വെൽ ഡൺ ‘ഡോക്ടർ അഞ്ജു’; പുരസ്കാര നിറവിൽ അഞ്ജു സംസാരിക്കുന്നു

anju-bobby
അഞ്ജു ബോബി ജോർജ്
SHARE

കായിക ജീവിതത്തിലെ ആദ്യ ഓണററി ഡോക്ടറേറ്റിന് അർഹയാകാൻ പോകുന്നതിനു 2 ദിവസം മുൻപാണ് ഒളിംപ്യൻ അഞ്ജു ബോബി ജോർജിനെത്തേടി ലോക കായികസംഘടനയുടെ പുരസ്കാരമെത്തുന്നത്. മധ്യപ്രദേശിലെ ഭോപാലിലുള്ള ജാഗരൺ ലേക് സിറ്റി സർവകലാശാല (ജെഎൽയു) നാളെയാണ് അഞ്ജുവിനു ഡോക്ടറേറ്റ് ബഹുമതി സമ്മാനിക്കുന്നത്. അതിനു മുൻപേ വേൾഡ് അത്‍ലറ്റിക്സിന്റെ ‘വുമൺ ഓഫ് ദി ഇയർ’ പുരസ്കാരവും. അഞ്ജു സംസാരിക്കുന്നു:

∙ ലോക പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. ഈ നേട്ടത്തിന് അർഹയായപ്പോൾ വളരെയധികം സന്തോഷം തോന്നി. ഇന്ത്യയ്ക്കും കേരളത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.

∙ ഇനി എന്താണു സ്വപ്നം?

ഒളിംപിക്സിൽ മെഡൽ നേടാൻ കഴിവുള്ള താരങ്ങളെ വളർത്തിക്കൊണ്ടു വരികയെന്നതാണു സ്വപ്നം. അ‍ഞ്ജു ബോബി ജോർജ് സ്പോർട്സ് ഫൗണ്ടേഷനിൽ ഇപ്പോൾ 13 കുട്ടികളുണ്ട്. എല്ലാവരും സാധാരണക്കാർ. ഞങ്ങളുടെ അക്കാദമിയിലെ ശൈലി സിങ് അണ്ടർ 20 ലോക ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ വെള്ളി നേടി. കൂടുതൽ പ്രതിഭകളെ സൃഷ്ടിക്കുകയാണു ലക്ഷ്യം.

2450231
ലോക അത്ലറ്റിക് ചാംപ്യൻഷിപ് മെഡലുമായി അഞ്ജു

∙ എന്തുകൊണ്ടാണു വിരമിക്കലിനുശേഷം ഒന്നു സെറ്റിലായി വിശ്രമിക്കാതിരുന്നത്?

എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകിയതു സ്പോർട്സാണ്. കോട്ടയം ചങ്ങനാശേരിയിലെ ഒരു നാട്ടിൻപുറത്തു ജനിച്ചുവളർന്ന ‍ഞാൻ, ഒരു കായികതാരമല്ലായിരുന്നുവെങ്കിൽ ഇന്നു കാണുന്ന നിലയിലേക്ക് എത്തില്ലായിരുന്നു. ഈ നേട്ടങ്ങൾക്കുള്ള എന്റെ നന്ദി പ്രകാശനമാണ് ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നെക്കൊണ്ടു കഴിയുംവിധം പുതിയ താരങ്ങളെ വളർത്തും. അത്‍‌ലറ്റിക് ഫെഡറേഷൻ ഭാരവാഹി എന്ന നിലയിൽ അത്‍ലീറ്റുകൾക്ക് എല്ലാവിധ സൗകര്യവുമൊരുക്കും.

∙ പിന്നിട്ട വഴികൾ എളുപ്പമായിരുന്നോ?

ഒരിക്കലുമല്ല. കഠിനപാതകളിലൂടെയാണു നേട്ടങ്ങളിലേക്കു കയറിയത്. ഒന്നും ആരും കയ്യിൽ കൊണ്ടുവച്ചു തന്നതല്ല. പെൺകുട്ടികളോട് എനിക്കു പറയാനുള്ളത് ഇതാണ് – സർവം മറന്ന് അധ്വാനിക്കുക. ആരും നിങ്ങളെ തടയില്ല. ലോകം മാറിക്കഴിഞ്ഞു.

INDIA-AWARD-GEORGE-KALAM
ഖേൽരത്ന പുരസ്കാരം ഏറ്റുവാങ്ങുന്നു

∙ കുടുംബത്തിന്റെ പിന്തുണ?

വലിയ നേട്ടങ്ങളിലേക്ക് എന്നെ ഒരുക്കിയതു ഭർത്താവ് റോബർട്ട് ബോബി ജോർജിന്റെ പരിശീലനമാണ്. ബെംഗളൂരുവിലെ അക്കാദമിയിലും ബോബി ഒപ്പമുണ്ട്. മക്കളായ ആരണും ആൻഡ്രിയയും സന്തോഷത്തോടെ ഞങ്ങൾക്കൊപ്പം ചേരുന്നു.

English Summary: Anju Bobby George wins World Athletics’ Woman of Year Award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA