ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റും രാജ്യാന്തര ഹോക്കി ഫെഡറേഷൻ അധ്യക്ഷനുമായ നരീന്ദർ ബത്ര, ടീം മാനേജ്മെന്റിനോടു വിശദീകരണം തേടി. 41 വർഷത്തിനു ശേഷം ഒളിംപിക്സ് മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ ടീം പിന്നീടു മോശം ഫോമിലേക്കു കൂപ്പുകുത്തിയതിനു കാരണം കണ്ടെത്തണമെന്നാണു ബത്രയുടെ ആവശ്യം. ഹോക്കി ഇന്ത്യ പ്രസിഡന്റ് ഗ്യാനേന്ദ്രോ നിൻഗോംബാമിനുള്ള കത്തിൽ സെക്രട്ടറി ജനറൽ രജീന്ദർ സിങ്, സിഇഒ: എലീന നോർമൻ എന്നിവർക്കും കോപ്പി വച്ചിട്ടുണ്ട്.

കളിക്കാരുടെ പ്രശ്നമല്ലെന്നും ടീമിനെ വേണ്ടവിധം കൈകാര്യം ചെയ്യാത്തതാണ് കാരണമെന്നുമാണു കത്തിൽ ബത്ര നൽകുന്ന സൂചന. ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ടീമിനു ഡിസംബറിൽ ബംഗ്ലദേശിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ കിരീടം നിലനിർത്താനായില്ല. ദക്ഷിണാഫ്രിക്കയിൽ എഫ്ഐഎച്ച് പ്രൊ ഹോക്കി ലീഗിൽ കഴിഞ്ഞ ദിവസം, ഇന്ത്യയെക്കാൾ താഴ്ന്ന റാങ്കിലുള്ള ഫ്രാൻസിനോടും തോറ്റു. ഈ തോൽവിയാണു ടീം മാനേജ്മെന്റിനു കത്തെഴുതാൻ ബത്രയെ പ്രേരിപ്പിച്ചത്.

പ്രൊ ഹോക്കി ലീഗിൽ ദക്ഷിണാഫ്രിക്കയിൽ ഈ മാസം 4 കളിയിൽ ഇന്ത്യ മൂന്നെണ്ണം ജയിച്ചു. ദക്ഷിണാഫ്രിക്കയെ രണ്ടുവട്ടം തോൽപിച്ച ഇന്ത്യ ഫ്രാൻസിനെതിരെ ആദ്യമത്സരത്തിൽ 5–0 വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം 5–2ന് ഇന്ത്യ തോറ്റു. ടീമിന്റെ സ്ഥിരതയില്ലായ്മയ്ക്കു കാരണം കണ്ടെത്തി തന്നെ അറിയിക്കണമെന്നാണ് ശക്തമായ ഭാഷയിലുള്ള കത്തിലെ ഉള്ളടക്കം.

English Summary: IOA Chief Narinder Batra Asks Hockey India to Explain Men's Team's 'Unacceptable' Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com