ADVERTISEMENT

തോമസ് കപ്പ് ബാഡ്മിന്റനുള്ള ഇന്ത്യൻ ടീമിലേക്കു സിലക്‌ഷൻ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണു യുവതാരം ലക്ഷ്യ സെന്നിന്റെ മൊബൈലിൽ ഡെൻമാർക്കിൽനിന്ന് ഒരു വിളിയെത്തുന്നത്. ടോക്കിയോ ഒളിംപിക്സ് ബാഡ്മിന്റൻ ചാംപ്യൻ വിക്ടർ അക്സൽസനായിരുന്നു അങ്ങേത്തലയ്ക്കൽ. ദുബായിൽ രണ്ടാഴ്ചക്കാലം താൻ നടത്തുന്ന പരിശീലനത്തിൽ ചേരാനുള്ള വിക്ടറിന്റെ ക്ഷണം ലക്ഷ്യ സന്തോഷപൂർവം സ്വീകരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പരിശീലത്തിനായി ചെന്നപ്പോൾ സിംഗപ്പൂരിന്റെ ലോ കീൻ യൂവും അവിടെയുണ്ടായിരുന്നു. അന്നു കൈകൊടുത്ത പിരിഞ്ഞ യൂ പിന്നീടു ലോക ചാംപ്യനായി. ആ യൂവിനെ അട്ടിമറിച്ചാണ് ഇരുപതുകാരൻ ലക്ഷ്യ കഴിഞ്ഞ ദിവസം ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റനിൽ ജേതാവായത്. കളത്തിലെ വീറും വാശിയും കളത്തിനു പുറത്തു മായ്ച്ചു കളയുന്ന നല്ല സുഹൃത്തുക്കളാണ് ഇരുവരും.

 

നേട്ടങ്ങളുടെ മൂന്നര മാസം

ദുബായ് പരിശീലനത്തിനുശേഷം മിന്നൽ ഫോമിലായിരുന്നു ലക്ഷ്യ. ലോക ചാംപ്യൻഷിപ്പിൽ വെങ്കലം. ഡച്ച് ഓപ്പണിൽ 2–ാം സ്ഥാനം. ഹൈലോ ഓപ്പണി‍ൽ സെമിയിലെത്തി. ഒടുവിൽ, ഇന്ത്യൻ ഓപ്പണിൽ കിരീടം. ഈ സീസണിലെ ആദ്യ ടൂർണമെന്റായ ഇന്ത്യൻ ഓപ്പണിൽ കിരീടം നേടിയതോടെ നിലവിലെ 17–ാം റാങ്കിൽനിന്ന് ഇനിയും മുന്നേറാനാണു സാധ്യത. ഒക്ടോബർ മുതൽ തുടർച്ചയായി മത്സരിക്കുന്നതിനാൽ ഇന്നു തുടങ്ങുന്ന സയ്യിദ് മോദി ടൂർണമെന്റിൽനിന്നു പിൻമാറുകയാണെന്നു ലക്ഷ്യ ഇന്നലെ അറിയിച്ചിട്ടുണ്ട്.

 

മലയാളി കോച്ച്

മലയാളി ഒളിംപ്യൻ യു.വിമൽകുമാറിനു കീഴിൽ ബെംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിലാണു ലക്ഷ്യയുടെ പരിശീലനം. വിമൽകുമാർ പറയുന്നു: ‘10–ാം വയസ്സിലാണു ലക്ഷ്യ ഇവിടെയെത്തുന്നത്. അന്നേ അവന്റെ പ്രതിഭ ഞങ്ങൾ തിരിച്ചറിഞ്ഞു. 2018ൽ ഏഷ്യൻ ജൂനിയർ ചാംപ്യനായി. പിന്നാലെ യൂത്ത് ഒളിംപിക്സിൽ വെള്ളി. കോവിഡ് ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ 2 വർഷം  മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നു. ഭാവിയുടെ താരമാണു ലക്ഷ്യ. ഇനി  റാങ്കിങ്ങിൽ മുന്നേറണം, ടൂർണമെന്റ് വിജയങ്ങൾ നേടണം. പാരിസ് ഒളിംപിക്സിനെപ്പറ്റി ഞാൻ ഇപ്പോൾ പറയുന്നില്ല. നമുക്കു പ്രതീക്ഷയോടെ കാത്തിരിക്കാം...’

English Summary: India Open 2021: Lakshya Sen beats world champion Loh Kean Yew in final, wins title on tournament debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com