ല, അതിനുള്ള പണവും നൽകി’ – ഹാൻസിൽ പറഞ്ഞു.

‘ഇവർ സഹായിച്ചതുകൊണ്ടാണ് മത്സരവേദിയിൽ കൃത്യസമയത്ത് എത്താനും വാം അപ്പ് ചെയ്ത് മത്സരത്തിന് ഇറങ്ങാനും കഴിഞ്ഞത്.  അന്ന് നേരിയ വ്യത്യാസത്തിലാണ് ഫൈനലിൽ കടന്നത്. എന്താലായും വല്ലാത്തൊരു അനുഭവമായിപ്പോയി’ – ഹാൻസിൽ പറ‍ഞ്ഞു.

സെമിയിൽ അൽപം വിയർത്തെങ്കിലും ഫൈനലിൽ ലോക ചാംപ്യൻ ഗ്രാന്റ് ഹോളോവേയെ ഞെട്ടിച്ച പ്രകടനത്തോടെയാണ് ഹാൻസിൽ സ്വർണം നേടിയത്. സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച ഹാൻസിൽ 13.04 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് സ്വർണം നേടിയത്. തുടർന്നാണ് തന്നെ സഹായിച്ച വോളന്റിയറെ കണ്ടെത്താൻ ഹാൻസിൽ ശ്രമം നടത്തിയത്.

അന്ന് തനിക്കായി ടിജാന നൽകിയ ടാക്സിക്കൂലി തിരികെ നൽകിയ ഹാൻസിൽ, അവരുടെ സഹായത്തോടെ സ്വന്തമാക്കിയ സ്വർണ മെഡലും ആ കൈവെള്ളയിൽ വച്ചുകൊടുത്തു. ഹാൻസിലിന്റെ സ്വർണ മെഡൽ കണ്ട് വിസ്മയം കൂറുന്ന യുവതിയെ വിഡിയോയിൽ കാണാം. സ്വർണ മെഡലിലേക്കുള്ള തന്റെ യാത്രയ്ക്ക് ‘വഴികാട്ടിയായ’ ആ യുവതിക്ക് ഒരു സമ്മാനവും നൽകി അവർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് ഹാൻസിൽ നാട്ടിലേക്കു മടങ്ങിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

ഈ സുവർണ സഹായത്തിന്റെ കഥ ഇവിടംകൊണ്ടും തീരുന്നില്ല. ജമൈക്കൻ താരത്തിന്റെ സ്വർണ മെഡൽ നേട്ടത്തിൽ സഹായിച്ച ടിജാനയെ തേടി കരീബിയൻ ദ്വീപുകൾ സന്ദർശിക്കാനുള്ള ഔദ്യോഗിക ക്ഷണവുമെത്തിക്കഴിഞ്ഞു. ജമൈക്കൻ ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്‌ലെറ്റാണ് ഈ പെൺകുട്ടിയെ ജമൈക്കയിലേക്ക് ക്ഷണിച്ചത്. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും താൽപര്യമുണ്ടെങ്കിൽ കരീബിയൻ ദ്വീപുകൾ സന്ദർശിക്കാൻ അവസരമൊരുക്കുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.

English Summary: Jamaican gold medalist Hansle Parchment tracked down the volunteer who helped him during Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com