ADVERTISEMENT

മുംബൈ∙ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ നടൻ സിദ്ധാർഥിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സൈനയുടെ പിതാവാണ് ഇപ്പോൾ നേരിട്ട് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

തന്റെ മകൾക്കെതിരെയുള്ള ട്വീറ്റിലെ ഭാഷയ്ക്ക് അദ്ദേഹം സിദ്ധാർഥിനെ വിമര്‍ശിച്ചു. ബാഡ്മിന്റൻ കോർട്ടിൽ സൈന ഇന്ത്യയ്ക്കായി മെഡലുകൾ നേടിയപ്പോൾ, സിദ്ധാർഥ് രാജ്യത്തിന് നൽകിയ സംഭാവന എന്താണെന്നായിരുന്നു സൈനയുടെ പിതാവ് ഹർവീർ സിങ് നെഹ്‌വാളിന്റെ ചോദ്യം. ദേശീയ മാധ്യമമായ ടൈംസ് നൗവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

‘എന്റെ മകളോട് മോശമായ വാക്കുകൾ ഉപയോഗിച്ചപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. അദ്ദേഹം രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്’? , ഹർവീർ സിങ് ചോദിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രി എത്രത്തോളം സുരക്ഷിതരാണെന്ന് ചോദിക്കുന്ന സൈനയുടെ ട്വീറ്റിനെതിരെ സിദ്ധാർഥ് വിമർശനം ഉന്നയിച്ചതാണ് വിവാദമായത്. അടുത്തിടെ പഞ്ചാബ് സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു സൈനയുടെ ട്വീറ്റ്.

അതേസമയം, സിദ്ധാർഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ വിഷയത്തിൽ അന്വേഷണം നടത്തി കേസ് റജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഡിജിപിക്കും നിർദേശം നൽകിയിരിക്കുകയാണ്. ഇതിനേയും പിതാവ് സ്വാഗതം ചെയ്തു. ഇതിനിടെ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും സ്ത്രീകളെ അപമാനിക്കുന്നതായൊന്നും ട്വീറ്റിലില്ലെന്നും സിദ്ധാർഥ് വിശദീകരിച്ചു.

 

English Summary: Saina Nehwal's father against Siddharth

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com