ADVERTISEMENT

ദോഹ∙ ലോസൈൽ രാജ്യാന്തര സർക്യൂട്ടിൽ നടന്ന പ്രഥമ ഖത്തർ ഗ്രാൻപ്രിയിൽ വിജയിച്ച മെഴ്‌സിഡീസ് താരം ലൂയിസ്‌ ഹാമിൽട്ടൻ ഫോർമുല വൺ ചാംപ്യൻഷിപ്പിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തി. ഈ ജയത്തോടെ ചാംപ്യൻഷിപ് പോരാട്ടത്തിൽ റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പന്റെ ലീഡ് 8 പോയിന്റായി കുറച്ചിരിക്കയാണ് ബ്രിട്ടിഷ് താരം. എട്ടാം കിരീടം ഉന്നമിടുന്ന ഹാമിൽട്ടൻ 102 ഗ്രാൻപ്രി വിജയങ്ങളും ഇതോടെ സ്വന്തമാക്കി. സൗദി അറേബ്യ, അബുദാബി ഗ്രാൻപ്രികളും ജയിച്ചാൽ എട്ടാം കിരീടവും ഏറ്റവും കൂടുതൽ ഫോർമുല വൺ കിരീടമെന്ന റെക്കോർഡും ഹാമിൽട്ടനു സ്വന്തമാകും.

∙ ദോഹയിലെ കന്നിമത്സരം

ഈ സീസണിലെ പുതിയ മത്സര വേദിയാണ് ഖത്തർ ഗ്രാൻപ്രി നടന്ന ലോസൈൽ രാജ്യാന്തര സർക്യൂട്ട്. 2004ൽ ആരംഭിച്ചതാണെങ്കിലും ആദ്യമായാണ് ഇവിടെ എഫ് 1 മത്സരം നടക്കുന്നത്. 2023 മുതൽ ഇതു സ്ഥിരം വേദിയാകും. 2022ൽ ലോകകപ്പ് ഫുട്‌ബോൾ നടക്കുന്നതിനാൽ അടുത്ത സീസണിൽ എഫ് 1 ഖത്തർ ഗ്രാൻപ്രി ഉണ്ടാകില്ല.

∙ ലോസൈലിലെ കാഴ്ചകൾ

യോഗ്യതാ മത്സരത്തിൽ ഒന്നാമനായി ഓടിയെത്തി പോൾ പൊസിഷൻ നേടിയപ്പോൾത്തന്നെ ഹാമിൽട്ടൻ പകുതി വിജയിച്ചിരുന്നു. രണ്ടാമത്തെത്തിയ വേർസ്റ്റപ്പനുമായി നേർക്കുനേർ യുദ്ധം പ്രതീക്ഷിച്ചിരിക്കെ വേർസ്റ്റപ്പനു ലഭിച്ച പിഴ വീണ്ടും ഹാമിൽട്ടന് അനുഗ്രഹമായി. കഴിഞ്ഞ മത്സരത്തിൽ ഹാമിൽട്ടനെ സർക്യൂട്ടിൽ മറികടക്കാൻ അനുവദിക്കാതെ തടഞ്ഞതിനു ശിക്ഷ നൽകണമെന്ന് മെഴ്‌സിഡീസ് ടീം പരാതി നൽകിയിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. എന്നാൽ, യോഗ്യതാ മത്സരത്തിൽ മഞ്ഞ കൊടി വീശിയിട്ടും വേഗം കുറയ്ക്കാഞ്ഞതിന് ഗ്രിഡിൽ 5 സ്ഥാനം താഴെ പോകേണ്ടി വന്നു. ഇതേ കാരണത്തിനു ബൊത്താസിനും കിട്ടി 3 ഗ്രിഡ് സ്ഥാനങ്ങൾ പിഴ.

ഇതോടെ ഒന്നാം നിരയിൽ താരതമ്യേന ദുർബലനായ ആൽഫാ ടൗറി താരം പിയറെ ഗാസ് ലിയെ ഭയക്കാതെ മികച്ച സ്റ്റാർട്ട് ലഭിച്ചു ഹാമിൽട്ടന്. ഗാസ് ലിക്കു തുടക്കത്തിൽത്തന്നെ രണ്ടാം സ്ഥാനം ആൽപിൻ താരം ഫെർണാണ്ടോ അലോൻസോയ്ക്കു കൈമാറേണ്ടി വന്നു. മാക് ലാരെനിൽ തുടങ്ങിയ പഴയ പോര് ഹാമിൽട്ടനും അലോൻസോയ്ക്കുമിടയിൽ പ്രതീക്ഷിച്ചെങ്കിലും തെറ്റി.

ഗ്രിഡിൽ ഏഴാമനായി മത്സരം തുടങ്ങിയ റെഡ് ബുള്ളിന്റെ മാക്സ് വേർസ്റ്റപ്പനു മികച്ച ഡ്രൈവിലൂടെ രണ്ടാം സ്ഥാനത്തെത്താൻ ഏറെ നേരം വേണ്ടിവന്നില്ല. ചാംപ്യൻഷിപ് ലീഡിന് വലിയ കോട്ടം തട്ടാതെ മാക്സ് ആ രണ്ടാം സ്ഥാനം ചേക്കേഡ് ഫ്ലാഗ് വരെ കാത്തു. അതിവേഗ ലാപ്പിനുള്ള പോയിന്റ് ഉൾപ്പെടെ 19 പോയിന്റ് നേടിയ വേർസ്റ്റപ്പൻ 351.5 പോയിന്റോടെ ലീഡ് നിലനിർത്തി. ഹാമിൽട്ടനെക്കാൾ 8 പോയിന്റ് മുന്പിലാണ് വേർസ്റ്റപ്പൻ ഇപ്പോൾ. അതിവേഗ ലാപ് സ്വന്തം പേരിൽ കുറിക്കാനായെങ്കിലും ഹാമിൽട്ടനെ ഒരു ഘട്ടത്തിലും വെല്ലുവിളിക്കാൻ വേർസ്റ്റപ്പനു കഴിഞ്ഞില്ല.

∙ അലോൻസോ വീണ്ടും

മൈക്കൽ ഷൂമാക്കറെന്ന ഇതിഹാസത്തെ വെല്ലുവിളിച്ചു എഫ് വണ്ണിൽ വന്ന താരമാണ് ഫെർണാണ്ടോ അലോൻസോ. 104 മത്സരങ്ങൾക്കു ശേഷം വീണ്ടും പോഡിയം കണ്ട സന്തോഷമായിരുന്നു ആൽപിൻ താരത്തിനും പഴയ റെനോ ടീമിനും. ഷൂമാക്കറുടെ ആധിപത്യം അവസാനിപ്പിച്ചു 2005ലും 2006ലും റെനോയ്ക്കു വേണ്ടി കിരീടമണിഞ്ഞു അലോൻസോ. 2007ൽ മാക്‌ലാരനിൽ എത്തിയപ്പോൾ സഹതാരം പുതുമുഖം ലൂയിസ് ഹാമിൽട്ടൻ. ഒരേ ടീമാണെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല.

റൂക്കി താരമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വച്ച ഹാമിൽട്ടനോട് ടീമിനു താത്പര്യക്കൂടുതലുണ്ടെന്ന തോന്നലും അലോൻസോയെ അലോസരപ്പെടുത്തി. 2007 സീസണിലെ അവസാന മത്സരത്തിൽ ഹാമിൽട്ടന് ഒരേയൊരു പോയിന്റിനു ചാംപ്യൻഷിപ് നഷ്ടപ്പെട്ടപ്പോൾ കാരണക്കാരൻ അലോൻസോ ആണെന്ന കുറ്റപ്പെടുത്തലുമുണ്ടായി. അതോടെ സഹതാരവും ടീമുമായുള്ള ബന്ധം വഷളായി ടീം വിട്ടു. 2013ൽ രണ്ടാം സ്ഥാനക്കാരനായതൊഴിച്ചാൽ പിന്നീട് വലിയ നേട്ടങ്ങളൊന്നും സ്പാനിഷ് താരത്തിന് നേടാനായില്ല. ഒടുവിൽ 2018ൽ എഫ് 1 വിട്ട് ഡക്കർ റാലിയിലേക്കും ഇന്ത്യാന പോളിസ് 500 വിഭാഗത്തിലേക്കും കളം മാറിച്ചവിട്ടി.

ഈ സീസണിൽ പുത്തൻ ഊർജത്തോടെ തിരിച്ചെത്തിയതോ പുതിയ ഊർജവുമായി കുതിക്കാനൊരുങ്ങുന്ന പഴയ റെനോയുടെ കാറിൽ. റെനോ ഈ സീസണിലാണ് ആൽപിൻ എന്ന പേരിലേക്കു മാറിയത്. സീസൺ സമാപിക്കാറായപ്പോഴെങ്കിലും ടീമിന് വേണ്ടി പോഡിയം നേടാനായി ആഹ്ലാദത്തിലാണ് അലോൻസോ. 34 ഗ്രാൻപ്രി വിജയങ്ങൾ സ്വന്തം പേരിൽക്കുറിച്ച അലോൻസോ 104 മത്സരങ്ങൾക്കു ശേഷമാണ് പോഡിയം കയറുന്നത്. വേർസ്റ്റപ്പനും ബൊത്താസിനും ലഭിച്ച ഗ്രിഡ് പെനൽറ്റിയാണ് അലോൻസോയുടെ കുതിപ്പിന് കരുത്തായത്.

തുടക്കത്തിൽത്തന്നെ മുന്നിലുണ്ടായിരുന്ന ആൽഫാ ടൗറി താരം പിയറെ ഗാസ് ലിയെ മറികടന്നു രണ്ടാമതെത്തിയെങ്കിലും വേർസ്റ്റപ്പനെ തടയാനായില്ല. റെഡ് ബുൾ താരം സെർജിയോ പെരെസ് നാലാമതും ആസ്റ്റൺ മാർട്ടിൻ താരം എസ്തേബാൻ ഒക്കോൺ അഞ്ചാമതും മത്സരം പൂർത്തിയാക്കി. ഖത്തറിലെ ആദ്യ മത്സരത്തിൽ ഒറ്റ ടയർ മാറ്റത്തിലൂടെ മത്സരം തീർക്കാൻ ശ്രമിച്ച 3 പേർ ടയർ പൊട്ടി പുറത്തായി.

∙ ചേക്കേഡ് ഫ്‌ളാഗുമായി ഒളിംപിക് ചാംപ്യൻ

പ്രഥമ ഖത്തർ ഗ്രാൻപ്രിയുടെ വിജയികളെ സ്വാഗതം ചെയ്തു ഫിനിഷിങ് പോയിന്റിൽ ചേക്കേഡ് ഫ്ലാഗ് വീശിയത് ടോക്യോ ഒളിംപിക്‌സിലെ ചാംപ്യൻ താരമായ മുർതാസ് ഈസ ബുർഷിം. ഹൈജമ്പ് താരമായ ബുർഷിം ഇറ്റലിക്കാനായ ജിയാൻ മാർക്കോ തമ്പേരിക്കു കൂടി സ്വർണം പങ്കിടാൻ തയാറായതോടെ ലോകം ശ്രദ്ധിച്ച താരമാണ്.

∙ ഡ്രൈവേഴ്‌സ് ചാംപ്യൻഷിപ് പോയിന്റ് നില

1. മാക്സ് വേർസ്റ്റപ്പൻ 351.5
2. ലൂയിസ്‌ ഹാമിൽട്ടൻ 343.5
3. വൾട്ടേരി ബൊത്താസ് 203
4. സെർജിയോ പെരസ് 190
5. ലാൻഡോ നോറിസ്. 153.

∙ കൺസ്ട്രക്റ്റേഴ്‌സ് ചാപ്യൻഷിപ്

1. മെഴ്സിഡീസ് 546.5
2. റെഡ് ബുൾ 541.5
3. ഫെറാറി. 297.5
4. മാക് ലാരൻ 258
5. ആൽപിൻ 137

English Summary: Qatar Formula One Grand Prix; Hamilton wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com