ADVERTISEMENT

കാബൂൾ∙ വനിതാ കായിക താരങ്ങൾക്കെതിരായ താലിബാൻ ക്രൂരതയ്ക്ക് അഫ്ഗാനിസ്ഥാനിൽ മറ്റൊരു ഇര കൂടി. അഫ്ഗാനിസ്ഥാൻ ദേശീയ ജൂനിയർ വോളിബോൾ ടീം അംഗമായിരുന്ന വനിതാ താരത്തെ താലിബാൻ കഴുത്തറുത്തു കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തത്. അഫ്ഗാൻ ടീമിൽ അംഗമായിരുന്ന മഹ്‌ജാബീൻ ഹക്കിമിയാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിൽ വധിക്കപ്പെട്ടത്.

മഹ്ജാബീൻ ഹക്കിമി കൊല്ലപ്പെട്ട വിവരം അഫ്ഗാൻ വനിതാ ടീം പരിശീലകരിൽ ഒരാൾ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വന്തം പേരു വെളിപ്പെടുത്താതെയാണ് ഇദ്ദേഹം മഹ്ജാബീന്റെ മരണം സ്ഥിരീകരിച്ചത്. എപ്പോഴാണ് കൊലപാതകമുണ്ടായതെന്ന് താരത്തിന്റെ കുടുംബത്തിനു മാത്രമേ അറിയൂ. ഇതേക്കുറിച്ച് പുറത്തു പറയരുതെന്ന് താരത്തിന്റെ കുടുംബാംഗങ്ങളെ താലിബാൻ ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തുവരാൻ വൈകിയതെന്നും ഈ പരിശീലകൻ വ്യക്തമാക്കി.

ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാൻ വോളിബോൾ ടീമിലെ രണ്ടു താരങ്ങൾക്കു മാത്രമാണ് രാജ്യത്തുനിന്നു രക്ഷപ്പെടാൻ സാധിച്ചതെന്നാണ് ഈ പരിശീലകൻ സൂചിപ്പിക്കുന്നത്. അഫ്ഗാനിൽ കുടുങ്ങിപ്പോയവരുടെ കൂട്ടത്തിലായിരുന്നു മഹ്ജാബീൻ ഹക്കിമി.

കാബൂൾ മുൻസിപ്പാലിറ്റി വോളിബോൾ ക്ലബിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്ന മഹ്ജാബീൻ. അഷ്റഫ് ഗനി സർക്കാർ നിലംപതിക്കുന്നതിനു മുൻപാണ് താരം ക്ലബിനായി കളിച്ചിരുന്നത്. താരത്തിന്റെ തലയറുക്കപ്പെട്ട ശരീരത്തിന്റെ ചിത്രം ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താലിബാന് എതിർപ്പുളള ഹസാറ വിഭാഗത്തിൽപ്പെട്ട താരമായിരുന്നു മഹ്ജാബീൻ എന്നാണ് റിപ്പോർട്ട്.

അഫ്ഗാനിസ്ഥാനിൽ ഭരണമേറ്റതുമുതൽ വനിതകളെ കായികരംഗത്തു തടയുന്ന നയമാണ് താലിബാന്റേത്. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ വനിതകൾ മത്സരിക്കുന്നത് താലിബാൻ വിലക്കിയിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് വിദേശത്തും സ്വദേശത്തുമായി ടൂർണമെന്റുകളിൽ കളിക്കുകയും ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത വോളിബോൾ താരങ്ങൾക്കായും താലിബാൻ രാജ്യവ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ നൂറോളം വനിതാ ഫുട്ബോൾ താരങ്ങളെ ഫിഫയും ഖത്തർ സർക്കാരും രക്ഷപ്പെടുത്തിയ വാർത്ത പുറത്തുവന്ന് ഒരാഴ്ച തികയുന്നതിനിടെയാണ് വനിതാ വോളിബോൾ താരം കൊല്ലപ്പെട്ട വാർത്തയും പുറത്തുവരുന്നത്. അഫ്ഗാൻ വനിതാ ടീമിലെ താരങ്ങളെ അവരുടെ കുടുംബങ്ങൾക്കൊപ്പമാണ് ഫിഫയും ഖത്തർ സർക്കാരും ചേർന്ന് രക്ഷപ്പെടുത്തിയത്.

English Summary: Afghan women's national team volleyball player beheaded by Taliban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com