ADVERTISEMENT

കബഡി ആസ്വാദകരുടെ ക്രിസ്മസ് കാർണിവലിന് ഇന്നു തുടക്കം. പ്രോ കബഡി ലീഗ് എട്ടാം സീസൺ ഇന്നു വൈകിട്ട് 7.30ന് ബെംഗളൂരുവിൽ കൊടിയേറും. കോവിഡ് മൂലമുണ്ടായ 20 മാസത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ലീഗിൽ പക്ഷേ കാണികൾക്കു പ്രവേശനമില്ല. ഷെറാട്ടൺ ഗ്രാൻഡ് ബെംഗളൂരു വൈറ്റ്ഫീൽഡ് ഹോട്ടലിലെ കൺവൻഷൻ സെന്ററിൽ ഒരുക്കിയിരിക്കുന്ന കോർട്ടിലാണ് മത്സരങ്ങൾ. രാജ്യത്തെ വിവിധ നഗരങ്ങളിൽ അരങ്ങേറിയിരുന്ന മത്സരങ്ങളാണ് ബെംഗളൂരു എന്ന ഒറ്റ വേദിയിൽ ഒതുങ്ങിയിരിക്കുന്നത്.
12 ടീമുകളാണ് ഏറ്റുമുട്ടുക.

∙ മത്സരക്രമം

എല്ലാ ടീമുകളും രണ്ടുവട്ടം പരസ്പരം ഏറ്റുമുട്ടുന്ന ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലായിരിക്കും പ്രാഥമിക ഘട്ട മത്സരങ്ങൾ. ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന 2 ടീമുകൾക്ക് നേരിട്ട് സെമി ഫൈനലിലെത്താം. പട്ടികയിലെ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള 4 ടീമുകൾ പ്ലേ ഓഫിൽ ശേഷിക്കുന്ന 2 സെമി ബെർത്തുകൾക്കായി പോരാടും. സെമിയിൽ വിജയിച്ചാൽ പ്രോ കബഡി ലീഗ് എട്ടാം സീസൺ കിരീടപ്പോരാട്ടം. ഇന്നു മുതൽ ആദ്യ 4 ദിവസങ്ങളിലും തുടർന്ന് ശനിയാഴ്ചകളിലും 3 മത്സരങ്ങൾ വീതമുണ്ടാകും. 7.30, 8.30, 9.30 എന്നിങ്ങനെയാണ് ‘ട്രിപ്പിൾ പംഗ’കളുടെ മത്സരസമയം.

മറ്റു ദിവസങ്ങളിൽ 2 മത്സരങ്ങൾ, 7.30നും 8.30നും. ബെംഗളൂരു ബുൾസും യു മുംബയും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യഘട്ട മത്സരങ്ങൾ ജനുവരി 20ന് തമിഴ് തലൈവാസ് ഗുജറാത്ത് ജയിന്റ്സ് മത്സരത്തോടെ പൂർത്തിയാകും. തുടർന്നുള്ള മത്സരവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം.

∙ ബയോ ബബിൾ

കഴിഞ്ഞ ഓഗസ്റ്റ് 29,30,31 തീയതികളിലായിരുന്നു ഈ സീസണിലെ താരലേലം. തുടർന്നിങ്ങോട്ട് കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് താരങ്ങൾ പരിശീലന ക്യാംപുകളിൽ പങ്കെടുത്തത്. ഈ മാസം ആദ്യം ബെംഗളൂരുവിലെ ഷെറാട്ടൺ ഹോട്ടലിലെത്തിയ ടീമുകൾ ബയോ ബബിൾ സുരക്ഷയിലാണുള്ളത്. ആദ്യ 7 ദിവസം പൂർണമായും റൂം ക്വാറന്റീനിലായിരുന്നു താരങ്ങളും പരിശീലകരും. ഈ ദിവസങ്ങളിൽ ഓൺലൈനായായിരുന്നു പരിശീലനം.

കളിക്കാർക്ക് മാനസിക പിന്തുണ നൽകാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നു. എല്ലാ ടീമുകളും ടൂർണമെന്റ് ഒഫിഷ്യൽമാരും സംഘാടകരും ഒരു ഹോട്ടലിൽ തന്നെയാണുള്ളത്. കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും റൂമിലായിരിക്കുമ്പോഴും പരിശീലനം നടത്തുമ്പോഴും മാത്രമാണ് മാസ്ക് മാറ്റാൻ അനുവാദം. ഹോട്ടലിലെ 200ലേറെ ജീവനക്കാരും ബയോ ബബിളിൽതന്നെ.

∙ മലയാളികൾ

മുൻ ഇന്ത്യൻ പരിശീലകൻ കൊല്ലം സ്വദേശി ജെ.ഉദയകുമാർ (തമിഴ് തലൈവാസ്), മുൻ ഇന്ത്യൻ താരം കാസർകോട് സ്വദേശി ജഗദീഷ് കുമ്പഴ (തെലുഗു ടൈറ്റൻസ്) എന്നിവരാണ് പരിശീലകരിലെ മലയാളി സാന്നിധ്യം. കളിക്കാരായി ഓൾറൗണ്ടർ സാഗർ ബി.കൃഷ്ണ, റെയ്ഡർ എം.എസ്.അതുൽ (തമിഴ് തലൈവാസ്), ഡിഫൻഡർ ടി.ആദർശ് (തെലുഗു ടൈറ്റൻസ്) എന്നിവരുമുണ്ട്.

∙ ടീമുകൾ

1. പട്ന പൈറേറ്റ്സ്
മൂന്നുവട്ടം ചാംപ്യൻമാർ
ക്യാപ്റ്റൻ – പ്രശാന്ത് കുമാർ റായ് (റെയ്ഡർ)

2. ബംഗാൾ വാരിയേഴ്സ്
കഴിഞ്ഞ സീസൺ ചാംപ്യന്മാർ
ക്യാപ്റ്റൻ – മനീന്ദർ സിങ് (റെയ്ഡർ)

3. ബംഗളൂരു ബുൾസ്
2018ലെ ചാംപ്യൻമാർ
ക്യാപ്റ്റൻ – പവൻ ഷെറാവത് (റെയ്ഡർ)

4. യു മുംബ
2015 ലെ ചാംപ്യൻമാർ
ക്യാപ്റ്റൻ – ഫസേൽ അത്രാചലി (ഇറാൻ – ഡിഫൻഡർ)

5. ജയ്പുർ പിങ്ക് പാന്തേഴ്സ്
2014ൽ ചാംപ്യൻമാർ
ക്യാപ്റ്റൻ – ദീപക് നിവാസ് ഹൂ‍‍ഡ (ഓൾ റൗണ്ടർ)

6. ഗുജറാത്ത് ജയിന്റ്സ്
ഫൈനലിസ്റ്റ് 2017, 2018
ക്യാപ്റ്റൻ – സുനിൽകുമാർ (ഡിഫൻഡർ)

7. ദബാങ് ഡൽഹി
കഴിഞ്ഞ സീസൺ രണ്ടാംസ്ഥാനക്കാർ
ക്യാപ്റ്റൻ – ജോഗീന്ദർ നർവാൽ (ഡിഫൻഡർ)

8. തെലുഗു ടൈറ്റൻസ്
2015 ൽ മൂന്നാം സ്ഥാനക്കാർ
ക്യാപ്റ്റൻ – രോഹിത് കുമാർ (റെയ്ഡർ )

9. പുനേരി പൾട്ടാൻ
2016ൽ മൂന്നാം സ്ഥാനം
ക്യാപ്റ്റൻ– നിതിൻ തോമർ (റെയ്ഡർ)

10. യുപി യോദ്ധ
2017, 2018, 2019 പ്ലേ ഓഫ്
ക്യാപ്റ്റൻ – നിതേഷ് കുമാർ (ഡിഫൻഡർ)

11. ഹരിയാന സ്റ്റീലേഴ്സ്
2017, 2019 പ്ലേയോഫ്
ക്യാപ്റ്റൻ – വികാസ് കണ്ഠോല (റെയ്ഡർ)

12. തമിഴ് തലൈവാസ്
ഇതുവരെ പ്ലോ ഓഫിൽ കടന്നിട്ടില്ല
ക്യാപ്റ്റൻ – സുർ‌ജീത് സിങ് (ഡിഫൻഡർ)

English Summary: Pro Kabaddi League; Season 8 Begins Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com