ADVERTISEMENT

2020ൽ റോസ് ബ്രൗൺ എന്ന ബ്രിട്ടിഷ് ഫോർമുല വൺ എൻജിനീയർ മാക്സ് വേർസ്റ്റപ്പനെക്കുറിച്ചൊരു പരാമർശം നടത്തുകയുണ്ടായി; ‘മാക്സ്  വേർസ്റ്റപ്പൻ എന്നെ പല തരത്തിലും മൈക്കൽ ഷുമാക്കർ എന്ന ഇതിഹാസ ഡ്രൈവറെ  ഓർമിപ്പിക്കുന്നു. കാരണം, അയാളുടെ വേഗത സ്വന്തം കാറിന്റെ പരിധി അല്ല. അതിനും അപ്പുറമാണ്!’.  ഒടുവിൽ റോസ് ബ്രൗൺ അന്ന് ഷുമാക്കറോട് ഉപമിച്ച മാക്സ് വേർസ്റ്റപ്പൻ എന്ന ഇരുപത്തിനാലുകാരൻ പയ്യൻ തന്നെ  വേണ്ടി വന്നു, മൈക്കൽ ഷുമാക്കറുടെ 7 കിരീടനേട്ടങ്ങളെന്ന റെക്കോർഡ് ലക്ഷ്യമിട്ട് കാറോടിച്ച ലൂയിസ് ഹാമിൽട്ടന് വിലങ്ങു തടിയാകാൻ.  

2014ൽ ഫോർമുല വണ്ണിൽ ഹൈബ്രിഡ് കാലഘട്ടം തുടങ്ങിയതുമുതൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പും കോൺസ്റ്റ്‌ക്ടർസ് ചാംപ്യൻഷിപ്പും മേഴ്‌സിഡെസ് എന്ന ജർമൻ കമ്പനിയുടെ കുത്തക ആയിരുന്നു. അവിടേക്കാണ് ഹൈബ്രിഡ് കാലഘട്ടത്തിലെ എൻജിനിൽ തന്നെ മാക്സ് വേർസ്റ്റപ്പന്റെ കടന്നുവരവ്. അവസാനത്തെ മത്സരത്തിൽ തീർത്തും അജയ്യമായ കാറിൽ പറക്കുന്ന ലൂയിസ് ഹാമിൽട്ടൻ എന്ന 7 തവണ ഫോർമുല വൺ കിരീടധാരിയായ ഡ്രൈവറെ അങ്ങനെ മാക്സ് വേർസ്റ്റപ്പൻ എന്നൊരു പയ്യൻ അവസാന ലാപ്പിൽ മറികടന്ന് കിരീടത്തിൽ മുത്തമിടുന്നു. ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന ഫോർമുല വൺ മോട്ടർ സ്പോർട്സിലെ അവിശ്വാസിയ നിമിഷങ്ങൾക്കാണ് അബുദാബിയിൽ ഫോർമുല വൺ ആരാധകർ സാക്ഷി ആയത് .  

ഫോർമുല വൺ 2021 അവസാന മത്സരം അബുദാബിയിൽ അരങ്ങേറുമ്പോൾ മാക്സിനും ലൂയിസിനും 365.5  പോയിന്റുകൾ വീതം. അതായത് മത്സരം  വിജയിക്കുന്ന ആൾ 2021 ലെ കീരീടധാരിയാകും. 2021 ഫോർമുല വണ്ണിലെ കീരീടധാരിയെ തീരുമാനിക്കാൻ ഫോർമുല വൺ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നത് അവസാന ദിനത്തിലെ അവസാന ലാപ്പു വരെ. അത്രത്തോളം ആവേശം നിറഞ്ഞതായിരുന്നു അവസാന പോരാട്ടം. ഹാമിൽട്ടനുമായി 12 സെക്കൻഡിന്റെ വ്യത്യാസം വരെ ഉണ്ടായിരുന്ന മാക്സിന്  ജയിക്കാൻ അത്ഭുതങ്ങൾ സംഭവിക്കണം എന്ന് മത്സരം തീരാൻ 5 ലാപ്പ് ശേഷിക്കെ റെഡ്ബുളിന്റെ ടീം പ്രിൻസിപ്പൽ ക്രിസ്റ്റ്യൻ ഹോണർ പറയുകയുണ്ടായി.

അതിനുശേഷം അവിടെ ഒരു അത്ഭുതം സംഭവിക്കുന്നു. 2021ൽ ഏറ്റവും കൂടുതൽ വിജയങ്ങൾ കുറിച്ച, ഏറ്റവും കൂടുതൽ ലാപ്പ് ലീഡ് ചെയ്ത മാക്സിന് ജയിക്കാൻ ദൈവത്തിന്റെ ഒരു ഇടപെടൽ. നിക്കൊളാസ് ലത്തിഫി എന്ന വില്ലിയൻസിന്റെ  ഡ്രൈവർ നിയന്ത്രണം വിട്ട് ബാരിയറിൽ ഇടിക്കുന്നു. പൊടുന്നനെ സേഫ്റ്റി കാറിന്റെ ഇടപെടൽ. തക്കം നോക്കി സോഫ്റ്റ് ടയർ ഇട്ട വേർസ്റ്റപ്പൻ ആകട്ടെ, ഹാമിൽട്ടന്റെ തൊട്ടു പുറകിലും. ഹാമിൽട്ടൻ ആകട്ടെ 45 ലാപ്പോളം ഓടി പഴകിയ ഗ്രിപ് കുറഞ്ഞ ഹാർഡ് ടയറിലും.

അവസാന ലാപ്പിൽ സേഫ്റ്റി കാർ മാറി ഒരു ലാപ് റേസിനു ‌വേണ്ടി വഴിമാറുന്നു. ടയറിന്റെ മുൻതൂക്കം വ്യക്തമായി അറിയാവുന്ന ഹാമിൽട്ടൻ എന്ന അനുഭവശാലി ആയ ബ്രിട്ടിഷ് ഡ്രൈവർക്ക് തന്റെ മിററിലൂടെ മാത്രം കാണാൻ കഴിയുന്ന മാക്സിന്റെ സാമിപ്യത്തിൽ അപകടം മണക്കുന്നു. അതേ, അയാൾ പ്രതീക്ഷിച്ചതുപോലെ സംഭവിക്കുന്നു. ട്രാക്കിന്റെ രണ്ടാമത്തെ സെക്ടറിൽ തന്നെ ടയറിന്റെ ആനുകൂല്യത്തിൽ വേർസ്റ്റപ്പൻ ഹാമിൽട്ടനെ മറികടക്കുന്നു, വേറൊരു സാഹചര്യത്തിലും മാക്സിന് ലൂയിസിനെ മറികടക്കാനുള്ള സാധ്യത റെഡ്ബുൾ റേസിംഗ് ടീം പോലും കണ്ടു കാണില്ല. അത്രമാത്രം അജയ്യമായിരുന്നു ഹാമിൽട്ടന്റെ മേഴ്‌സിഡസ് കാർ. 

മാക്സ് മത്സരം തുടങ്ങിയത് പോൾ പൊസിഷനിലായിരുന്നു. അതും സോഫ്റ്റ് ടയറിൽ. ഒരു ഡ്രൈവർക്ക് കിട്ടുന്ന ഏറ്റവും വലിയ മുൻതൂക്കം ഇതാണെങ്കിൽ മത്സരത്തിന്റെ തുടക്കത്തിൽ ആദ്യ വളവിൽ തന്നെ മാക്സിനെ മറികടന്ന ഹാമിൽട്ടൻ തന്റെ എട്ടാം ലോകകിരീടത്തിലേക്ക് പോകുമോ എന്ന് പലപ്പോഴും തോന്നിപ്പിച്ചു. റെഡ്ബുൾ ടീമിന് സേഫ്റ്റി കാറിന്റെ അനുകൂല്യത്തിൽ നടത്തിയ സ്ട്രാറ്റജിക് മാറ്റങ്ങൾ പോലും ഹാമിൽട്ടനെ വെല്ലുവിളിക്കാൻ പോന്നതായിരുന്നില്ല.

റെഡ്ബുള്ളിൽത്തന്നെ മാക്സിന്റെ സഹ ഡ്രൈവർ സെർജിയോ പെരെസ് ഹാമിൽട്ടനെ രണ്ടു ലാപ് പിടിച്ചു നിർത്തി മാക്സിന് 7 സെക്കൻഡോളം  നേട്ടമുണ്ടാക്കി എങ്കിലും ഹീമിൽട്ടനെയോ അയാളുടെ മേഴ്‌സിഡസ് കാറിനെയോ വെല്ലുവിളിക്കാൻ പോന്നതായിരുന്നില്ല മാക്സിന്റെ വേഗം. മാക്സ് തന്റെ കന്നി കിരീട നേട്ടത്തിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഒരുപക്ഷേ, തന്റെ സഹ ഡ്രൈവർ സെർജിയോ പെരെസിനോട് തന്നെ ആയിരിക്കാം.

ക്വാളിഫയറിൽ 0.371 സ്‌കൗണ്ടിന്റെ ആനുകൂല്യത്തിൽ മാക്സ് ഹാമിൽട്ടനെ മറികടന്നപ്പോൾ ട്രാക്കിന്റെ രണ്ടാമത്തെ സെക്ടറിൽ സ്ലിപ്സ്ട്രീം (മുന്നിൽ പോകുന്ന കാറിനെ പിന്തുടരുമ്പോൾ പുറകിൽ വരുന്ന കാറിന് വായുവിന്റെ മർദ്ദത്തിന് അനുകൂലമായി കിട്ടുന്ന വേഗത. ഇങ്ങനെ 20 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ പിന്നാലെ വരുന്ന കാറിന് സാധിക്കും) നൽകി മാക്സിനെ സഹായിച്ചത് തന്റെ ടീം മേറ്റ് ആയ സെർജിയോ പെരേസ് തന്നെ ആയിരുന്നു . ഫോർമുല വണ്ണിന്റെ ഈ സീസണിൽ പലപ്പോഴും മാക്സിന് ഭാഗ്യത്തിന്റെ തുണ ഉണ്ടായിരുന്നില്ല.

ബാകുവിൽ ലീഡിൽ മുന്നേറുമ്പോൾ തന്നെ ടയർ പൊട്ടി മാക്സിന് മത്സരത്തിന്ന് പിന്മാറേണ്ടി വന്നിരുന്നു. അതേപോലെ ബ്രിട്ടിഷ് ഗ്രാൻഡ്പ്രീയിൽ ലീഡിൽ മുന്നേറുമ്പോൾ തന്നെ ഹാമിൽട്ടനുമായി ഉരസി മാക്സിന്  മത്സരത്തിൽനിന്ന് പിന്മാറേണ്ടി വന്നു. ഹംഗറിയിലും ഭാഗ്യത്തിന്റെ തുണ മാക്സിന് ഉണ്ടായിരുന്നില്ല. ഇറ്റലിയിൽ ആകട്ടെ മാക്സും ഹാമിൽട്ടനും കൂട്ടിയിടിച്ച് മത്സരത്തിൽനിന്ന് പിന്മാറേണ്ടി വന്നു. ബ്രസീലിയൻ ഗ്രാൻഡ് പ്രീ മുതൽ പുതിയ എൻജിൻ പരീക്ഷിച്ച് ഹാമിൽട്ടന്റെ മേഴ്‌സിഡസ് അകട്ടെ അപരാജിച്ച കുതിപ്പിലും. അവിടേക്കാണ് മാക്സ് വേർസ്റ്റപ്പന്റെ കിരീടനേട്ടം ഫോർമുല വൺ ആരാധകർക്കിടയിൽ പുത്തൻ ആവേശമായി മാറുന്നത് . 

വർഷങ്ങളായി ഫോർമുല വൺ ആരാധകർ കണ്ടുമടുത്ത ഹാമിൽട്ടൻ എന്ന അപരാജിതന്റെ കുതിപ്പിന് തടയിട്ടത് വേർസ്റ്റപ്പനാണ്. കൺസ്ട്രോക്ടർസ്  ചാംപ്യൻഷിപ്പിൽ ഹാമിൽട്ടന്റെ മേഴ്‌സിഡസ് 28 പോയിന്റ് വ്യത്യാസത്തിൽ റെഡ്ബുള്ളിനെ മറികടന്നെങ്കിലും 2022 മുതൽ പുതിയ ഡിസൈനിൽ വരുന്ന കാറുകൾ മേഴ്‌സിഡസ് ടീമിന് ഭാവിയിൽ ഒരു വെല്ലുവിളി ഉയർത്താൻ സാധ്യത ഉള്ളവരാണ് റെഡ്‌ബുള്ളും മക്ലാരനും ഫെറാരിയുമെല്ലാം .

മാക്സ് വേർസ്റ്റപ്പൻ എന്ന ഡച്ച്  ഡ്രൈവറുടെ ഈ ഒരു വിജയത്തോട് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നവരിൽ ഒരു കൂട്ടം ഷുമാക്കരുടെ ആരാധകർ തന്നെ ആയിരിക്കും. വർഷങ്ങളായി തങ്ങൾ മനസിലേറ്റി പൂജിച്ച മൈക്കൽ ഷുമാക്കർ എന്ന ഇതിഹാസം ഹാമിൽട്ടന്റെ കിരീടനേട്ടത്തിൽ പിന്നിലായി പോകാൻ അനുവദിക്കാതിരുന്നതിനാണത്. അതേപോലെ തങ്ങളുടെ കാലത്ത്  വെല്ലുവിളി ഉയർത്തിയ ഹാമിൽട്ടൻ എന്ന ഡ്രൈവറുടെ  ഈ പരാജയം സെബാസ്റ്റ്യൻ വെറ്റലും ഫെർണാണ്ടോ അലോൻസോയും മാക്സിന്റെ വിജയത്തോടെ സന്തോഷിക്കുന്നും ഉണ്ടാകാം.

മത്സരത്തിന്റെ തുടക്കത്തിൽ ഹാമിൽട്ടൻ 8 കീരീടം നേടിയാലും മൈക്കൽ ഷുമാക്കറാണ് തന്റെ ഹീറോ എന്ന് സെബാസ്റ്റ്യൻ വെറ്റൽ പറഞ്ഞിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഹാമിൽട്ടന് പല മത്സരത്തിലും വെല്ലുവിളി  ഉയർത്താൻ മാക്സിന് സാധിച്ചെങ്കിലും ഒരിക്കലും തന്റെ കീരീടനേട്ടത്തെ വെല്ലുവിളിക്കാൻ മാക്സിനും തന്റെ റെഡ്ബുൾ കാറിനും ആയിരുന്നില്ല. പക്ഷേ, 2021ൽ ഭേദപ്പെട്ട കാർ ലഭിച്ചതോടെ മാക്സ് അതിന് ഒരുമ്പിട്ടിറങ്ങി എന്ന് തന്നെ പറയാം. സൗദി അറേബ്യയിൽ മാക്സിന്റെ അവസാന ക്വാളിഫയിങ് ലാപ് കണ്ട ഫോർമുല വൺ ആരാധകർ ഒന്നടങ്കം പറയും, അതേ ഹോണ്ട എൻജിനിൽ പറക്കുന്ന റെഡ്ബുൾ കാറിന്റെ പരിധിക്കും അപ്പുറം ആണ് മാക്സ് എന്ന 24 കാരന്റെ കുതിപ്പ്. 

English Summary: Max Verstappen is F1 Champion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com