ADVERTISEMENT

മൊണാക്കോ ∙ അത്‍ലറ്റിക്സിലെ പരമോന്നത സംഘടനയായ ലോക അത്‌ലറ്റിക്സിന്റെ ‘വുമൺ ഓഫ് ദി ഇയർ’ പുരസ്കാരം മലയാളി ഒളിംപ്യൻ അഞ്ജു ബോബി ജോർജിന്. മത്സരരംഗത്തുനിന്നു വിരമിച്ച ശേഷം പരിശീലകയായും ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റായും കായികരംഗത്തിനു നൽകുന്ന സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു ഇന്ത്യൻ താരമാണു ലോങ്ജംപിലെ ദേശീയ റെക്കോർഡുകാരിയായ അഞ്ജു (44).

ബുധൻ രാത്രി വെർച്വലായി നടന്ന ചടങ്ങിലാണു പുരസ്കാരം പ്രഖ്യാപിച്ചത്. ഈ പുരസ്കാരത്തിന് അർഹയാകുന്ന ആദ്യ ഇന്ത്യക്കാരിയാണ്. 2019ൽ ഇത്യോപ്യയുടെ ഡെറാർത്തു ടുളുവാണ് പ്രഥമ പുരസ്കാരം നേടിയത്. ലോക അത്‍ലറ്റിക് സംഘടനയുടെ വാർഷിക പുരസ്കാരച്ചടങ്ങിൽ ആദ്യമായാണ് ഒരു ഇന്ത്യൻ അത്‌ലീറ്റ് ആദരിക്കപ്പെടുന്നത്.

പുരസ്കാരം പ്രഖ്യാപിച്ചശേഷം അഞ്ജുവിനെപ്പറ്റി ലോക സംഘടന ട്വീറ്റ് ചെയ്തത്: ‘മുൻ രാജ്യാന്തര ലോങ്ജംപറായ അഞ്ജു ഇപ്പോഴും സ്പോർട്സിൽ സജീവമാണ്. 2016ൽ പെൺകുട്ടികൾക്കായി അക്കാദമി തുടങ്ങി. ഈ അക്കാദമിയിൽനിന്ന് ഒരു താരം അണ്ടർ 20 ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടി. ലിംഗ സമത്വത്തിനായി ശബ്ദമുയർത്തുന്ന സംഘാടക കൂടിയാണ് അഞ്ജു. സ്കൂൾ വിദ്യാർഥിനികളെ ഭാവിയിൽ നേതൃസ്ഥാനങ്ങൾക്കു പ്രാപ്തരാക്കാൻ മാർഗനിർദേശവും നൽകുന്നു.’

∙ വുമൺ ഓഫ് ദി ഇയർ

∙ അത്‍ലറ്റിക്സിനായി ജീവിതം സമർപ്പിച്ചവരെ ആദരിക്കാൻ ലോക സംഘടന നൽകുന്ന പുരസ്കാരം.
∙ ആദ്യം അർഹയായത് ഇത്യോപ്യയുടെ ഒളിംപ്യൻ ഡെറാർത്തു ടുളു (10,000 മീറ്ററിലെ ഇരട്ട ഒളിംപിക് ചാംപ്യൻ).
∙ 2014 മുതൽ 2018 വരെ ‘വിമൻ ഇൻ അത്‍‌ലറ്റിക്സ് അവാർഡ്’ നൽകിയിരുന്നു. അത്‍ലറ്റിക്സിൽ വനിതകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിപ്പിക്കാൻ ശ്രമിച്ചവർക്കാണു സമ്മാനിച്ചത്.
∙ 2019ൽ ലോക സംഘടനയുടെ വെറ്ററൻ പിൻ അംഗീകാരത്തിന് ഒളിംപ്യൻ പി.ടി.ഉഷ അർഹയായിരുന്നു.

∙ വാർഹോമും എലെയ്നും മികച്ച താരങ്ങൾ

ടോക്കിയോ ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ റെക്കോർഡോടെ സ്വർണം നേടിയ നോർവേയുടെ കാർസ്റ്റൻ വാർഹോമിനെ മികച്ച പുരുഷ താരമായി ലോക അത്‍ലറ്റിക് സംഘടന തിരഞ്ഞെടുത്തു. ഒളിംപിക്സിൽ സ്പ്രിന്റ് ഡബിൾ നിലനിർത്തിയ ജമൈക്കയുടെ എലെയ്ൻ തോംസനാണു മികച്ച വനിതാ താരം.

∙ അഞ്ജു നേടിയ പ്രധാന മെഡലുകളും പുരസ്കാരങ്ങളും

ദേശീയ ബഹുമതികൾ

∙ പത്മശ്രീ 2004
∙ ഖേൽരത്ന 2003
∙ അർജുന 2002

∙ ONLY ഇന്ത്യൻ

∙ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം
∙ ലോക അത്‍ലറ്റിക്സ് ഫൈനലിൽ ജേതാവായ ഏക ഇന്ത്യൻ താരം
∙ ലോക അത്‌‍ലറ്റിക്സ് ഫൈനലിലേക്കു തുടർച്ചയായി യോഗ്യത നേടിയ ഏക ഇന്ത്യൻ താരം(2003, 2004, 2005, 2008 വർഷങ്ങളിൽ)

∙ പ്രധാന രാജ്യാന്തര നേട്ടങ്ങൾ

∙ വെങ്കലം, ലോക അത്‍ലറ്റിക് ചാംപ്യൻഷിപ് 2003, പാരിസ്
∙ സ്വർണം, ലോക അത്‌ലറ്റിക്‌സ് ഫൈനൽ 2005, മൊണാക്കോ
∙ വെങ്കലം, കോമൺവെൽത്ത് ഗെയിംസ് 2002, മാഞ്ചസ്റ്റർ
∙ സ്വർണം, ആഫ്രോ– ഏഷ്യൻ ഗെയിംസ് 2003, ഹൈദരാബാദ്
∙ സ്വർണം, ഏഷ്യൻ ഗെയിംസ് 2002, ബുസാൻ
∙ വെള്ളി, ഏഷ്യൻ ഗെയിംസ് 2006, ദോഹ
∙ സ്വർ‌ണം, ഏഷ്യൻ‌ ട്രാക്ക് ആൻഡ് ഫീൽഡ് 2005, ഇഞ്ചോൺ

∙ FIRST ഇന്ത്യൻ

∙ ലോക അത്‍ലറ്റിക്സ് സൂപ്പർ ഗ്രാൻപ്രിയിൽ സ്വർ‌ണം നേടിയ ആദ്യ ഇന്ത്യൻ താരം
∙ കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിൽ മെഡൽ‌ നേടിയ ആദ്യ ഇന്ത്യൻ വനിത
∙ ലോങ്ജംപ് ലോക റാങ്കിങ്ങിൽ ഇന്ത്യൻ വനിതയുടെ മികച്ച നേട്ടം (നാലാം റാങ്ക്)

∙ 17 – വനിതാ ലോങ്ജംപിലെ ദേശീയ റെക്കോർഡ് കഴിഞ്ഞ 17 വർഷമായി അഞ്ജു ബോബി ജോർജിന്റെ പേരിലാണ്. 2004 ആതൻസ് ഒളിംപിക്സിൽ അഞ്ജു കുറിച്ച 6.83 മീറ്ററാണ് ഇപ്പോഴും റെക്കോർഡ്.

English Summary: Anju Bobby George wins Woman of Year Award from World Athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com