‘കടംകൊണ്ട’ പരിശീലകർ കാലിക്കറ്റിന് സമ്മാനിച്ചത് ട്രിപ്പിൾ കിരീടം!

calicut-volley-team
കാലിക്കറ്റ് സർവകലാശാലയുടെ വോളി ടീം
SHARE

തൃശൂർ ∙ ഒരൊറ്റ മാസത്തിനുള്ളിൽ 3 അഖിലേന്ത്യാ കിരീടവുമായി കാലിക്കറ്റ് സർവകലാശാലാ കായികവിഭാഗം കരുത്ത് തെളിയിക്കുമ്പോൾ നന്ദി പറയേണ്ടത് താൽക്കാലികക്കാരായ പരിശീലകരോട്. 13 വർഷമായി സർവകലാശാലയ്ക്ക് ഒരു കായികഇനത്തിലും സ്ഥിരം പരിശീലകരില്ല. ചാംപ്യൻഷിപ് ആരംഭിക്കുന്നതിനു മുൻപ് പരിശീലകരെ കരാർ അടിസഥാനത്തിൽ ഏർപ്പാടാക്കിയാണ് വിജയം നേടുന്നത്. സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ), സ്പോർട്സ് കൗൺസിൽ എന്നിവിടങ്ങളിൽനിന്ന് ‘കടമെടുക്കുന്ന’ പരിശീലകരാണ് ടീമിനെ ഒരുക്കുന്നത്. പലപ്പോഴും വിരമിച്ച പരിശീലകരെപ്പോലും കൊണ്ടുവരേണ്ട അവസ്ഥ.

2 ദിവസം മുൻപ് കാലിക്കറ്റിന് 11 –ാം തവണയും അഖിലേന്ത്യാ ഫുട്ബോൾ കിരീടം നേടിക്കൊടുത്ത പരിശീലകൻ സതീവൻ ബാലനും ഇപ്രകാരം പരിശീലകസ്ഥാനത്ത് എത്തിയയാളാണ്.  കഴിഞ്ഞവർഷം സ്പോർട്സ് കൗൺസിലിൽനിന്നു വിരമിച്ചെങ്കിലും സതീവന്റെ മികവ് നേരിട്ട് അനുഭവിച്ചിട്ടുള്ള അധികൃതർ ഇത്തവണയും സതീവനെ ടീമിന്റെ ചുമതല ഏൽപ്പിക്കുകയായിരുന്നു. കാലിക്കറ്റ് ഈ ദിവസങ്ങളിൽ 2 അഖിലേന്ത്യാ കിരീടംകൂടി നേടിയിരുന്നു. പുരുഷ വോളിബോളിലും വനിതാ ബേസ്ബോളിലും. വനിതകളുടെ ഭാരോദ്വഹനത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ഒഡീഷയിൽ രണ്ടാഴ്ച മുൻപ് നടന്ന അഖിലേന്ത്യാ പുരുഷ വോളി നേട്ടം 32 വർഷത്തിനുശേഷമാണ്. ലിജോ വി. ജോണാണ് പരിശീലകൻ. 9 വർഷമായി ലിജോ തന്നെയാണ് കോച്ച്. ആദ്യമായാണ് കിരീടനേട്ടം. നേരത്തെ 2 തവണ ടീം റണ്ണറപ്പായിരുന്നു. കോഴിക്കോട് സായിയിലെ പരിശീലകനാണ് ലിജോ. സതീവൻ ബാലൻ നാലാം തവണയാണ് ടീമിന് അഖിലേന്ത്യാ കിരീടം നേടിക്കൊടുക്കുന്നത്. ഒരുതവണ മൂന്നാംസ്ഥാനത്തും എത്തിച്ചു. ഈ മാസമാദ്യം അസമിലായിരുന്നു  ബേസ്ബോൾ ചാംപ്യൻഷിപ്.     

∙ സ്ഥിരം നിയമനത്തിന് സാങ്കേതികക്കുരുക്ക് 

സ്ഥിരം പരിശീലകരുടെ 13 ഒഴിവാണ് കാലിക്കറ്റിലുള്ളത്. സ്ഥിരം പരിശീലകരിലെ അവസാനത്തെയാളായ വിക്ടർ മഞ്ഞില (പുട്ബോൾ) വിരമിച്ചത് 2009ൽ. അതിനുശേഷം നിയമനം നടന്നിട്ടില്ല. സാങ്കേതികപ്രശ്നമാണ് നിയമനത്തിനു തടസ്സമെന്ന് അധികൃതർ പറയുന്നു. ചട്ടം ഭേദഗതി പ്രശ്നവും കോടതിവിധിയുമാണ് തടസ്സമായി നിൽക്കുന്നത്. സർവകലാശാലാ ചട്ടമനുസരിച്ച് പരിശീലകർക്കുവേണ്ട യോഗ്യത പത്താം ക്ലാസും പരിശീലനത്തിൽ ഡിപ്ലോമയുമാണ്. 55 വയസ്സിലാണ് വിരമിക്കൽ. നിലവിലെ സാഹചര്യത്തിൽ ഇതിൽ മാറ്റം വരുത്തണം. അതിന് ചട്ടം ഭേദഗതി ചെയ്യണം.

സ്ഥിരം പരിശീലകർ ഉണ്ടായിരുന്നപ്പോൾ അവർ സമ്പാദിച്ച കോടതിവിധിയും സർവകലാശാലയെ വെട്ടിലാക്കിയിരുന്നു. പരിശീലകരെ അധ്യാപകരായി കണക്കാക്കണമെന്നും അധ്യാപകരുടേതിനു സമാനമായ ശമ്പളം നൽകണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇതിനു കോടതി അനുമതി ലഭിച്ചതിനാൽ ഡപ്യൂട്ടി റജിസ്ട്രാറുടെ ശമ്പള സ്കെയിലിൽ അവർക്ക് 60 വയസ്സുവരെ സർവീസ് നീട്ടിക്കൊടുത്തിരുന്നു. അധ്യാപകരല്ലാത്തതിനാൽ അസി. പ്രഫസറോ അസോഷ്യേറ്റ് പ്രഫസറോ ആക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിലായിരുന്നു ഡപ്യൂട്ടി റജിസ്ട്രാറുടെ ശമ്പള സ്കെയിൽ അന്ന് നൽകിയത്.

എന്നാൽ യുജിസി വ്യവസ്ഥയിൽ കായികപരിശീലകരുടെ തസ്തികയെക്കുറിച്ച് പരാമർശിക്കുന്നില്ല. പരിശീലകരെ അനധ്യാപകരായി കണക്കാക്കിയാൽ നിയമനം പിഎസ്​സിക്ക് വിടണം. അതിനാൽത്തന്നെ എന്തുചെയ്യണമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതർ. ഇക്കാര്യത്തെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം വൈകാതെ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും സർവകലാശാലാ കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു.

കേരളത്തിലെ മറ്റു സർവകലാശാലകളിലും സമാന സാഹചര്യമാണെന്നു പറയുന്നു. ഈ വർഷം അഖിലേന്ത്യാതലത്തിൽ നിരവധി ഇനങ്ങളിൽ കിരീടസാധ്യതയുണ്ടെന്ന് സക്കീർ ഹുസൈൻ പറഞ്ഞു. ഖോഖോ, ഹാൻഡ്ബോൾ, സോഫ്റ്റ്ബോൾ, പവർ ലിഫ്റ്റിങ്, ബോഡിബിൽ‌ഡിങ് എന്നിവ അതിൽ ചിലത്. പവർ ലിഫ്റ്റിങ്ങിൽ നിലവിലെ ചാംപ്യന്മാരാണ്.

Content Highlights: Calicut University

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA